കേരളം

kerala

'ക്ഷേമപെന്‍ഷന്‍ കുടിശിക നല്‍കാതെ പാവപ്പെട്ടവരെ കണ്ണീരിലാഴ്ത്തുകയാണ്‌ മുഖ്യമന്ത്രി' :എംഎം ഹസൻ - MM Hassan against CM

By ETV Bharat Kerala Team

Published : Apr 8, 2024, 6:50 PM IST

ഒരു വര്‍ഷമായി ക്ഷേമപെന്‍ഷന്‍ കുടിശികയാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ 3200 രൂപ നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എംഎം ഹസൻ

WELFARE PENSION ARREARS  MM HASSAN  CM PINARAYI VIJAYAN  ക്ഷേമപെന്‍ഷന്‍ എംഎം ഹസൻ
MM HASSAN AGAINST CM

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ 8000 രൂപ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3200 കൊടുത്തത് വലിയ സംഭവമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരില്‍ ചവിട്ടിനിന്നാണെന്ന് മറക്കരുതെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ്‌ എംഎം ഹസൻ. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും ആര്‍ഭാടത്തിന് ഒരു മുടക്കവും ഇല്ലാത്തപ്പോഴാണ് ക്ഷേമപെന്‍ഷന്‍ കുടിശിക മുഴുവന്‍ നല്‍കാതെ പാവപ്പെട്ടവരുടെ വിഷുവും ഈസ്‌റ്ററും റംസാനും കണ്ണീരിലാഴ്ത്തിയതെന്നും ഹസൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രവിഹിതം നല്‍കുന്നതില്‍ വീഴ്‌ചയുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്ന 6.88 ലക്ഷം പേര്‍ക്ക് ഒരു വര്‍ഷമായി ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ 3200 രൂപ നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹസൻ ആരോപിച്ചു.

അടുത്ത ഗഡു ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് വരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട 62 ലക്ഷം പേര്‍ മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കും. ഇലക്‌ടറല്‍ ബോണ്ടിലൂടെയും സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെയും സമാഹരിച്ച കോടാനുകോടികള്‍ ബിജെപിയും സിപിഎമ്മും മത്സരിച്ച് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനിടയ്ക്കാണ് പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരെ ഇവർ മറക്കുന്നത്.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപം തിരികെ കിട്ടാന്‍ ഇടത് എംപി സന്തോഷ് കുമാറിന്‍റെ സഹോദരി വരെ സമരം നടത്തുകയാണ്. നിക്ഷേപകര്‍
പല സഹകരണ ബാങ്കുകളുടെയും മുന്നില്‍ സമരത്തിലാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ മാവേലി സ്‌റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നും സാധനങ്ങളുടെ തീപിടിച്ച വിലയും ഉത്സവനാളുകളെ ദുരിതകാലമാക്കിയെന്നും കേരളത്തിന്‍റെ ചരിത്രത്തില്‍ ഇങ്ങനെയൊന്നും കേട്ടുകേൾവിയില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:റംസാൻ-വിഷു ആഘോഷത്തിന് മുമ്പൊരു സന്തോഷ വാര്‍ത്ത; ക്ഷേമ പെൻഷന്‍ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും

ABOUT THE AUTHOR

...view details