രാജ്കോട്ട് :വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് യുവതാരം സര്‍ഫറാസ് ഖാന് (Sarfaraz Khan) പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ ആദ്യമായി ബാറ്റ് ചെയ്യാനെത്തിയ ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ പഞ്ഞിക്കിട്ട് കിടിലന്‍ അര്‍ധസെഞ്ച്വറി നേടാന്‍ സര്‍ഫറാസ് ഖാനായിരുന്നു. ഇന്ത്യയുടെ വെള്ള ജഴ്സിയില്‍ കളിക്കാനിറങ്ങിയ സര്‍ഫറാസ് രാജ്കോട്ടില്‍ ഏകദിന ശൈലിയില്‍ ആയിരുന്നു റണ്‍സ് വാരിക്കൂട്ടിയത്.
രാജ്കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ (India vs England 3rd Test) ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ആറാം നമ്പറിലാണ് സര്‍ഫറാസ് ഖാൻ ക്രീസിലേക്ക് എത്തിയത്. അരങ്ങേറ്റക്കാരന്റെ യാതൊരു പരിഭവുമില്ലാതെ സര്‍ഫറാസ് ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് എത്തി. നേരിട്ട 48-ാം പന്തില്‍ താരം ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
ക്രീസിലെത്തി 45-ാം മിനിറ്റിലായിരുന്നു സര്‍ഫറാസ് വ്യക്തിഗത സ്കോര്‍ 50 തികച്ചത്. നായകന് രോഹിത് ശര്‍മ ഉള്‍പ്പടെ ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന താരങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചായിരുന്നു അര്‍ധ സെഞ്ച്വറി നേട്ടത്തിന് സര്‍ഫറാസിനെ അഭിനന്ദിച്ചത്.