കേരളം

kerala

'പൗരത്വ ഭേദഗതി ഹിന്ദുത്വ രാഷ്ട്രീയ അജണ്ട, ഇത് ജനാധിപത്യത്തെ ദുര്‍ബലമാക്കും': എംവി ഗോവിന്ദന്‍

By ETV Bharat Kerala Team

Published : Mar 12, 2024, 5:10 PM IST

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വർഗീയ ദുർവീകരണം സൃഷ്‌ടിച്ച് വോട്ട് നേടാനെന്നും കുറ്റപ്പെടുത്തല്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം.

MV Govindhan Criticized BJP  CPM State Secretary MV Govindhan  MV Govindhan About CAA  പൗരത്വ ഭേദഗതി നിയമം
CPM State Secretary MV Govindhan Criticized BJP

എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇവിടെ പൗരത്വവുമായി ബന്ധപ്പെട്ട് മതത്തിന്‍റെ അടിസ്ഥാനത്തിൽ വേർതിരിവില്ല. മതത്തിന്‍റെ പേരിൽ പൗരത്വത്തെ വേർതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും ജനവിഭാഗത്തിന് എതിരല്ല ഈ നീക്കം. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള നീക്കമാണിതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളെ വർഗീയമായി ദ്രുവീകരിച്ച് കോർപറേറ്റ് താത്പര്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് ഇടത് സർക്കാരും പാർട്ടി സംസ്ഥാന കമ്മിറ്റിയും വ്യക്തമാക്കി. ബിജെപിക്കെതിരെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഒന്നിക്കുമ്പോൾ പൗരത്വ നിയമം കൊണ്ടു വരുന്നത് വർഗീയ ദുർവീകരണം സൃഷ്‌ടിച്ച് വോട്ട് ലാഭം നേടാനാണ്.

കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിൽ വരുന്നത്. കള്ളപ്പണം പിടിച്ചെടുക്കുന്നതിന് പകരം ബിജെപി ഇലക്‌ടറൽ ബോണ്ടാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി മാറി ബിജെപി വിരുദ്ധ വോട്ടുകൾ നേടാനാണ് ഇന്ത്യ മുന്നണിയിൽ ഇടതുപക്ഷം ലക്ഷ്യമിട്ടത്. എന്നാൽ കോൺഗ്രസിന്‍റെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും കേരളത്തിൽ വന്ന് മത്സരിക്കുന്നു. ബിജെപിക്കെതിരെ കോൺഗ്രസിന് ശക്തമായ നിലപാട് സ്വീകരിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വായ്‌പ പരിധി കേസ് വിധി സർക്കാരിന് അനുകൂലം: വായ്‌പ പരിധി കേസിൽ സുപ്രീംകോടതി വിധി സർക്കാരിന് അനുകൂലമെന്ന് എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കേരളത്തോട് ശക്തമായ അവഗണനയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നത് സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ വ്യക്തമാണ്. വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചത് കേരള വിരുദ്ധ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകൾ പിൻവലിക്കും: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാരകമായ കേസുകൾ ഒഴികെ ബാക്കി പിൻവലിക്കാനാണ് സർക്കാർ തീരുമാനം.

സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർക്ക് നേരെയും കേസുണ്ട്. ഗുരുതരമായ കേസുകൾ പിൻവലിക്കാനാവില്ല. 249 കേസുകൾ റഫർ ചെയ്‌ത് വരുന്നു. ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന വ്യാഖ്യാനം വേണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details