കേരളം

kerala

'അവൻ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യൻ' ; സര്‍ഫറാസ് ഖാനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

By ETV Bharat Kerala Team

Published : Mar 1, 2024, 10:44 AM IST

സര്‍ഫറാസ് ഖാന്‍റെ ശൈലി ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണെന്ന് മുൻ താരവും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി

Sourav Ganguly  Sarfaraz Khan  Sourav Ganguly On Sarfaraz Khan  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്  സര്‍ഫറാസ് ഖാൻ
Sourav Ganguly On Sarfaraz Khan

മുംബൈ :ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ ബാറ്ററാണ് ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) എന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ (BCCI) പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി (Sourav Ganguly). താരത്തിന്‍റെ ബാറ്റിങ് ശൈലി കൂടുതല്‍ ചേരുന്നത് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റിനാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് ഇറങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് മുൻ താരത്തിന്‍റെ പ്രതികരണം (Sourav Ganguly on Sarfaraz Khan).

'അഞ്ച് ദിവസവും കളിക്കുന്നതിന് അനുയോജ്യനായ താരമാണ് സര്‍ഫറാസ് ഖാൻ എന്നാണ് ഞാൻ കരുതുന്നത്. അവന്‍റെ ശൈലി ടെസ്റ്റ് ക്രിക്കറ്റിനോടാണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ടി20 വളരെ വ്യത്യസ്‌തമായ ഫോര്‍മാറ്റാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും അവൻ അടിച്ചെടുത്ത റണ്‍സ് ആരെയും അതിശയിപ്പിക്കുന്നതാണ്. റണ്‍സ് നേടിയാല്‍ ഒരിക്കലും അത് പാഴാകില്ല എന്നാണ് പലരും പറയുന്നത്. അതാണ്, സര്‍ഫറാസ് ഖാന്‍റെ കാര്യത്തില്‍ സംഭവിച്ചത്'- സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെയാണ് സര്‍ഫറാസ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടി തകര്‍പ്പൻ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സര്‍ഫറാസ് ഖാന് സാധിച്ചിരുന്നു. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സായിരുന്നു മുംബൈ ബാറ്റര്‍ അടിച്ചെടുത്തത് (Sarfaraz Khan Test Debut).

തകര്‍പ്പൻ ഫോമില്‍ ബാറ്റ് ചെയ്‌തുകൊണ്ടിരുന്ന താരം മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പിഴവിനെ തുടര്‍ന്ന് റണ്‍ഔട്ട് ആവുകയായിരുന്നു. അതേ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സിലും ബാറ്റുകൊണ്ട് മികവ് കാട്ടാൻ സര്‍ഫറാസ് ഖാനായി. പുറത്താകാതെ 68 റണ്‍സായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് നേടിയത് (Sarfaraz Khan 1st Test Scores).

Also Read :'ബിസിസിഐ ചെയ്‌തത് ശരി' ; ഇഷാൻ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും കരാര്‍ റദ്ദാക്കിയതില്‍ സൗരവ് ഗാംഗുലി

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ശേഷമായിരുന്നു സര്‍ഫറാസ് ഖാൻ ഇന്ത്യൻ സീനിയര്‍ ടീമിലേക്ക് എത്തിയത്. 2014ല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കളി തുടങ്ങിയ താരം 47 മത്സരങ്ങളില്‍ നിന്നും 68.74 ശരാശരിയില്‍ 4056 റൺസ് നേടി. 14 സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറികളുമാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ