കേരളം

kerala

'ഇംഗ്ലീഷ് പരീക്ഷ പാസ്', ജുറെലിനും സർഫറാസിനും കിട്ടി ഒരു കോടിയുടെ കരാർ

By ETV Bharat Kerala Team

Published : Mar 19, 2024, 12:25 PM IST

ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറാണ് സര്‍ഫറാസിനും ധ്രുവ് ജുറെലിനും ബിസിസിഐ നല്‍കിയിരിക്കുന്നത്.

Sarfaraz Khan  Dhruv Jurel  India vs England Test  Rohit Sharma
Sarfaraz Khan and Dhruv Jurel get BCCI central contracts

മുംബൈ:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs England Test) തിളങ്ങിയ ഇന്ത്യയുടെ യുവതാരങ്ങളായ സർഫറാസ് ഖാനും (Sarfaraz Kha) ധ്രുവ് ജുറെലിനും (Dhruv Jurel) സന്തോഷ വാര്‍ത്ത. 25-കാരനായ സര്‍ഫറാസിനും 23-കാരനായ ജുറെലിനും ബിസിസിഐ കരാര്‍ (BCCI central contracts). ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് സി കരാറാണ് ബിസിസിഐ ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കളിച്ചതോടെയാണ് ഇരുവര്‍ക്കും കരാറിന് യോഗ്യത ലഭിച്ചത്. 2023 ഒക്‌ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കരാര്‍ പട്ടിക കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കുന്ന താരങ്ങള്‍ക്ക് സി വിഭാഗം കരാറിന് യോഗ്യതയുണ്ടാവുമെന്ന് നേരത്തെ തന്നെ ബിസിസിഐ അറിയിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെയായിരുന്നു 26-കാരനായ സര്‍ഫറാസ് ഖാനും 23-കാരനായ ധ്രുവ് ജുറെലും ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. പിന്നീട് നാലും അഞ്ചും ടെസ്റ്റുകളിലും ഇരുവരും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ കയ്യടി വാങ്ങുകയും ചെയ്‌തു. വിക്കറ്റ് കീപ്പര്‍ ബാറ്റെറന്ന നിലയില്‍ കെഎസ്‌ ഭരത്തിന്‍റെ മോശം പ്രകടനമായിരുന്നു ജുറെലിന് പ്ലേയിങ് ഇലവനിലേക്ക് വഴിയൊരുക്കിയത്. ഇഷാന്‍ കിഷന്‍റെ അഭാവവും താരത്തിന് ഗുണം ചെയ്‌തു.

ALSO READ: 'ഈ ടീം നേടിയതെല്ലാം അദ്ദേഹത്തിന് കീഴില്‍, ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ചതിനായി ശ്രമിക്കും'...ഹാർദിക് മനസ് തുറക്കുന്നു

വിക്കറ്റിന് പിന്നില്‍ മികവ് പുലര്‍ത്തിയതിനൊപ്പം മൂന്ന് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 190 റണ്‍സായിരുന്നു ജുറെല്‍ നേടിയത്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി വീരോചിത പ്രകടനമായിരുന്നു താരം നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങവെ വാലറ്റക്കാരെ കൂട്ടുപിടിച്ച് താരം നടത്തിയ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു ടീമിനെ തുണച്ചത്. മത്സരത്തിലെ താരമായും ധ്രുവ് ജുറെല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കാത്തിരുന്ന സര്‍ഫറാസിന് കെഎല്‍ രാഹുലിന്‍റെ പരിക്കും ശ്രേയസ് അയ്യരുടെ മോശം ഫോമുമായിരുന്നു തുണച്ചത്. മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 200 റണ്‍സായിരുന്നു താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളും സര്‍ഫറാസിന്‍റെ അക്കൗണ്ടിലുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് വിജയിച്ചിരുന്നു.

ALSO READ: രോഹിത്തിനെ എന്തിന് മാറ്റിയെന്ന് ചോദ്യം ; വാ തുറക്കാതെ ഹാര്‍ദിക്കും മുംബൈ പരിശീലകനും

വിരാട് കോലിയും കെഎല്‍ രാഹുലും ഉള്‍പ്പെടെയുള്ള വെറ്ററന്‍ താരങ്ങള്‍ കളിക്കാതിരുന്നിട്ടും യുവ താരങ്ങളുടെ മികവിലാണ് കരുത്തരായി ഇംഗ്ലണ്ടിനെ ആതിഥേയര്‍ മലര്‍ത്തിയടിച്ചത്. വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലും തലപ്പത്ത് എത്താന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) സംഘത്തിന് കഴിഞ്ഞു.

ABOUT THE AUTHOR

...view details