പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഷി ജിൻപിങ് 2015 ല്‍ രൂപീകരിച്ച സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സ് (എസ്എസ്എഫ്) പുനസംഘടിപ്പിച്ചതായി ഏപ്രിൽ 19-ന് ചൈന പ്രഖ്യാപിച്ചിരുന്നു. ഷി ജിന്‍പിങ്ങിന് ധാരാളം ആരാധകരെ ഉണ്ടാക്കിക്കൊടുക്കുകയും, അദ്ദേഹത്തിന് മൂന്നാം വട്ടവും അധികാര കസേര നേടിക്കൊടുക്കുന്നതില്‍ പങ്ക് വഹിച്ച പ്രധാന ഘടകവുമാണ് എസ്എസ്എഫ്. ചൈനയുടെ ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്‌ട്രോണിക് യുദ്ധ മുറ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിഭാഗമാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ്.
ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്‌സ് (ISF), സൈബർ സ്പേസ് ഫോഴ്‌സ്, എയ്റോസ്പേസ് ഫോഴ്‌സ് എന്നിങ്ങനെ മൂന്ന് ശാഖകളായി എസ്എസ്എഫിന്‍റെ പ്രവര്‍ത്തനത്തെ വിഭജിക്കുകയാണ് പുതിയ നടപടിയില്‍ ചെയ്‌തത്. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി)ക്ക് കീഴിലാണ് മൂന്ന് ശാഖകളും പ്രവര്‍ത്തിക്കുക. ഷി ജിൻപിങ്ങിന്‍റെ നേതൃത്വത്തിലുള്ള സിഎംസിയാണ് ഇവരെ സൂക്ഷ്‌മമായി നിരീക്ഷിക്കുക.
ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പുനസംഘടിപ്പിച്ച സേനയുടെ റോള്‍ വ്യക്തമാക്കിയിരുന്നു. ദേശീയ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുക, നെറ്റ്‌വർക്ക് നുഴഞ്ഞു കയറ്റങ്ങൾ ഉടനടി കണ്ടെത്തി പ്രതിരോധിക്കുക, സൈബർ പരമാധികാരവും ഡാറ്റയുടെ സുരക്ഷയും നിലനിർത്തുക തുടങ്ങിയ ദൗത്യങ്ങള്‍ സൈബര്‍ സ്‌പേസ് സേന നിര്‍വഹിക്കുമെന്നാണ് വക്താവ് വ്യക്തമാക്കിയത്.
ബഹിരാകാശ സേന, ബഹിരാകാശത്ത് സുരക്ഷിതമായി പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള ശേഷി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക ആധുനിക സായുധ സേനകൾക്കും പ്രത്യേക ബഹിരാകാശ കമാൻഡുണ്ട്.
'ആധുനിക യുദ്ധത്തിൽ, വിജയം വിവരങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോരാട്ടം ഈ സിസ്‌റ്റത്തിനും ഇന്‍ഫര്‍മേഷന്‍ കയ്യാളുന്ന ആളും തമ്മിലാണ്'- ഷി ജിൻപിങ് പ്രസ്‌താവിച്ചു. ഐഎസ്എഫ് സൈനിക നവീകരണം ത്വരിതപ്പെടുത്തുകയും പുതിയ കാലത്ത് സായുധ സേനയുടെ ദൗത്യം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുമെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു.
വിവരസാങ്കേതിക വിദ്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പുറമെ പിഎല്‍എയുടെ ആശയ വിനിമയത്തിന്‍റെയും നെറ്റ്‌വർക്ക് പ്രതിരോധത്തിന്‍റെയും ചുമതലയും ഐഎസ്എഫിനായിരിക്കും. ഭാവിയിൽ ഏതെങ്കിലും യുദ്ധമുണ്ടായാൽ, മറ്റ് എതിരാളികൾ പ്രവർത്തിക്കുന്നതിന് മുമ്പ് വിവരസാങ്കേതിക മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ഐഎസ്എഫിന് കഴിയും എന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗ്രേ സോൺ പ്രവർത്തനങ്ങളില്‍ ചൈനയുടെ ഈ 'ഡിജിറ്റല്‍ യുദ്ധ മുറ' ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണാചൽ പ്രദേശിന്‍റെ ഭാഗങ്ങൾ കൂടെ കൂടെ പുനർനാമകരണം ചെയ്യുന്നതും ഒന്നിലധികം മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് അവതരിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്
പൊതുജനാഭിപ്രായം, മനഃശാസ്‌ത്രപരം, നിയമപരം എന്നിങ്ങനെ മൂന്ന് രീതിയിലായാണ് ചൈന ഇന്ത്യയോട് നിലവില്‍ യുദ്ധം ചെയ്യുന്നത്. ഇനി ഈ യുദ്ധത്തെ നയിക്കുക ഐഎസ്എഫ് ആകും. എസ്എസ്എഫിന്‍റെ പുനസംഘടനയ്ക്ക് നിരവധി കാരണങ്ങളുണ്ട്.
ഒന്ന്, നിലവിലെ എസ്എസ്എഫ് ഒരു വിജയമായി കണക്കാകാനാകില്ല എന്നതാണ്. ബഹിരാകാശ, സൈബർ, നെറ്റ്‌വർക്ക് പ്രതിരോധ സേനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ സേനയ്ക്ക് കഴിഞ്ഞില്ല.