ETV Bharat / sports

'ആരാധകര്‍ കാത്തിരുന്ന വിജയം, ചില്ലിട്ടുവെയ്‌ക്കാന്‍ കൂടെ ഈ നിമിഷവും' - Rohit Hardik celebration

author img

By ETV Bharat Kerala Team

Published : Apr 8, 2024, 1:16 PM IST

IPL 2024  MI VS DC  രോഹിത് ശര്‍മ  ഹാര്‍ദിക് പാണ്ഡ്യ
Rohit and Hardik celebrated Mumbai Indians' victory against Gujarat Titans together

ഡല്‍ഹിക്കെതിരായ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയം ഒന്നിച്ചാഘോഷിച്ച് രോഹിത്തും ഹാര്‍ദിക്കും.

മുംബൈ: ഐപിഎല്ലിന്‍റെ 17-ാം സീസണില്‍ ക്യാപ്റ്റന്‍സി വിവാദത്തിലും തുടര്‍ തോല്‍വികളിലും വലയുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയപ്പോള്‍ കളിക്കളത്തിലും മുംബൈ ഇന്ത്യന്‍സ് നിറം മങ്ങി. സീസണില്‍ ആദ്യ വിജയത്തിനായി നാല് മത്സരങ്ങളാണ് ടീമിന് കാത്തിരിക്കേണ്ടി വന്നത്.

ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്‌ത്തിയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീം വിജയ വഴിയിലെത്തിയത്. സ്വന്തം തട്ടകമായ വാങ്കഡെയില്‍ ഡല്‍ഹിയെ 29 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് വീഴ്‌ത്തിയത്. ടീമിന്‍റെ ക്യാപ്റ്റനായി ഹാര്‍ദിക് നേടുന്ന ആദ്യ വിജയമാണിത്.

മത്സരത്തിന് ശേഷം ഹാര്‍ദിക്കിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിനായിരുന്നു 234 റണ്‍സ് നേടിയിരുന്നത്. 27 പന്തില്‍ 49 റണ്‍സെടുത്ത രോഹിത് ശര്‍മ ടീമിന്‍റെ ടോപ് സ്‌കോററായി.

ടിം ഡേവിഡും (21 പന്തില്‍ 45*), റൊമാരിയോ ഷെപ്പേർഡും (10 പന്തില്‍ 39*) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത്. ഡല്‍ഹി ബോളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ അവസാന രണ്ട് ഓവറില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്.

ഇഷാന്‍ കിഷനും (23 പന്തില്‍ 42) തിളങ്ങി. ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ട്രിസ്റ്റൻ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്. 25 പന്തില്‍ പുറത്താവാതെ 71 റണ്‍സായിരുന്നു താരം നേടിയത്. 40 പന്തില്‍ 66 റണ്‍സടിച്ച പൃഥ്വി ഷായും 31 പന്തില്‍ 41 റണ്‍സടിച്ച അഭിഷേക് പോറലുമാണ് പൊരുതി നോക്കിയ മറ്റ് താരങ്ങള്‍. മുംബൈക്കായി ജെറാൾഡ് കോറ്റ്‌സി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.

ALSO READ: ഗുജറാത്തിനെതിരായ തകര്‍പ്പന്‍ വിജയം; ലഖ്‌നൗവിന് പോയിന്‍റ് ടേബിളിലും കുതിപ്പ് - IPL 2024 LSG Vs GT Highlights

വിജയത്തോടെ പോയിന്‍റ്‌ ടേബിളില്‍ ഏറ്റവും താഴെയുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് എട്ടാമതെത്തി. ഡല്‍ഹിയാവട്ടെ 10-ാം സ്ഥാനത്തേക്ക് താഴ്‌ന്നു. സീസണില്‍ ഡല്‍ഹിയുടെ നാലാമത്തെ തോല്‍വിയായിരുന്നു മുംബൈക്ക് എതിരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.