കേരളം

kerala

112 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം ; ചരിത്രം കുറിച്ച് രോഹിത് ശര്‍മ

By ETV Bharat Kerala Team

Published : Mar 10, 2024, 1:42 PM IST

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര 4-1ന് വിജയിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ വമ്പന്‍ തിരിച്ചുവരവ്.

Rohit Sharma  Bazball  രോഹിത് ശര്‍മ  ബാസ്‌ബോള്‍
Rohit Sharma s India Achieve huge Record After 4-1 Series Win

ധര്‍മ്മശാല : ഇംഗ്ലണ്ടിനെതിരെ ധര്‍മ്മശാലയില്‍ നടന്ന അവസാന ടെസ്റ്റും (India vs England Test) വിജയിച്ചതോടെ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ വമ്പന്‍ തിരിച്ചുവരവ്. വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul) തുടങ്ങിയ പ്രമുഖരില്ലാതിരുന്നിട്ടും യുവനിരയുടെ കരുത്തിലാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ കളിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ത്രസിപ്പിക്കുന്ന ഈ തിരിച്ചുവരവില്‍ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ (Rohit Sharma). ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം പരമ്പര 4-1ന് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് രോഹിത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിത്.

ഇതിന് മുന്നെ വെറും മൂന്ന് തവണ മാത്രമാണ് ഇത്തരമൊരു തിരിച്ചുവരവിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുള്ളത്. അവസാനമായി നടന്നതാവട്ടെ 112 വര്‍ഷങ്ങള്‍ക്ക് മുന്നെയാണ്. 1911/12-ലെ ആഷസില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടായിരുന്നു ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം 4-1ന് കളി പിടിച്ചത്. അതിന് മുന്നെ 1901/02, 1897/98 സീസണിലെ ആഷസില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയയായിരുന്നു സമാനമായ രീതിയില്‍ പൊളിച്ചടുക്കിയത്.

ബാസ്‌ ബോള്‍ (Bazball) യുഗത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്ന ആദ്യ പരമ്പരയാണ് ഇന്ത്യയ്‌ക്കെതിരെയുള്ളത്. ഇതിന് മുന്നെ ഏഴ്‌ പരമ്പരകള്‍ കളിച്ച ടീം നാലെണ്ണം വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയും പിടിച്ചിരുന്നു. ബാസ്‌ ബോള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.

അതേസമയം ധര്‍മ്മശാലയില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലീഷ്‌ നിരയില്‍ 79 റണ്‍സ് നേടിയ സാക്ക് ക്രവ്‌ലിയായിരുന്നു ടോപ്‌ സ്‌കോററായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തി കുല്‍ദീപ് യാദവും നാല് വിക്കറ്റുമായി ആര്‍ അശ്വിനുമായിരുന്നു സന്ദര്‍ശകരെ തകര്‍ത്തത്.

മറുപടിക്ക് ഇറങ്ങിയ ഇന്ത്യയാവട്ടെ 477 റണ്‍സാണ് അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ്മ (103), ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികള്‍ ആതിഥേയരുടെ ഇന്നിങ്‌സിന്‍റെ നെടുന്തൂണായപ്പോള്‍ യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളും നിര്‍ണായകമായി.

ALSO READ: ഇനി മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍; ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ

രണ്ടാം ഇന്നിങ്‌സിലാവട്ടെ 195 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ പുറത്താവല്‍. 128 പന്തില്‍ 84 റണ്‍സ് നേടിയ ജോ റൂട്ടിന് (Joe Root) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിനാണ് (R Ashwin) ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ABOUT THE AUTHOR

...view details