കേരളം

kerala

പോരാടിയത് അഷുതോഷും ശശാങ്കും മാത്രം, ട്വിസ്റ്റുകള്‍ക്കൊടുവില്‍ മൊഹാലിയില്‍ അവസാന ചിരി മുംബൈ ഇന്ത്യൻസിന് - PBKS vs MI Match Highlights

By ETV Bharat Kerala Team

Published : Apr 19, 2024, 6:41 AM IST

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരം 9 റണ്‍സിന് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.

IPL 2024  ASHUTOSH SHARMA  പഞ്ചാബ് കിങ്സ്  മുംബൈ ഇന്ത്യൻസ്
PBKS VS MI MATCH HIGHLIGHTS

മൊഹാലി:ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യാവസാനം വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരാട്ടത്തില്‍ പഞ്ചാബിനെതിരെ 9 റണ്‍സിന്‍റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസ് സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്‍റെ പോരാട്ടം 19.1 ഓവറില്‍ 183 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി എന്നിവരുടെ പ്രകടനങ്ങളായിരുന്നു മുംബൈ ജയത്തില്‍ നിര്‍ണായകമായത്. അഷുതോഷ് ശര്‍മ, ശശാങ്ക് സിങ് എന്നിവരുടെ പോരാട്ടങ്ങളാണ് മത്സരത്തില്‍ പഞ്ചാബിന്‍റെ തോല്‍വി ഭാരം കുറച്ചത്.

193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 14 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നാല് വിക്കറ്റും നഷ്‌ടമായത്. പ്രഭ്‌സിമ്രാൻ സിങ് (0), റിലീ റൂസോ (1), സാം കറൻ (6), ലിയാം ലിവിങ്സ്റ്റണ്‍ (1) എന്നിവര്‍ ബുംറയുടെയും ജെറാള്‍ഡ് കോട്‌സിയുടെയും പേസിന് മുന്നില്‍ വീണു.

ഇംപാക്‌ട് പ്ലെയറായെത്തിയ ഹര്‍പ്രീത് സിങും (13) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയും (9) പുറത്തായതോടെ 77-6 എന്ന നിലയിലേക്കും പഞ്ചാബ് കൂപ്പുകുത്തി. മുംബൈ അനായാസം ജയത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച ആ ഘട്ടത്തില്‍ നിന്നായിരുന്നു പഞ്ചാബിന്‍റെ അവിശ്വസനീയമായ തിരിച്ചുവരവ്. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ശശാങ്ക് സിങും അഷുതോഷും ചേര്‍ന്ന് പഞ്ചാബിനെ 100 കടത്തി.

സ്കോര്‍ 111ല്‍ നില്‍ക്കെ 13-ാം ഓവറിലെ ആദ്യ പന്തില്‍ ശശാങ്ക് (25 പന്തില്‍ 41) പുറത്തായത് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. മറുവശത്ത് തകര്‍പ്പൻ അടികളുമായി അഷുതോഷ് കളം നിറഞ്ഞതോടെ പഞ്ചാബ് ക്യാമ്പില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു. എന്നാല്‍, 28 പന്തില്‍ 61 റണ്‍സ് നേടിയ അഷുതോഷിനെ 18-ാം ഓവറില്‍ പുറത്താക്കി ജെറാള്‍ഡ് കോട്‌സി മുംബൈ ഇന്ത്യൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നാലെ, ഹര്‍പ്രീത് ബ്രാറും മടങ്ങി. പതിനൊന്നാമനായി ക്രീസിലെത്തിയ നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയത് മത്സരത്തില്‍ പഞ്ചാബിന് ചെറിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അവസാന ഓവറില്‍ 12 റണ്‍സ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആകാശ് മധ്‌വാള്‍ എറിഞ്ഞ ഓവര്‍ വൈഡ് ബോളോടെയാണ് തുടങ്ങിയത്. എന്നാല്‍, ഓവറിലെ ആദ്യ ലീഗല്‍ ഡെലിവറിയില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള റബാഡയുടെ ശ്രമം പാളിപ്പോയതോടെ മുംബൈയ്‌ക്ക് സീസണിലെ മൂന്നാമത്തെ ജയം സ്വന്തമാകുകയായിരുന്നു.

Also Read :മുംബൈയില്‍ ക്ലിക്കായിട്ടില്ല, പക്ഷേ ഗുജറാത്ത് ഹാര്‍ദിക്കിനെ മിസ് ചെയ്യുന്നു : ആകാശ് ചോപ്ര - Aakash Chopra On Gujarat Titans

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യകുമാര്‍ യാദവ് 53 പന്തില്‍ 78 റണ്‍സ് നേടി. 25 പന്തില്‍ 36 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details