കേരളം

kerala

ക്യാപ്റ്റനായി രോഹിത്തില്ല, ഹാർദികിന്‍റെ ചിറകിലേറി ഐപിഎല്‍ കിരീടം പിടിക്കാൻ മുംബൈ ഇന്ത്യൻസ്

By ETV Bharat Kerala Team

Published : Mar 12, 2024, 5:17 PM IST

മുംബൈ ഇന്ത്യന്‍സില്‍ രോഹിത് യുഗത്തിന്‍റെ അവസാനമാണ് ഐപിഎല്ലിന്‍റെ 17-ാം പതിപ്പ്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ടീം പുതിയ സീസണില്‍ കളിക്കുക.

Mumbai Indians  Rohit Sharma  Hardik Pandya  Jasprit Bumrah
IPL 2024 Mumbai Indians Squad Analysis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണ്‍ (IPL 2024) മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) പുതിയ തുടക്കം കൂടിയാണ്. രോഹിത് ശര്‍മ (Rohit Sharma) യുഗത്തിന് വിരാമമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2024-ന് ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് (Hardik Pandya) പുതിയ സീസണില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയെ നയിക്കുക. തങ്ങളുടെ പഴയ താരമായിരുന്ന ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഐപിഎല്‍ ട്രേഡിലൂടെയാണ് മുംബൈ തിരികെ എത്തിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ

ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും പിന്നീട് രണ്ടാം സ്ഥാനത്തും എത്തിച്ച മികവുമായി ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചുകൊണ്ടായിരുന്നു ഹാര്‍ദിക്കിന്‍റെ മുംബൈയിലേക്കുള്ള തിരിച്ചുവരവ്. ഹാര്‍ദിക്കിന് വഴിയൊരുക്കാന്‍ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകരില്‍ ഒരാളായ രോഹിത്തിനെ തെറിപ്പിച്ച മാനേജ്‌മെന്‍റിന്‍റെ നടപടിയില്‍ ആരാധകര്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരിട്ടല്ലെങ്കിലും ടീമിനുള്ളില്‍ നിന്ന് തന്നെ അതൃപ്‌തി മറനീക്കി പുറത്ത് വരികയും ചെയ്‌തു. എന്നാല്‍ കളിക്കളത്തില്‍ മുംബൈ താരങ്ങള്‍ ഏക കുടുംബമായി തന്നെ മാറുന്നെന്ന് പ്രതീക്ഷിക്കാം.

കരുത്തുറ്റ ഇന്ത്യന്‍ നിര: രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ (Jasprit Bumrah) , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, തിലക് വർമ എന്നിവരടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ ഒരു മികച്ച നിര തന്നെ മുംബൈക്കുണ്ട്. തങ്ങളുടേതായ സമയങ്ങളില്‍ ഒറ്റയ്‌ക്ക് മത്സരം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണിവര്‍.

പേസ് യൂണിറ്റ് കൊള്ളാം: മികച്ച ബോളിങ് നിരയുടെ അഭാവമായിരുന്നു ടീമില്‍ കഴിഞ്ഞ സീസണില്‍ നിഴലിച്ചത്. ബുംറയുടെ അഭാവത്തില്‍ ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറിലായിരുന്നു ബോളിങ് യൂണിറ്റില്‍ ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ തിളങ്ങാന്‍ കഴിയാതെ വന്ന താരത്തെ പരിക്ക് വലച്ചതും മുംബൈക്ക് തിരിച്ചടിയായി. ഇക്കുറി ബുംറയുടെ തിരിച്ചുവരവ് ടീമിന് പുത്തന്‍ ഊര്‍ജ്ജം തന്നെ നല്‍കും. ജെയ്‌സൺ ബെഹ്‌റൻഡോർഫ്, ജെറാൾഡ് കോട്‌സി, ആകാശ് മധ്‌വാൾ, നുവാൻ തുഷാര തുടങ്ങിയ പേസര്‍മാരിലും ടീമിന്‍റെ പ്രതീക്ഷയേറെയാണ്.

ഇക്കുറിയും സ്‌പിന്‍ പോര: സ്‌പിന്‍ നിരയില്‍ ടീമിന്‍റെ കരുത്ത് കുറവാണെന്ന കാര്യം പറയാതിരിക്കാന്‍ കഴിയില്ല. ടീമില്‍ ഒരു മുന്‍നിര സ്‌പിന്നറില്ല. കഴിഞ്ഞ സീസണിലേതുപോലെ വെറ്ററന്‍ താരം പീയൂഷ് ചൗളയെ മുംബൈയ്‌ക്ക് ഇക്കുറിയും ആശ്രയിക്കേണ്ടി വരും. എന്നാല്‍ മാസങ്ങളായി 35-കാരന്‍ ക്രിക്കറ്റില്‍ സജീവമല്ല.

ഇന്ത്യയുടെ ആഭ്യന്തര നിരയില്‍ നിന്നും ഷംസ് മുലാനി, കുമാർ കാർത്തികേയ, ശ്രേയസ് ഗോപാല്‍ എന്നിവരുണ്ടെങ്കിലും വമ്പന്‍ പോര് നടക്കുന്ന ഐപിഎല്‍ വേദിയില്‍ കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നത്. അഫ്‌ഗാന്‍ താരം മുഹമ്മദ് നബിയെ മറ്റൊരു സ്‌പിന്‍ ഓപ്‌ഷനാണ്. എന്നാല്‍ ലീഗ് മത്സരങ്ങളില്‍ താരത്തിന്‍റെ റെക്കോഡ് അത്ര മികച്ചതല്ല.

രോഹിത്തിന്‍റെ അവസാന സീസണ്‍ ?: 2011 - സീസണിലാണ് രോഹിത്തിനെ മുംബൈ സ്വന്തമാക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ റിക്കി പോണ്ടിങ്ങില്‍ ടീമിന്‍റെ ക്യാപ്റ്റന്‍സി രോഹിത്തിലേക്ക് എത്തി. 10 വര്‍ഷങ്ങള്‍ നീണ്ട രോഹിത് യുഗത്തില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈയുടെ ഷെല്‍ഫിലേക്ക് എത്തിയത്. നായകനായുള്ള ആദ്യ സീസണില്‍ തന്നെ മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത് 2015, 2017, 2019, 2020 സീസണുകളിലും നേട്ടം ആവര്‍ത്തിച്ചു.

രോഹിത് ശര്‍മ

ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ഹിറ്റ്‌മാന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിനെ ന്യായീകരിച്ച പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് എതിരെ രോഹിതിന്‍റെ ഭാര്യ റിതിക രംഗത്ത് എത്തിയിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തില്‍ രോഹിത് തൃപ്‌തനല്ലെന്നാണ് റിതികയുടെ പ്രതികരണം പറഞ്ഞു വയ്‌ക്കുന്നത്. ഇതോടെ മുംബൈക്കൊപ്പമുള്ള രോഹിത്തിന്‍റെ അവസാന സീസണ്‍ കൂടിയാണോ ഇതെന്ന് കണ്ടു തന്നെ അറിയണം.

ALSO READ: കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...

ആദ്യ ഘട്ടത്തില്‍ മുംബൈയുടെ മത്സരങ്ങള്‍: മാര്‍ച്ച് 24-ന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം കളിക്കുന്നത്. 27-ന് സണ്‍റെസേഴ്‌സ് ഹൈദരാബാദ്, ഏപ്രില്‍ 1-ന് രാജസ്ഥാന്‍ റോയല്‍സ്, ഏഴിന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ ടീമിന്‍റെ മറ്റ് മത്സരങ്ങള്‍.

മുംബൈ സ്‌ക്വാഡ്

ബാറ്റര്‍മാര്‍:രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (ഡബ്ല്യുകെ), തിലക് വർമ്മ, നെഹാൽ വധേര, വിഷ്‌ണു വിനോദ് (ഡബ്ല്യുകെ), ശിവാലിക് ശർമ.

ഓൾറൗണ്ടർമാർ: അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ (സി), നമൻ ധിർ, മുഹമ്മദ് നബി, അൻഷുൽ കംബോജ്

സ്‌പിന്നർമാർ: കുമാർ കാർത്തികേയ, പിയൂഷ് ചൗള, ശ്രേയസ് ഗോപാൽ.

പേസർമാർ: ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, ജെറാൾഡ് കോറ്റ്‌സി, ദിൽഷൻ മധുശങ്ക, നുവാൻ തുഷാര.

ABOUT THE AUTHOR

...view details