കേരളം

kerala

'ഞാന്‍ കേട്ടതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരം'; തുറന്നടിച്ച് ആരോണ്‍ ഫിഞ്ച് - Aaron Finch on Virat Kohli

By ETV Bharat Kerala Team

Published : Mar 27, 2024, 6:53 PM IST

വിരാട് കോലി ഇതിഹാസ വൈറ്റ ബോള്‍ താരമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.

VIRAT KOHLI  IPL 2024  T20 WORLD CUP 2024
Aaron Finch backs Virat Kohli In T20 World Cup 2024 India Squad

ന്യൂഡല്‍ഹി:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത് താന്‍ കേട്ടതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോൺ ഫിഞ്ച്. ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലെ സ്ലോ പിച്ചുകള്‍ വിരാട് കോലിയുടെ ശൈലിക്ക് യോജിച്ചതെല്ലെന്നും ഇതിനാല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും താരത്തെ സെലക്‌ടര്‍മാര്‍ മാറ്റിനിര്‍ത്തുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഫിഞ്ച്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിഹാസതാരമാണ് വിരാട് കോലിയെന്നും ഓസീസ് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. "ഏതൊരു ഐസിസി ഇവന്‍റ്‌ വരുമ്പോഴെല്ലാം, ഫോർമാറ്റ് ഭേദമന്യേ ആളുകൾ വിരാട് കോലിയെക്കുറിച്ച് സംസാരിക്കുന്നതും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയരുന്നതും എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നേയില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുകയെന്നത് ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണ്.

കാരണം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോലി. അദ്ദേഹത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 140 ഉം മറ്റുള്ളവരുടേത് 160 ആയാലും ഇനി ഒരു കുഴപ്പവുമില്ല. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, വമ്പന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നിരന്തരം ആവര്‍ത്തിച്ച ഒരു താരത്തിന് തീര്‍ച്ചയായും അതില്‍ സ്ഥാനമുണ്ടാവും. മറ്റുതരത്തിലുള്ള സംഭാഷണം തുടരുന്നത് തീര്‍ത്തും പരിഹാസ്യമാണ്" - ആരോണ്‍ ഫിഞ്ച് പറഞ്ഞു.

സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ക്കാവും ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുണ്ടാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും കോലിയുടെ തെരഞ്ഞെടുപ്പെന്നുമായിരുന്നു ഇതില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കോലിയെ ടീമിന് പുറത്തിരുത്തുന്നതിന് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ ആണെന്ന് ആരോപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ കീര്‍ത്തി ആസാദ് രംഗത്ത് എത്തിയിരുന്നു.

ALSO READ: ശുഭ്‌മാന്‍ ഗില്ലിന്‍റെ ചെവിക്ക് പിടിച്ച് അധികൃതര്‍; പിഴയിട്ടത് ലക്ഷങ്ങള്‍ - Shubman Gill Fined

താരത്തിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശക്തമായി നിലകൊണ്ടുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു കീര്‍ത്തി ആസാദ് പ്രതികരിച്ചത്. അതേസമയം ഐപിഎല്‍ 17-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ വിജയം നേടിയപ്പോള്‍ മത്സരത്തിലെ താരമായത് വിരാട് കോലിയായിരുന്നു. 49 പന്തുകളില്‍ 77 റണ്‍സടിച്ചായിരുന്നു താരം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.

ABOUT THE AUTHOR

...view details