കേരളം

kerala

ആലുവയിൽ ഗുണ്ട ആക്രമണം: മുൻ പഞ്ചായത്ത് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ചു, ആറു പേർക്ക് പരിക്ക്; നാല് പേർ പിടിയിൽ - ALUVA GANGSTER ATTACK ARREST

By ETV Bharat Kerala Team

Published : May 1, 2024, 5:26 PM IST

മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ മൊഴി.

GANGSTER ATTACK IN ALUVA  ആലുവയിൽ ഗുണ്ട ആക്രമണം  ALUVA GANGSTER ATTACK  ഗുണ്ട ആക്രമണത്തിൽ പരിക്കേറ്റു
Aluva Gangster Attack: Six Injured and Four Accused Arrested

ആലുവയിലെ ഗുണ്ട ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

എറണാകുളം: ആലുവയിലെ ചൊവ്വരയിൽ ഗുണ്ട ആക്രമണം. സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. കബീർ, സിറാജ്, ഫൈസൽ, സുനീർ എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. ഇന്നലെ (ഏപ്രിൽ 30) രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വരയിൽ റോഡിൽ നിൽക്കുകയായിരുന്നവർക്ക് നേരെയാണ് ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. കാറിലും ബൈക്കിലുമെത്തിയ സംഘം മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്. ആക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പറായ സുലൈമാനെയും സംഘം ആക്രമിച്ചു.

സുലൈമാനെ അക്രമികൾ ചുറ്റിക കൊണ്ട് ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിൽ നിൽക്കുകയായിരുന്ന തങ്ങൾക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി വന്ന സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.

ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണ സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും പ്രതികളിലൊരാളായ കബീറിനെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ആക്രമണം ആസൂത്രിതമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കാക്കനാട്, അരൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. നേരത്തെ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഗുണ്ട ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആലുവ പൊലീസ് കേസെടുത്തത്. മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നടുറോഡിൽ ഒരു സംഘമാളുകൾ ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയാലാണ്.

Also Read: ഗുണ്ട ആക്രമണം : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു

ABOUT THE AUTHOR

...view details