കേരളം

kerala

ലക്ഷ്വറി യാത്ര, ഡിജെ പാര്‍ട്ടി, തീര്‍ഥാടനം; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് - First private train from kerala

By ETV Bharat Kerala Team

Published : May 4, 2024, 4:00 PM IST

Updated : May 4, 2024, 4:16 PM IST

മുംബൈ, ഗോവ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള സ്വകാര്യ ടൂര്‍ പാക്കേജുകള്‍ നടത്തുന്നത്.

PRIVATE TRAIN KERALA  GOA MUMBAI AYODHYA TRAIN PACKAGE  ആദ്യ സ്വകാര്യ ട്രെയിന്‍ കേരളം  ടൂര്‍ പാക്കേജ് ട്രെയിന്‍ കേരളം
First private train service from kerala starts from thiruvnanthapuram (Source : Etv Bharat Network)

തിരുവനന്തപുരം : ദക്ഷിണേന്ത്യയില്‍ ചെന്നൈക്ക് ശേഷം ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയ ആദ്യ സ്വകാര്യ ട്രെയിന്‍ ജൂണ്‍ 4-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിക്കും. ചെന്നൈ ആസ്ഥാനമായ എസ്.അര്‍.എം.പി.ആര്‍ ഗ്ലോബല്‍ റെയില്‍വേസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി ആസ്ഥാനമായ പ്രിന്‍സി റെയില്‍ ടൂര്‍സ് എന്നീ സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിലാണ് മുംബൈ, ഗോവ, അയോദ്ധ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള ടൂര്‍ പാക്കേജുകള്‍.

റെയില്‍വേ ടൂറിസം പദ്ധതിയായ ഭാരത് ഗൗരവിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ പങ്കാളിത്തതോടെ ആരംഭിക്കുന്ന ട്രെയിനാണ് ജൂണില്‍ സര്‍വീസ് ആരംഭിക്കുന്നത്. ജൂണ്‍ 4-ന് തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്കാണ് ആദ്യ സര്‍വീസ്. തുടര്‍ന്ന് ജൂണ്‍ 12-ന് തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്കും ജൂലൈ 10- ന് തിരുവനന്തപുരത്ത് നിന്നും അയോദ്ധ്യയിലേക്കും സര്‍വീസ് നടത്തും.

തിരുവനന്തപുരത്ത് നിന്നും ഗോവിയിലേക്കും മുംബൈയിലേക്കുമുള്ള സര്‍വീസുകള്‍ 4 ദിവസത്തെ ടൂര്‍ പാക്കേജാണ്. അയോദ്ധ്യയിലേക്കുള്ള ടൂര്‍ പാക്കേജ് 8 ദിവസത്തേക്കാണ്. ഇന്നലെ ബുക്കിങ് ആരംഭിച്ചതിന് ശേഷം 200 ഓളം പേര്‍ ടൂര്‍ പാക്കേജിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടുവെന്ന് പ്രിന്‍സ് റെയില്‍ ടൂര്‍സ് പ്രതിനിധി ദേവിക ഇടിവി ഭാരതിനോട് പറഞ്ഞു.

ആവശ്യക്കാര്‍ ഏറെ ഗോവയ്ക്ക് :

ബുക്കിങ് ആരംഭിച്ചത് മുതല്‍ ഗോവയുടെ ടൂര്‍ പാക്കേജിനാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വന്നതെന്ന് ടൂര്‍ കമ്പനി പ്രതിനിധി പറയുന്നു. 4 ദിവസത്തെ ടൂര്‍ പാക്കേജില്‍ ഗോവയിലെ 'ബിഗ് ഡാഡി', 'ഡെല്‍റ്റീന ഗോവ' ചൂതാട്ട കേന്ദ്രങ്ങളും ബോട്ട് ഡിജെ പാര്‍ട്ടിയും മറ്റ് കാഴ്‌ചകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോണ്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 13,999 രൂപയും 3 ടയര്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 15,150 രൂപയും 2 ടയര്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 16,400 രൂപയുമാണ് ഒരാളുടെ ചാര്‍ജ്. എ.സി ഡീലക്‌സ് റൂമിലെ താമസവും ഭക്ഷണവും ഉള്‍പ്പെട്ട ഫീസാണിത്. ആദ്യ സര്‍വീസ് ജൂണ്‍ 4-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും.

മുംബൈയിലെ ബോളിവുഡ് കാഴ്‌ചകള്‍ :

ബോളിവുഡ് സിനിമാ മേഖലയുടെ കാഴ്‌ചകളാണ് പ്രധാനമായും മുംബൈ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുംബൈ നഗര കാഴ്‌ചകളും ബോളിവുഡ് താരങ്ങളുടെ വീടുകളും ഉള്‍പ്പെട്ടതാണ് പാക്കേജ്. നോണ്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 13,999 രൂപയും 3 ടയര്‍ കംപാര്‍ട്ട്‌മെന്‍റിന് 15,150 രൂപയും 2 ടയര്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 16,400 രൂപയുമാണ് ചാര്‍ജ്. താമസവും ഭക്ഷണവും ഉള്‍പ്പെടെയാണിത്. ആദ്യ സര്‍വീസ് ജൂണ്‍ 12-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും.

തീര്‍ത്ഥാടനത്തിന് അയോദ്ധ്യ പാക്കേജ് :

രാമക്ഷേത്രത്തിലേക്കുള്ളതാണ് അയോദ്ധ്യ പാക്കേജ്. 8 ദിവസത്തെ ഈ തീര്‍ത്ഥാടന യാത്ര പാക്കേജിനാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, റാം ലല്ല ദര്‍ശന്‍, സരയു ആരതി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, അന്നപൂര്‍ണ്ണ ക്ഷേത്രം, ബോട്ട് സവാരി, ഗംഗാ ആരതി സന്ദര്‍ശനം, പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ്.

നോണ്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 30,550 രൂപയും 3 ടയര്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 33,850, 2 ടയര്‍ എ.സി കംപാര്‍ട്ട്‌മെന്‍റിന് 37,150 രൂപയുമാണ് ഒരാള്‍ക്കുള്ള ചാര്‍ജ്. 8 ദിവസത്തെ ടൂര്‍ പാക്കേജിന്‍റെ ഭക്ഷണവും താമസവും ഉള്‍പ്പെടെയാണ് ചാര്‍ജ്. ആദ്യ സര്‍വീസ് ജൂലൈ 10-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും. മൂന്ന് ടൂര്‍ പാക്കേജുകളുടെയും ആദ്യ ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന സമയം യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയ ശേഷം അറിയിക്കും.

ബുക്കിംഗിനായി 808902114, 8089031114, 8089041114 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം. യാത്രകാര്‍ക്ക് സൗജന്യ ട്രാവല്‍ ഇന്‍ഷുറന്‍സും പാക്കേജിനോടൊപ്പം നല്‍കുന്നുണ്ട്. ഐ.ആര്‍.സി.ടി.സി ബുക്കിംഗ് ആപ്പ് വഴിയും ട്രെയിന്‍ ബുക്ക് ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തതോടെയുള്ള പദ്ധതിയില്‍ റെയില്‍വേ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ നിയന്ത്രണം ഇന്ത്യന്‍ റെയില്‍വേക്കാണ്.

Also Read :രാത്രി യാത്രകള്‍ ഇനി വേറെ ലെവല്‍; കേരളത്തില്‍ ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ - Double Decker Train Kerala

Last Updated : May 4, 2024, 4:16 PM IST

ABOUT THE AUTHOR

...view details