കണ്ണൂര്‍: വറുത്ത കൊഞ്ച്, സ്രാവ്, അയക്കൂറ, മത്തി, അയല, കേതല്‍, നെത്തോലി, മാന്ത.. എന്നും ആറുതരം വറുത്ത മീന്‍ കിട്ടും തലശേരിയിലെ ഈ ഹോട്ടലില്‍. മുളകിട്ട് വറ്റിച്ച മീന്‍. സവാളയും തേങ്ങയുമിട്ട് വറുത്ത ഇളമ്പക്ക. അങ്ങിനെയങ്ങിനെ പോകുന്നു ഇവിടുത്തെ സ്പെഷ്യലുകള്‍. തലശേരിക്കടുത്തുള്ള കൊടുവള്ളിയിലെത്തി ഉച്ച ഭക്ഷണത്തിന് മികച്ച ഹോട്ടലേതെന്ന് അന്വേഷിച്ചാല്‍ ആരും ചൂണ്ടിക്കാണിക്കുന്നത് ഒറ്റയിടത്തേക്കാണ്. കൊടുവള്ളിയിലെ ശ്രീവത്സം ഹോട്ടലിലേക്ക്.സാധാരണക്കാരുടെ രുചിയുടെ സിംഹാസനമാണ് ശ്രീവത്സം.
തേങ്ങയരച്ച് വച്ച മീന്‍ കറി തൊട്ട്: ടേബിളില്‍ നിരക്കുന്നത് പരമ്പരാഗത രുചിയിലുള്ള വിഭവങ്ങള്‍. നാവിനും മനസിനും വല്ലാത്തൊരു സംതൃപ്‌തി നല്‍കുന്നതാണ് ഇവിടുത്തെ മീന്‍ വിഭവങ്ങളെന്ന് അനുഭവസ്ഥര്‍ പറയുന്നു. പകിട്ടും പുറം മോടിയും ഒന്നുമില്ലാത്ത ശ്രീവത്സത്തില്‍ പുതുതലമുറക്കാരും നാടന്‍ രുചി തേടിയെത്തുന്നു. നാടന്‍ എന്ന ബോര്‍ഡ് വച്ച് ആളുകളെ ആകര്‍ഷിക്കുന്ന കാലത്ത് ജാടയൊന്നുമില്ലാതെ ശ്രീവത്സത്തില്‍ തനി നാടന്‍ രുചി തേടിയാണ് ഭക്ഷണപ്രിയരെത്തുന്നത്.
പൊടികളോട് നോ: കറികള്‍ക്ക് പൊടികളൊന്നും ഉപയോഗിക്കാതെ അരച്ചു തയ്യാറാക്കുകയാണ് ഈ ഹോട്ടലിന്‍റെ രീതി. നിറങ്ങള്‍ക്കായി ഒരു രാസവസ്‌തുവും ഇവിടെ അടുപ്പിക്കാറില്ല. വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്ന കറികളും മീന്‍ വറുത്തതും തനത് രുചിയില്‍ കഴിക്കാമെന്ന പ്രത്യേകതയും ഈ ഹോട്ടലിനുണ്ട്. മത്സ്യപ്രിയരുടെ രുചി കേന്ദ്രമാണ് ശ്രീവത്സമെങ്കിലും ഊണിനൊപ്പം സാമ്പാര്‍, തോരന്‍, അച്ചാര്‍, ചമ്മന്തി, മോര് എന്നിവയുമുണ്ട്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് 3 വരെയാണ് ഹോട്ടലിലെ ഊണ്‍ സമയം. അടുക്കളയുടെ നിയന്ത്രണം സ്ത്രീകള്‍ക്കാണ്. വിളമ്പാനും മറ്റും രണ്ട് പുരുഷന്‍മാര്‍. ഉടമ ശിവന്‍ ഓള്‍ റൗണ്ടറാണ്. തൊഴിലാളി, ഉടമ വ്യത്യാസമില്ലാതെ എല്ലാവരും സത്‌കാര പ്രിയരായി രംഗത്തുണ്ട്.
കുറ്റവും കുറവും കേള്‍ക്കുന്ന ഉടമ: കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ നടത്തി വരുന്ന എം.കെ ശിവന് ഭക്ഷണകാര്യത്തില്‍ ചില നിര്‍ബന്ധങ്ങളുണ്ട്. തന്‍റെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് തൃപ്‌തി വരാതെ ആരും പോകരുത്. ഏതെങ്കിലും വിഭവത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ ശിവനോട് നേരിട്ട് പറയാം. ക്ഷമയോടെ കേട്ട് അടുത്ത ദിവസം അത് പരിഹരിച്ചിരിക്കും. ഊണ്‍ കഴിക്കാന്‍ എത്തുന്നവര്‍ക്ക് സൗഹൃദത്തിന്‍റെ അന്തരീക്ഷം കൂടി ഇവിടെ ഉണ്ട്. വിശക്കുന്നുവെന്ന് പറഞ്ഞ് ആര് വന്നാലും എത്ര പേര്‍ വന്നാലും അവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാനും ശിവന്‍ തയ്യാറാണ്.
ലാഭ നഷ്‌ടങ്ങളിലല്ല സംതൃപ്‌തിയാണ് ശിവന് പ്രധാനം. കഴിഞ്ഞ 25 വര്‍ഷമായി സ്ഥിരമായി ഊണ്‍ കഴിക്കുന്നവര്‍ ഈ ഹോട്ടലില്‍ ഇന്നും എത്തുന്നു. അവരുടെ നാവില്‍ നിന്നും ശ്രീവത്സത്തിലെ ഊണിന്‍റെ രുചി വിട്ടു മാറുന്നില്ല. ചിലര്‍ ഊണ്‍ കഴിച്ച് പോകുമ്പോള്‍ വീട്ടുകാര്‍ക്കുളള പാഴ്‌സലും കൊണ്ടുപോകും.
Also Read:മമ്മൂക്കയുടെ മനസ്സ് കവര്‍ന്ന മീൻ കറി ദേ ഇവിടെയുണ്ട്