കേരളം

kerala

ജയിച്ച് കയറാൻ സൂപ്പര്‍ ജയന്‍റ്‌സ്, ജീവൻ മരണപ്പോരിന് മുംബൈ ഇന്ത്യൻസ് ; ലഖ്‌നൗവില്‍ ഇന്ന് വമ്പൻ പോര് - LSG vs MI Match Preview

By ETV Bharat Kerala Team

Published : Apr 30, 2024, 11:59 AM IST

ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം

IPL 2024  LUCKNOW SUPER GIANTS  MUMBAI INDIANS PLAY OFF CHANCES  ലഖ്‌നൗ VS മുംബൈ
LSG VS MI MATCH PREVIEW

ലഖ്‌നൗ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാൻ പൊരുതുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും കൂട്ടരുടെയും എതിരാളി. ലഖ്‌നൗവിന്‍റെ തട്ടകമായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്.

വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമങ്ങളിലാണ് രണ്ട് ടീമുകളും. അവസാന മത്സരത്തില്‍ ലഖ്‌നൗ രാജസ്ഥാൻ റോയല്‍സിനോടാണ് പരാജയപ്പെട്ടത്. മുംബൈയാകട്ടെ ഡല്‍ഹി കാപിറ്റല്‍സിനോടാണ് തോറ്റത്.

പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒമ്പതാം സ്ഥാനക്കാരാണ് മുംബൈ ഇന്ത്യൻസ്. സീസണില്‍ 9 മത്സരം പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ജയം നേടാൻ സാധിച്ചില്ലെങ്കില്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും.

ബാറ്റിങ്ങില്‍ പ്രധാന താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് മുംബൈ ഇന്ത്യൻസിനെ പ്രധാനമായും അലട്ടുന്നത്. നിലവില്‍ തിലക് വര്‍മ മാത്രമാണ് മുംബൈ നിരയില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്നത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ എന്നിവരും മികവ് കാട്ടിയില്ലെങ്കില്‍ മുംബൈയ്‌ക്ക് ബാറ്റിങ്ങില്‍ കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നേക്കാം. ജസ്‌പ്രീത് ബുംറ ഒഴികെയുള്ള മുംബൈ ബൗളര്‍മാരുടെ പ്രകടനവും പരിതാപകരമാണ്.

മറുവശത്ത്, ബാറ്റിങ്ങില്‍ ക്യാപ്‌റ്റൻ കെഎല്‍ രാഹുലിന്‍റെ പ്രകടനങ്ങളിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്രതീക്ഷ. ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളാസ് പുരാൻ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരും ടീമിന്‍റെ ബാറ്റിങ് കരുത്ത് കൂട്ടുന്നു. മധ്യനിരയില്‍ ബാറ്റര്‍ ദീപക് ഹൂഡ റണ്‍സ് അടിച്ച് തുടങ്ങിയത് ലഖ്‌നൗവിന് ആശ്വാസമാണ്.

ഹോം ഗ്രൗണ്ടില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ അവസാന മത്സരത്തില്‍ 197 റണ്‍സ് പ്രതിരോധിക്കാൻ ലഖ്‌നൗ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. അന്ന് കേട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാൻ അവര്‍ക്കുള്ള അവസരമാകും ഇന്നത്തെ മത്സരം. യുവ പേസര്‍ മായങ്ക് യാദവ് തിരിച്ചെത്തുമെന്നത് ലഖ്‌നൗ ബൗളിങ് യൂണിറ്റിന്‍റെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്.

Also Read :ഡല്‍ഹിയെ പിടിച്ചുകെട്ടി, വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ജയം ഏഴ് വിക്കറ്റിന് - KKR Vs DC Match Result

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം :ക്വിന്‍റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളസ് പുരാൻ, ആഷ്‌ടണ്‍ ടര്‍ണര്‍, ആയുഷ് ബഡോണി, കൃണാല്‍ പാണ്ഡ്യ, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, മൊഹ്‌സിൻ ഖാൻ.

മുംബൈ ഇന്ത്യൻസ് സാധ്യത ടീം :രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, നേഹല്‍ വധേര, മുഹമ്മദ് നബി, ലൂക്ക് വുഡ്, പിയൂഷ് ചൗള, ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര.

ABOUT THE AUTHOR

...view details