ETV Bharat / international

കലുഷിതമാകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി, ആക്രമണങ്ങളും മരണവും തുടര്‍ക്കഥയാകുമ്പോള്‍... - Killing of Chinese Engineers

author img

By ETV Bharat Kerala Team

Published : Apr 3, 2024, 9:00 AM IST

Updated : Apr 3, 2024, 10:39 AM IST

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെടുമ്പോള്‍... വിരമിച്ച മേജര്‍ ജനറല്‍ ഹര്‍ഷ് കാക്കര്‍ എഴുതുന്നു...

KILLING OF CHINESE ENGINEERS  CPEC  CHINA  PAKISTAN
Killing of Chinese Engineers

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുന്നു. ബലൂചിസ്ഥാന്‍ വിമോചന സേന (ബിഎല്‍എ)യില്‍ നിന്നടക്കമുള്ള അതിക്രമങ്ങളാണ് ചൈനയുടെ നിര്‍മ്മിതിക്ക് മേല്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ തുര്‍ബാറ്റിലെ പാകിസ്ഥാന്‍ നാവിക കേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഖൈബര്‍ പഖ്‌തൂണ്‍ഖ്വയിലെ ജില്ലയായ ഷങ്ക്ലയിലെ ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് നേരെ ചാവേര്‍ ആക്രമണവും നടന്നു. ദസുവിലെ ഹൈഡല്‍ പവര്‍ പ്രൊജക്‌ടില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് എത്തിയവരായിരുന്നു.

ഗ്വാഡറിലെയും തുര്‍ബാത്തിലെയും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു ഭീകരസംഘടനയും ചൈനാക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ചൈനാക്കാര്‍ക്ക് നേരെ നടന്ന ആക്രമണം പാകിസ്ഥാന് നേരെയുള്ള ചൈനയുടെ ദേഷ്യം കടുപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ചൈനാക്കാര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്.

ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍ സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ അട്ടിമറിക്കാനുള്ള യാതൊരു ശ്രമങ്ങളും വിലപ്പോവില്ലെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഇസ്‌ലാമാബാദിലെ ചൈനീസ് നയതന്ത്ര കാര്യാലയം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിലൂടെ ബീജിങ്ങിന്‍റെ പ്രതിഷേധം തണുപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

KILLING OF CHINESE ENGINEERS  CPEC  CHINA  PAKISTAN
Attacks on CPEC is an Embarrassment

ചൈനയുമായുള്ള തങ്ങളുടെ സൗഹൃദം സഹിക്കാനാകാത്ത ശത്രുക്കളാണ് ഇതിന് പിന്നിലെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. വിദേശ ശക്തികള്‍ പാകിസ്ഥാനില്‍ ഭീകരത വളര്‍ത്താന്‍ ശ്രമിക്കുന്നു. അവരുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണിത്. അഫ്‌ഗാന്‍ താലിബാന്‍റെ പിന്തുണയുള്ള തെഹരീക് ഇ താലിബാന്‍ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. എന്നാല്‍ ടിടിപി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ടിടിപിയെ ഇന്ത്യ കാബൂള്‍ വഴി പിന്തുണയ്ക്കുന്നു എന്നൊരു ആരോപണവും അടുത്തിടെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ഉയര്‍ത്തിയിരുന്നു. ചൈന-ഇന്ത്യ ബന്ധത്തിലെ വിള്ളലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ ആരോപണം.

ആക്രമണത്തില്‍ ധാരാളം നിഗൂഢതകള്‍ ആദ്യം മുതല്‍ തന്നെ മണത്തിരുന്നു. ചൈനീസ് ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. പാകിസ്ഥാന്‍ സമഗ്ര അന്വേഷണം നടത്താന്‍ സാധ്യതയില്ലെന്ന സംശയത്തിലായിരുന്നു ഇത്. ദസു, ഡയമെര്‍ -ബാഷാ തുടങ്ങിയ അണക്കെട്ടുകളിലെയും തര്‍ബേല 5 എക്സ്റ്റന്‍ഷന്‍റെയും പ്രവര്‍ത്തനം ചൈനീസ് കമ്പനികള്‍ നിര്‍ത്തി വച്ചു. ഇത് ആയിരക്കണക്കിന് പ്രാദേശിക തൊഴിലാളികളുടെ ജീവിതം അവതാളത്തിലാക്കിയിരിക്കുകയാണ്.

സിപിഇസി പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ചൈനക്കാര്‍ പലരും പേടിച്ചിരിക്കുകയാണ്. പലരും മടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. 2021ജൂലൈയില്‍ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ ദാസു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയര്‍മാരുടെ നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ചൈനീസ് ജോലിക്കാരുടെ ഒരു കൂട്ടപ്പലായനം ഉണ്ടായിരുന്നു. പിന്നീട് ഏറെ സമയമെടുത്താണ് ചൈനാക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരികെ എത്തിച്ച് ഇതിന്‍റെ പണി തുടരാനായത്.

പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് സുരക്ഷ വേണമെന്ന് ചൈന നിരന്തരം ആവശ്യപ്പെടുന്നുണ്ട്. 2021ല്‍ കൊല്ലപ്പെട്ട ഒന്‍പത് എന്‍ജിനീയര്‍മാര്‍ക്ക് 380 ലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടിരന്നു. ഇത് ഇസ്‌ലാമാബാദിന് താങ്ങാനാകുന്നതിലും വലിയ തുകയായിരുന്നു. പാകിസ്ഥാന്‍, ഇത് പുനഃപരിശോധിക്കണമെന്ന ആവശ്യം ചൈനയ്ക്ക് മുന്നില്‍ വച്ചിരുന്നു. പിന്നീട് എത്ര പണമാണ് നല്‍കിയത് എന്ന കാര്യം വ്യക്തമല്ല.

2023ഏപ്രിലില്‍ ഒരു ചൈനീസ് എന്‍ജിനീയര്‍ക്കെതിരെ മതനിന്ദ ആരോപണം ഉയര്‍ന്നിരുന്നു. ഇയാളെ പൊലീസ് നാടുകടത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ 23 ചൈനീസ് എന്‍ജിനീയര്‍മാര്‍ യാത്ര ചെയ്‌തിരുന്ന ഒരു ബസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പാകിസ്ഥാന്‍ സേന തുരത്തി. ചൈനാക്കാരുടെ ജീവന് അപകടമുണ്ടായില്ല. 2021ല്‍ ചൈനീസ് സ്ഥാനപതിയടക്കം താമസിക്കേണ്ടിയിരുന്ന ക്വറ്റയിലെ ഒരു ഹോട്ടലിന് നേരെയും ആക്രമണം ഉണ്ടായി. എന്നാല്‍ ആ സമയം ചൈനീസ് സ്ഥാനപതി എത്തിയിരുന്നില്ല. ഒരു മാസത്തിന് ശേഷം ഒരു ചാവേര്‍ ഒരു ബസിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ചൈനീസ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ചൈന നിര്‍മ്മിച്ച കറാച്ചി സര്‍വകലാശാലയിലെ കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റൂട്ടിലെ ജീവനക്കാരായിരുന്നു ഇവര്‍. എല്ലാ ആക്രമണം ഉണ്ടാകുമ്പോഴും ചൈന സമഗ്ര അന്വേഷണം ആവശ്യപ്പെടാറുണ്ട്. പാകിസ്ഥാന്‍ സൈന്യം നാട്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌ത് അവരെ ബലം പ്രയോഗിച്ച് കുറ്റസമ്മതം നടത്തി ജയിലിലാക്കുകയാണ് പതിവ്.

ചൈനാക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പാകിസ്ഥാന്‍ എപ്പോഴും വിദേശ ഇടപെടല്‍ ആരോപിക്കാറുണ്ട്. തങ്ങളുടെ ഓരോ പൗരന്‍മാര്‍ കൊല്ലപ്പെടുമ്പോഴും ചൈനയ്ക്ക് ഉറക്കം നഷ്‌ടമാകുന്നു. എന്നാല്‍ ഇവര്‍ക്ക് തങ്ങളുടെ സ്വപ്‌ന പദ്ധതിയായ സിപിഇസിയില്‍ നിന്ന് പിന്‍മാറാനാകുന്നില്ല. തങ്ങളുടെ എല്ലാ നഷ്‌ടത്തിനുമിടയിലും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കാനാണ് ഇവരുടെ ശ്രമം. പാകിസ്ഥാന് തിരികെ നല്‍കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ചൈന തങ്ങളുടെ പദ്ധതികളിലെല്ലാം ഒരു മെല്ലെപ്പോക്ക് സമീപനമാണ് കൈക്കൊള്ളുന്നത്. പാകിസ്ഥാനാകട്ടെ അമേരിക്ക അടക്കമുള്ള സൗഹൃദ രാജ്യങ്ങളില്‍ നിന്ന് അനുതാപം നേടിയെടുക്കുകയും ചെയ്യുന്നു.

സിപിഇസി പദ്ധതികളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷയ്ക്കായി സ്വന്തം സൈന്യത്തെ വിന്യസിക്കാമെന്ന നിലപാട് ചൈന ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇത്തരം ഒരു തീരുമാനം അംഗീകരിച്ചാല്‍ അത് പാകിസ്ഥാന്‍റെ ചെലവ് വര്‍ധിപ്പിക്കും. മാത്രമല്ല പാകിസ്ഥാന്‍ സൈന്യത്തിന് സ്വന്തം രാജ്യത്ത് പോലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നതിന്‍റെ തെളിവുമാകും. ചൈനീസ് സൈന്യത്തെ പാകിസ്ഥാനില്‍ വിന്യസിക്കുന്നത് അവരുടെ പരമാധികാരത്തെയും ബാധിക്കും. പാകിസ്ഥാന് ഒരിക്കലും നല്‍കാനാകാത്ത നഷ്‌ടപരിഹാരം ആവശ്യപ്പെടലിലേക്കാകും വീണ്ടും ഇതെല്ലാം നയിക്കപ്പെടുക.

ഷെഹബാസ് ഷെരീഫിന്‍റെ ആദ്യ വിദേശ സന്ദര്‍ശനം ചൈനയിലേക്ക് ആയിരിക്കും. അത് ഉടനെ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ബീജിങ്ങിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഈ കൂടിക്കാഴ്‌ചയില്‍ അദ്ദേഹം ആവര്‍ത്തിക്കും. കൂടുതല്‍ നിക്ഷേപത്തിനും കടം പുനക്രമീകരണത്തിനുമുള്ള അഭ്യര്‍ഥനകളും നടത്തിയേക്കും.

പാകിസ്ഥാന്‍ ഇപ്പോഴും കരുതുന്നത് തങ്ങള്‍ ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഏറ്റവും പ്രധാന രാജ്യമാണെന്നാണ്. യഥാര്‍ഥത്തില്‍ വിവിധ ഭീകരസംഘടനകളുടെ തട്ടകമാണ് പാകിസ്ഥാന്‍. ഇവരെ പാകിസ്ഥാന്‍ വിളിക്കുന്നത് നല്ല ഭീകരര്‍ എന്നാണ്. തങ്ങളുടെ അയല്‍രാജ്യങ്ങളായ ഇറാന്‍, അഫ്‌ഗാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തകരുമായി ബന്ധമുള്ള ഭീകരസംഘടനകളെ ഇവര്‍ പിന്തുണയ്ക്കുന്നു. ഇറാനും അഫ്‌ഗാനുമാകട്ടെ പാക് വിരുദ്ധ സംഘടനകളെ തങ്ങളുടെ മണ്ണില്‍ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ചൈനയോടും സിപിഇസിയോടുമുള്ള പാകിസ്ഥാന്‍റെ അമിത ആശ്രയത്വം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. സിപിഇസിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബലൂചിസ്ഥാന്‍ പാകിസ്ഥാനെ നന്നായി ചൂഷണം ചെയ്യുന്നു. അതേസമയം വികസനത്തെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു. ഇത് ബലൂച് സ്വതന്ത്ര സംഘങ്ങളുടെ കൂട്ടായ്‌മയായ ബലൂച് രാജി അജോയ് സങ്കറിലേക്ക് കൂടുതല്‍ ആളെ ചേര്‍ക്കാനുള്ള നടപടിയായും പരിണമിക്കുന്നു. ബലൂചിന്‍റെ പശ്ചിമമേഖലകളായ ബലൂചിസ്ഥാനിലും കെപിയും ഭരണമേ ഇല്ലെന്ന് തന്നെ പറയാം. കെപിയുടെ വലിയൊരു ഭാഗം ടിടിപിയുടെ നിയന്ത്രണത്തിലാണ്. പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ നിത്യേന നടക്കുന്ന ആക്രമണങ്ങള്‍ ആശങ്ക പകരുന്നതാണ്. സിപിഇസിയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇത് പാക് സൈന്യത്തെയും അമ്പരപ്പിക്കുന്നു. ചൈനയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദവും ഉണ്ടാക്കുന്നു.

പഞ്ചാബിലും സിന്ധിലുമുള്ള ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഈ പദ്ധതിയെന്ന് നാട്ടുകാര്‍ കരുതുന്നു. ഇത് തങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും അവര്‍ ചിന്തിക്കുന്നു. അണക്കെട്ടുകളുടെ നിര്‍മ്മാണവും പാതകള്‍ക്ക് വീതികൂട്ടലും മൂലം നഗരവത്ക്കരണം നടക്കുന്നു. ഇത് സ്‌ത്രീകളുടെ ഉന്നമനത്തിനും ആധുനികവത്ക്കരണത്തിനും കാരണമാകും. ഇത് സംസ്‌കാരത്തിനും മതത്തിനും ഭീഷണിയാകുമെന്നും ഇവര്‍ കരുതുന്നു.

സിപിഇസി നിര്‍മ്മാണത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് തങ്ങളുടെ ജനതയെ ബോധവത്ക്കരിക്കാന്‍ പാകിസ്ഥാന് കഴിയണം. ഇതിന്‍റെ നല്ലതും മോശവും ആയ ഭീകര നയങ്ങളില്‍ മാറ്റം കൊണ്ടുവരണം. തങ്ങളുടെ ജനതയിലെ മത സാംസ്‌കാരിക പേടി മാറ്റാനും അധികൃതര്‍ക്ക് കഴിയണം. ഇതിന് കഴിയുന്നില്ലെങ്കില്‍ സ്വന്തം സൈന്യവും സിപിഇസിയും എന്നും ഇവരുടെ ലക്ഷ്യങ്ങളായി തുടരും.

Last Updated : Apr 3, 2024, 10:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.