കേരളം

kerala

12 ഇന്നിങ്‌സുകള്‍ക്ക് ശേഷം ആദ്യ ഫിഫ്‌റ്റി ; ഗില്‍ ഫോമില്‍

By ETV Bharat Kerala Team

Published : Feb 4, 2024, 1:06 PM IST

Updated : Feb 4, 2024, 1:26 PM IST

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍. 60 പന്തുകളില്‍ നിന്നാണ് ഗില്‍ അന്‍പത് തികച്ചത്.

Shubman Gill  India vs England Test  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യ vs ഇംഗ്ലണ്ട്
Shubman Gill scored half century against England

വിശാഖപട്ടണം :റെഡ്‌ ബോള്‍ ക്രിക്കറ്റിലെ റണ്‍വരള്‍ച്ചയ്‌ക്ക് വിരാമമിട്ട് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ (India vs England 2nd Test) മൂന്നാം ദിനത്തിൽ തകർപ്പൻ അർധ സെഞ്ചുറിയുമായാണ് താരം തിളങ്ങിയത്. ടെസ്റ്റില്‍ ഇതിന് മുന്നെ കളിച്ച 12 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ പോലും അര്‍ധ സെഞ്ചുറിയിലേക്ക് എത്താന്‍ 24-കാരന് കഴിഞ്ഞിരുന്നില്ല.

ഇതോടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു ഗില്ലുണ്ടായിരുന്നത്. ചേതേശ്വര്‍ പുജാരയടക്കമുള്ള താരങ്ങള്‍ പുറത്തുണ്ടെന്ന് ഇന്ത്യയുടെ മുന്‍ പരിശീകനും താരവുമായിരുന്ന രവി ശാസ്‌ത്രി നേരത്തെ ശുഭ്‌മാന്‍ ഗില്ലിന് മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധേയമായിരുന്നു. ഇതിനിടെയാണ് വിശാഖപട്ടണത്ത് ഗില്ലിന്‍റെ മികച്ച പ്രകടനം.

ലോങ് ഓഫിലേക്ക് ബൗണ്ടറി നേടിക്കൊണ്ട് ആകെ 60 പന്തുകളില്‍ നിന്നാണ് ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയത്. യശസ്വി ജയ്‌സ്വാളിന്‍റെ വരവോടെ 2023-ലെ വെസ്റ്റ് ഇൻഡീസ് പരമ്പര മുതൽ മൂന്നാം നമ്പറിലാണ് ഗില്‍ കളിക്കുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ താരം നിരന്തരം പരാജയപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്.

പക്ഷെ, വിശാഖപട്ടണത്ത് മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയേയും യശസ്വി ജയ്‌സ്വാളിനേയും നഷ്‌ടപ്പെട്ട ഇന്ത്യയെ താങ്ങി നിര്‍ത്തിയത് ഗില്ലിന്‍റെ പ്രകടനമാണ്. അതേസമയം റെഡ്‌ബോള്‍ ക്രിക്കറ്റില്‍ തന്‍റെ ഫോം തെളിയിക്കാന്‍ ഗില്ലിന് ആവശ്യമായ സമയം നല്‍കണമെന്ന് നേരത്തെ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen) ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഇതിന് മുന്നെ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും പരാജയപ്പെട്ട ഗില്ലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടിയ സാഹചര്യത്തിലായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഗില്‍, രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്.

വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്‌തമായി മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇംഗ്ലണ്ടിന്‍റെ വെറ്ററന്‍ പേസർ ജെയിംസ് ആൻഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സ് പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. കരിയറിന്‍റെ തുടക്കത്തില്‍ ടെസ്റ്റില്‍ ഫോം കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജാക്ക് കാലിസ് പോലും ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

തന്‍റെ എക്‌സ് അക്കൗണ്ടിലായിരുന്നു ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ഇതുസംബന്ധിച്ച പോസ്റ്റിട്ടത്. "ആദ്യ 10 ടെസ്റ്റുകളിൽ 22 മാത്രം ശരാശരിയുണ്ടായിരുന്ന ജാക്ക് കാലിസ് പിന്നീട് ഇതിഹാസ താരമായി മാറി. ഇപ്പോള്‍ നമുക്ക് ശുഭ്‌മാന്‍ ഗില്ലിന് കുറച്ച് സമയം നൽകാം. അവന്‍ വളരെ മികച്ച താരമാണ്"- എന്നായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സിൽ എഴുതിയിരുന്നത്.

Last Updated :Feb 4, 2024, 1:26 PM IST

ABOUT THE AUTHOR

...view details