കേരളം

kerala

ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് ഇന്ന് തുടക്കം

By ETV Bharat Kerala Team

Published : Mar 6, 2024, 10:25 AM IST

ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആരംഭിക്കും. നവകേരള സദസ്സിന്‍റെ തുടർച്ചയായാണ് പരിപാടി

Chief Minister Pinarayi Vijayan  മുഖാമുഖം പരിപാടി  തിരുവനന്തപുരം  ന്യൂനപക്ഷ വിഭാഗങ്ങൾ  Face To Face Meeting
ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : നവകേരള സദസ്സിന്‍റെ തുടര്‍ച്ചയായി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് ആരംഭിക്കും (Chief Minister's Face-To-Face Programme). ആദ്യ ഘട്ടത്തില്‍ മുസ്ലിം സംഘടന പ്രതിനിധികള്‍, മുതവല്ലിമാര്‍, മദ്രസ അധ്യാപകര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവർ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മറ്റ് സംഘടനകളെല്ലാം പരിപാടിയില്‍ സംബന്ധിക്കും.

നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ രാവിലെ 10 മണിക്കാണ് പരിപാടി നടക്കുക. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍സാഫ് എന്ന പരിപാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാന്‍ അധ്യക്ഷനാകും. മറ്റ് വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടി വരും ദിവസങ്ങളില്‍ നടക്കും.

നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമല്ല : മുഖ്യമന്ത്രി :നാടിന്‍റെ സുരക്ഷ പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ലെന്നും ഒരു ജനകീയ സേന എന്ന നിലയിലാണ് കേരള പൊലീസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നതെന്നും അതുകൊണ്ടുതന്നെ നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ പൊലീസുമായി നല്ല നിലയിൽ സഹകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി എറണാകുളത്ത് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപയോഗപ്രദമായ ധാരാളം പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനായി പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പാക്കിവരുന്ന പ്രശാന്തി ഹെല്‍പ്പ് ലൈന്‍ പദ്ധതി ഇതിന് ഒരു ഉദാഹരണമാണെന്നും ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ഈ ഹെൽപ്പ് ലൈന്‍ മുഖേന ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വേണ്ടുംവിധം ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ആവശ്യാനുസരണം അവയുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രാദേശികതലത്തിൽ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ : 'ഭിന്നശേഷി നയം, വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്തും'; മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി

ഇതിനുപുറമെ പ്രാദേശികമായി ഏറ്റെടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണം. അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ പൂര്‍ണമായി പങ്കാളികളാകുന്നതിനും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details