കേരളം

kerala

ജഡ്ഡുവിന്‍റെ ഒരോ തമാശകളേ...; ധോണിക്ക് മുന്നെ ബാറ്റെടുത്തിറങ്ങി, പിന്നെ യൂ ടേണ്‍- വീഡിയോ കാണം - Ravindra Jadeja teases fans

By ETV Bharat Kerala Team

Published : Apr 9, 2024, 1:38 PM IST

ചെപ്പോക്കില്‍ കൊല്‍ക്കത്തയ്‌ക്ക് എതിരായ മത്സരത്തിനിടെ ധോണി ആരാധകരെ പറ്റിച്ച് രവീന്ദ്ര ജഡേജ.

IPL 2024  CSK VS KKR  CHENNAI SUPER KINGS  KOLKATA KNIGHT RIDERS
Ravindra Jadeja teases fans by coming ahead of MS Dhoni

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ പ്രിയപ്പെട്ട 'തല'യാണ് മുന്‍ നായകന്‍ എംഎസ്‌ ധോണി. താരത്തിന്‍റെ ബാറ്റിങ് വിരുന്നിനായാണ് ആരാധകര്‍ ഓരോ തവണയും കാത്തിരിക്കാറുള്ളത്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് എതിരെ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഗ്യാലറി പൊട്ടിത്തെറിച്ചിരുന്നു.

ആള്‍ക്കൂട്ടത്തിന്‍റെ ആരവത്തില്‍ അസ്വസ്ഥതയോടെ കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍ ചെവി പൊത്തുന്നതും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിന് മുന്നെ മറ്റൊരു രസകരമായ സംഭവം ചെന്നൈ ക്യാമ്പില്‍ അരങ്ങേറിയിരുന്നു. 17-ാം ഓവറില്‍ ശിവം ദുബെ ഔട്ടായതിന് ശേഷം പതിവില്‍ നിന്നും വ്യത്യസ്‌തമായി അഞ്ചാം നമ്പറിലായിരുന്നു ധോണി ക്രീസിലേക്ക് എത്തിയത്.

ഇതിന് മുന്നെ ആരാധകരെ പറ്റിക്കാന്‍ രവീന്ദ്ര ജഡേജ ചെറിയൊരു പണി ഒപ്പിക്കുകയായിരുന്നു. ആരാധകര്‍ ധോണിക്കായി മുറവിളി കൂട്ടുന്നതിനിടെ പാഡണിഞ്ഞ് ബാറ്റുമായി ക്രീസിലേക്ക് എന്ന പോലെ താരം ഡ്രെസ്സിങ് റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. ഇതോടെ ഗ്യാലറിയിലെ ആരവം കുറയുകയും ചെയ്‌തു.

എന്നാല്‍ അപ്രതീക്ഷിതമായി ഒരു ചിരിയോടെ ഡ്രെസ്സിങ് റൂമിലേക്ക് തിരികെ മടങ്ങുന്ന ജഡേജയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പിന്നാലെ ധോണി ക്രീസിലേക്ക് ഇറങ്ങിയതോടെ ചെപ്പോക്കില്‍ വീണ്ടും ആരവം ഉയര്‍ന്നു. ജഡേജയുടെ പ്രവര്‍ത്തി കണ്ട് ഡഗ് ഔട്ടിൽ ഇരുന്നവര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല.

മത്സരത്തില്‍ കൊല്‍ക്കത്തയെ ഏഴ്‌ വിക്കറ്റുകള്‍ക്ക് ചെന്നൈ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സായിരുന്നു നേടിയിരുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 34 റണ്‍സായിരുന്നു ശ്രേയസ് നേടിയത്.

രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 18 റണ്‍സിനായിരുന്നു ജഡേജ മൂന്ന് വിക്കറ്റുകള്‍ നേടിയത്.

ALSO READ:'ആരാധകര്‍ കാത്തിരുന്ന വിജയം, ചില്ലിട്ടുവെയ്‌ക്കാന്‍ കൂടെ ഈ നിമിഷവും' - Rohit Hardik Celebration

മറുപടിക്ക് ഇറങ്ങിയ ചെന്നൈ 14 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റിന് 141 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ടീമിന് നിര്‍ണായകമായത്. 58 പന്തില്‍ പുറത്താവാതെ 67 റണ്‍സായിരുന്നു റുതുരാജ് നേടിയത്. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ധോണിയും പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details