കേരളം

kerala

എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് ചെല്‍സിയുടെ 'സമനിലപൂട്ട്'

By ETV Bharat Kerala Team

Published : Feb 18, 2024, 6:53 AM IST

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സി മത്സരം സമനിലയില്‍. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും പിരിഞ്ഞത് ഓരോ ഗോളുകള്‍ നേടി.

Manchester City vs Chelsea  Premier League  Man City vs Chelsea Result  പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി
Manchester City vs Chelsea

ലണ്ടൻ :പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) ജൈത്രയാത്രയ്‌ക്ക് സമനില പൂട്ടിട്ട് ചെല്‍സി (Chelsea). എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകളാണ് ഇരു ടീമും നേടിയത്. റഹീം സ്റ്റെര്‍ലിങ് (Raheem Sterling), റോഡ്രി (Rodri) എന്നിവരായിരുന്നു മത്സരത്തില്‍ ഇരു ടീമിനുമായി ഗോളുകള്‍ നേടിയത്.

ചെല്‍സിയുടെ മുന്നേറ്റങ്ങളോടെയാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ കളി തുടങ്ങിയത്. എന്നാല്‍, പതിയെ സിറ്റി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. പത്താം മിനിറ്റില്‍ ചെല്‍സി ബോക്‌സിനുള്ളില്‍ നിന്നുള്ള റൂബൻ ഡിയാസിന്‍റെ ഹെഡര്‍ ഗോള്‍ കീപ്പര്‍ പെട്രോവിച്ച് അനായാസം കൈക്കലാക്കി.

12-ാം മിനിറ്റില്‍ ഹാലൻഡിന്‍റെ ശ്രമം പുറത്തേക്ക്. 22-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്താന്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ ചെല്‍സിയുടെ മുന്നേറ്റ നിരതാരം നിക്കോളാസ് ജാക്‌സണായില്ല.

എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ചെല്‍സി മത്സരത്തില്‍ ലീഡ് പിടിച്ചിരുന്നു. 42-ാം മിനിറ്റില്‍ നടത്തിയ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ചെല്‍സി ഗോള്‍ നേടിയത്. നിക്കോളാസ് ജാക്‌സണിന്‍റെ പാസ് സ്വീകരിച്ചായിരുന്നു റഹീം സ്റ്റെര്‍ലിങ് മത്സരത്തില്‍ സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ സിറ്റി സമനില ഗോളിനായി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. മത്സരത്തിന്‍റെ 51-ാം മിനിറ്റില്‍ സിറ്റി താരങ്ങള്‍ തകര്‍പ്പന്‍ ഒരു കൗണ്ടര്‍ അറ്റാക്ക് നീക്കത്തിലൂടെ ചെല്‍സിയുടെ ഗോള്‍ വലയ്‌ക്ക് അരികില്‍ എത്തി. ബോക്‌സിന് പുറത്ത് നിന്നും ബോക്‌സിനുള്ളിലേക്ക് ഫോഡൻ നല്‍കിയ ക്രോസ് കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഹാലൻഡിന് സാധിച്ചില്ല.

അതിന് ശേഷവും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സിറ്റിക്ക് പാളി. ഒടുവില്‍ മത്സരത്തിന്‍റെ 83-ാം മിനിറ്റിലായിരുന്നു സിറ്റി സമനില ഗോള്‍ കണ്ടെത്തുന്നത്. ഗോള്‍വല ലക്ഷ്യമാക്കി കൈല്‍ വാള്‍ക്കര്‍ തൊടുത്ത ഷോട്ട് ചെല്‍സി താരം കോള്‍വില്‍ ബ്ലോക്ക് ചെയ്‌തു. ബോക്‌സില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വന്ന പന്തിനെ കൃത്യമായ നീക്കത്തിലൂടെ റോഡ്രി ചെല്‍സി വലയില്‍ എത്തിക്കുകയായിരുന്നു.

സമനിലയോടെ 24 മത്സരം പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 53 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും. 25 മത്സരങ്ങളില്‍ 35 പോയിന്‍റുള്ള ചെല്‍സി പത്താം സ്ഥാനത്ത് തുടരുകയാണ് (Premier League Points Table).

Also Read : പിഎസ്‌ജിയോട് 'ബൈ' പറയാന്‍ കിലിയന്‍ എംബാപ്പെ, തീരുമാനം ഔദ്യോഗികമായി ക്ലബിനെ അറിയിച്ചെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details