കേരളം

kerala

അധികമാർക്കും അറിയാത്ത 'റെയിൽവേ മാൻ'; ടിടിഇ വിനോദിനെ ഓർത്ത് 'പാപ്പൻ' തിരക്കഥാകൃത്ത് - RJ Shaan about tte and actor vinod

By ETV Bharat Kerala Team

Published : Apr 3, 2024, 8:07 PM IST

തള്ളി ഇട്ടവനോടുള്ള അമർഷം അടക്കിവച്ച്, പ്രിയ സുഹൃത്തായ വിനോദിനെ കുറിച്ച് മാത്രം ഓർക്കുന്ന കുറിപ്പ് എന്ന അടിക്കുറിപ്പോടെയാണ് ആര്‍ ജെ ഷാന്‍ കുറിപ്പ് പങ്കുവച്ചത്

RJ SHAAN FACEBOOK POST  TTE VINOD MOVIES  TTE VINOD MURDER  TTE KILLED BY PASSENGER
RJ Shaan about vinod

ദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട ടിടിഇയും നടനുമായ വിനോദിന്‍റെ ഓർമകളിൽ സംവിധായകനും സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍. വിനോദുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് പ്രശസ്‌ത റേഡിയോ ജോക്കി കൂടിയായിരുന്ന ആര്‍ ജെ ഷാന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. പാപ്പന്‍‌ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ആര്‍ ജെ ഷാന്‍.

തനിക്കറിയാവുന്ന മലയാള സിനിമയിലെ അധികം ആർക്കും അറിയാത്ത റെയിൽവേ മാനായിരുന്നു വിനോദെന്ന് ആര്‍ ജെ ഷാന്‍ കുറിച്ചു. നമുക്ക് എന്നെങ്കിലും ഒരുമുഴനീള പടം ട്രെയിനിൽ വച്ച് എടുക്കണമെന്ന് വിനോദ് പറയാറുണ്ടെന്നും അങ്ങനെ ഒരു കഥ തന്‍റെ ചിന്തയിൽ ഉണ്ടായിരുന്നു എന്നും ആര്‍ ജെ ഷാന്‍ പറയുന്നു.

ആര്‍ ജെ ഷാന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:'എനിക്കറിയാവുന്ന മലയാള സിനിമയിലെ അധികം ആർക്കും അറിയാത്ത റെയിൽവേ മാനായിരുന്നു വിനോദ്. അയാളുടെ ചങ്ങാത്തത്തിന്‍റെ തീവണ്ടിയിൽ സെറ്റിലെ എല്ലാർക്കും ഒരു ടിക്കറ്റു ഉറപ്പായിരുന്നു. കൂട്ടത്തിൽ ഏതോ ഒരു സീറ്റിൽ ഞാനും സഞ്ചരിച്ചിട്ടുണ്ട്.

പാപ്പനിൽ തുടങ്ങിയതാണ് ഞങ്ങളുടെ പരിചയം. ഇരുട്ടിൽ ഇരട്ടത്തല കത്തിയുമായി ചാക്കോ എന്ന സീരിയൽ കില്ലർ കുത്താൻ ഓങ്ങുമ്പോൾ പേടിച്ചു കരയുന്ന മരത്തിൽ കെട്ടിയിട്ട വിക്‌ടിം. അത് ദൂരെ മാറി നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രം എബ്രഹാം കാണുന്നു. അതായിരുന്നു രംഗം.

ജോഷി സാറാണ് ആ വേഷം ചെയ്യാൻ വിനോദിനെ വിളിക്കാം എന്ന് പറഞ്ഞതും. അയാൾ ആരാണ്, എന്തിനാണ് അയാളെ മരത്തിൽ കെട്ടിയിട്ടത്, എന്തിനാണ് ചാക്കോ അയാളെ കൊല്ലുന്നത് എന്ന് കൗതുകത്തോടെ ആ വേഷം അഭിനയിക്കാൻ വന്ന വിനോദ് എന്നോട് ചോദിച്ചു. ഒരു ചെറിയ സീനാണെങ്കിലും ടോർച്ചിന്‍റെ വെട്ടത്തിൽ വിരണ്ടു അലറുന്ന വിനോദിന്‍റെ നിലവിളി തിയേറ്ററിൽ ഒരു നിമിഷത്തേക്ക് ഭീതി സമ്മാനിച്ചിരുന്നു. വിനോദ് അത് ഭംഗി ആയി ചെയ്‌തു.

വിനോദുമായുള്ള അടുപ്പം, ട്രെയിനിൽ വെച്ച് പരിച്ചയപെടുന്ന ചില അപരിചിത സഹയാത്രികരോടുള്ള സൗഹൃദം പോലെ ആണ്. പിന്നീട് വല്ലപ്പോളും ഒരിക്കൽ കണ്ടു മുട്ടും, പക്ഷെ ആ കാഴ്‌ച ഊഷ്‌മളമായിരിക്കും! വീണ്ടും 'ആന്‍റണി'യിൽ അഭിനയിക്കാൻ വന്നു. കണ്ടു. സംസാരിച്ചു. പിരിഞ്ഞു.

അധികം ഒന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല, സംസാരിച്ചതത്രെയും യാത്രകളെ കുറിച്ചാണ്. സിനിമയും അഭിനയവും അഭിനിവേശവും വിനോദ് നിർത്താതെ പറയുമായിരുന്നു. കൂടെ ഉണ്ടാകും എന്ന തോന്നൽ തന്നുകൊണ്ടേ ഇരുന്ന ഒരു മനുഷ്യൻ.

ഇന്ത്യൻ റെയിൽവേ എനിക്ക് പലപ്പോളും ടെലിഫോൺ പോസ്റ്റിൽ കുരുങ്ങി കിടക്കുന്ന കേബിളുകൾ പോലെ സങ്കീർണമായ ഒരു കുടുക്കാണ്. അപ്പോളൊക്കെ വഴി കാട്ടി ആയി വരുന്നത് വിനോദ് ആയിരുന്നു. ഒന്നല്ല പല വട്ടം. ഉത്തരേന്ത്യയിലെ ട്രെയിനിനകത്താണ് പ്രശ്‌നമെങ്കിലും ഉത്തരവും ആയി വിനോദിന്‍റെ വോയിസ് നോട്ട് ഫോണിലെത്തും. 'യമണ്ടൻ' സംശയങ്ങൾക്ക് പോലും വളരെ ഗൗരവത്തോടെ മറുപടി തരുന്ന വിനോദിന്‍റെ ശബ്‌ദം ഇപ്പോളും വാട്‌സ് ആപ്പ് ചാറ്റിലുണ്ട്.

താൻ മാത്രമല്ല ഇന്ത്യൻ റെയിൽവേ സ്‌ക്രീനിൽ വരുമ്പോളും വിനോദിന് അഭിമാനമാണ്. സിനിമയെ സ്നേഹിച്ചതു പോലെ അയാൾ സിനിമയിലെ ട്രെയിൻ സീക്വൻസുകളേയും സ്നേഹിച്ചിരുന്നു. നമുക്ക് എന്നെങ്കിലും കമ്പ്ലീറ്റ് ട്രെയിനിൽ വെച്ച് ഒരു പടം എടുക്കണം. വിനോദ് പറയും. അങ്ങനെ ഒരു കഥ ചിന്തയിലും ഉണ്ടായിരുന്നു. അതിൽ ടി ടി ഇ ആകേണ്ടതും വിനോദ് ആയിരുന്നു.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെങ്കോട്ട റെയിൽ പാതയിലൂടെ, ഒരിക്കൽ ഒരുമിച്ചു യാത്ര ചെയ്യണം, ആ യാത്രയിൽ കുറെ റെയിൽവേ കഥകൾ പങ്കുവെക്കാനുണ്ട് എന്ന് ഇടക്കിടക്ക് വിനോദ് ഓർമിപ്പിക്കും. 'സമയം ഉണ്ടല്ലോ' എന്ന് ഞാനും പറയും. സമയമില്ലായിരുന്നു.

അടിക്കുറുപ്പ് : തള്ളി ഇട്ടവനോടുള്ള അമർഷം അടക്കി വെച്ച്, പ്രിയ സുഹൃത്ത് വിനോദിനെ കുറിച്ച് മാത്രം ഓർക്കുന്ന കുറിപ്പ് !'

തൃശൂർ വെളപ്പായയിൽ എന്ന പ്രദേശത്ത് വച്ച് തിങ്കളാഴ്‌ച വൈകുന്നേരം ഏഴുമണിയോടെയാണ് എറണാകുളം പാട്‌ന എക്‌സ്‌പ്രസ്(22643) ട്രെയിനിൽ നിന്നും ടിടിഇ കെ വിനോദിനെ യാത്രക്കാരനായ അതിഥി തൊഴിലാളി രജനികാന്ത തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ക്രൂരകൊലപാതകം നടന്നത്. രജനികാന്തയുടെ തള്ളലിൽ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിൻ്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു.

ASLO READ:വിനോദിന് ആദരാഞ്ജലി അ‍ർപ്പിച്ച് മോഹൻലാൽ

ABOUT THE AUTHOR

...view details