ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇയും നടനുമായ കെ വിനോദിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ ഉൾപ്പടെയുള്ള പ്രമുഖർ. സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ വിനോദിന് ആദരാഞ്ജലി നേര്‍ന്നത്.
സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ എന്ന് മോഹൻലാൽ കുറിച്ചു. നടൻ കലാഭവൻ ഷാജോണും കൊല്ലപ്പെട്ട വിനോദിന് ആദരാഞ്ജലി അർപ്പിച്ച് എത്തിയിട്ടുണ്ട്. 15 ഓളം ചലച്ചിത്രങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.
ആഷിഖ് അബുവിന്‍റെ മമ്മൂട്ടി ചിത്രം 'ഗാങ്‌സ്റ്ററി'ലൂടെയാണ് ഇദ്ദേഹം സിനിമ ലോകത്തേക്ക് എത്തുന്നത്. ആഷിഖ് അബുവിന്‍റെ സഹപാഠിയായിരുന്നു വിനോദ്. വിനോദ് കണ്ണന്‍ എന്ന പേരിലായിരുന്നു ഇദ്ദേഹം ചലച്ചിത്ര ലോകത്ത് അറിയപ്പെട്ടിരുന്നത്.
മോഹൻലാൽ നായകനായ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്. 'ഒപ്പം' സിനിമയില്‍ ഡിവൈഎസ്‌പിയുടെ വേഷമാണ് വിനോദ് അവതരിപ്പിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യൂ, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24x7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നിവയാണ് വിനോദ് അഭിനയിച്ച മറ്റ് സിനിമകൾ.
അതേസമയം ഒഡിഷ സ്വദേശി രജനീകാന്തയാണ് വിനോദിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ക്രൂരകൊലപാതകം. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ALSO READ: ജീവിച്ച് കൊതി തീരാത്ത പുതിയ വീട്ടിലേക്ക് ജീവനറ്റ് വിനോദെത്തും; വിയോഗം ഉള്‍ക്കൊള്ളാനാകാതെ ബന്ധുക്കൾ