കേരളം

kerala

നവീകരിച്ച സിഎംഒ പോർട്ടലിൻ്റെ ഉദ്ഘാടനം നാളെ; മുഖ്യമന്ത്രി നിർവഹിക്കും

By ETV Bharat Kerala Team

Published : Mar 3, 2024, 10:51 PM IST

പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കുന്ന രീതിയിലാണ് പോർട്ടൽ നവീകരിച്ചിരിക്കുന്നത്.

സിഎംഒ പോർട്ടൽ  പിണറായി വിജയൻ  Reinnovated CMO portal  New CMO Portal inauguration
സിഎം ഒ പോര്‍ട്ടല്‍

തിരുവനന്തപുരം: നവീകരിച്ച സിഎംഒ പോർട്ടലിൻ്റെ ഉദ്ഘാടനം പിണറായി വിജയൻ നാളെ നിർവഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടുതൽ സുതാര്യവും ലളിതവും ആകുന്ന രീതിയിലാണ് പോർട്ടൽ പരിഷ്‌കരിക്കുന്നത്. പോർട്ടലിൽ മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും, നവീകരിച്ച ലാൻ്റിംഗ് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തൽസ്ഥിതി അറിയുന്നതിന് ബന്ധപ്പെട്ട ഓഫീസിലെ ചാർജ്ജ് ഓഫീസറുടെ വിവരങ്ങൾ ഇനി പോർട്ടൽ വഴി അറിയാൻ കഴിയും. പൊതുജനങ്ങൾക്ക് തങ്ങൾ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നതിനും, മുൻകൂട്ടി അപ്പോയിമെൻ്റ് എടുക്കുന്നതിനുമുള്ള സംവിധാനവും കൂട്ടിചേർക്കുന്നുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുളള സംവിധാനവും ഉടൻ യാഥാർത്ഥ്യമാകും.

നാളിതുവരെ ലഭിച്ച പരാതികളെ സംബന്ധിച്ച വിവരങ്ങളും, ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിനായി ലഭിച്ച അപേക്ഷകളുടെ വിവരങ്ങളും, അവയിൽ നടപടി പൂർത്തിയായവ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. ഓൺലൈനായി പരാതികൾ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് പൊതുജനങ്ങൾക്ക് മനസിലാക്കാനായി തയ്യാറാക്കിയ വീഡിയോയുടെ ടൂട്ടോറിയലും പോർട്ടലിൽ ലഭ്യമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയും ലഭ്യമാക്കും.

ലഭിച്ചതും തീർപ്പാക്കിയതുമായ പരാതികളുടെ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ നവീകരിച്ച പോർട്ടലിലുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ടി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിന് ഇ-ഹെൽത്ത് സോഫ്റ്റ് വെയറിലും, അത്തരത്തിൽ തയ്യാറാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സിഎംഒ പോർട്ടലിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുവഴി ഇ-ഹെൽത്ത് പ്രവർത്തനക്ഷമമായ ആശുപത്രികളിലെ ഡോക്‌ടർമാർക്ക് ഇ-ഹെൽത്തിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് മൊഡ്യൂൾ ഉപയോഗിച്ച് തങ്ങൾ ചികിത്സിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കാനാകും. രോഗിയുടെ രോഗവിവരങ്ങളും ചികിത്സകൾ സംബന്ധിച്ച വിവരങ്ങളും ഇ-ഹെൽത്ത് സോഫ്റ്റ് വെയറിൽ ലഭ്യമായതിനാൽ ഡോക്‌ടർമാർക്ക് സുഗമമായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാകും.

ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായത്തിനായി ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്‌ടറുടെ വിവരങ്ങൾ പരിശോധിക്കാൻ നിലവിൽ സംവിധാനമില്ല. എന്നാൽ ഇതിനൊരു പരിഹാരമായി മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ നമ്പരും, കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൻ്റെ ഡാറ്റാ ബേസിലെ വിവരങ്ങളും ഒത്തു നോക്കി കേരളത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഡോക്‌ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത പരിശോധിക്കുന്ന സംവിധാനവും കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിന്‍റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ പോർട്ടലിന് രാജ്യത്തെ മികച്ച പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

Also read: നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമല്ല, മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി

ABOUT THE AUTHOR

...view details