കേരളം

kerala

ബോളിവുഡ് താര റാണി ആലിയ ഭട്ടിന് ഇന്ന് പിറന്നാൾ

By ETV Bharat Kerala Team

Published : Mar 15, 2024, 1:07 PM IST

കുറഞ്ഞ കാലത്തിനുള്ളിൽ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിലെ മികച്ച നടിയെന്ന് പേരെടുത്ത താരമാണ് ആലിയ ഭട്ട്.

alia bhatt birthday  Actress Alia Bhatt  birthday bash  Bollywood
Bollywood Actress Alia Bhatt celebrates 31st birthday in Mumbai with many popular personalities

ഹൈദരാബാദ് : ബോളിവുഡ് താര റാണി ആലിയ ഭട്ടിന് ഇന്ന് 31-ാം പിറന്നാൾ. താര കുടുംബത്തിൽ നിന്നെത്തിയ ആലിയയെ ചെറുപ്പം മുതൽ ബോളിവുഡ് സിനിമ ലോകത്തിന് പരിചയമുണ്ടെങ്കിലും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാം വിധം നേട്ടമുണ്ടാക്കി ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും അവിടെ നിന്ന് ആഗോള ലക്ഷ്വറി ബ്രാൻഡിന്‍റെ അംബാസഡർ വരെയാകാൻ സാധിച്ചതും താരപുത്രി എന്നതിനപ്പുറം ആലിയയുടെ കഠിന പ്രയത്നം കൊണ്ടുകൂടിയാണ്.

സംവിധായകന്‍ മഹേഷ് ഭട്ട്, അഭിനേത്രി സോണി രസ്‌ദന്‍ എന്നിവരുടെ മകളായി 1993 മാര്‍ച്ച് 15നാണ് ആലിയ ജനിച്ചത്. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌ത സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലാണ് ആലിയ അദ്യമായി നായികയാവുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം താരത്തിന് ലഭിച്ചു. പിന്നീട് ചലച്ചിത്രരംഗത്ത് സജീവമായി.

വാണിജ്യപരമായി മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്‌റ്റേറ്റ്‌സ്, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ, കപൂര്‍ ആന്‍ഡ് സണ്‍സ്, ഡിയര്‍ സിന്ദഗി എന്നിവ അവയില്‍ ചിലതാണ് (Bollywood Actress Alia Bhatt celebrates 31st birthday in Mumbai with many popular personalities).

2014ല്‍ അഭിനയിച്ച ഹൈവേ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഉഡ്‌താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2022-ൽ ഇറങ്ങിയ ഗംഗുഭായ് കത്യവാഡിയിലൂടെ താരം ബോളിവുഡില്‍ തന്‍റെ താര സിംഹാസനം ഉറപ്പിച്ചു. അങ്ങനെ പ്രേക്ഷകർക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന നടിയെന്ന നിലയിൽ തന്നെ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങളിൽ ആലിയ ഭാഗമായി. താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  • ജിഗ്ര: വാസൻ ബാല സംവിധാനം ചെയ്‌ത് കരൺ ജോഹറും ആലിയയും ചേർന്ന് നിർമ്മിച്ച ജിഗ്രയാണ് താരത്തിന്‍റെ വരാനിരിക്കുന്ന ഏറ്റവും അടുത്ത ചിത്രം. ആലിയ ഭട്ടും, വേദാംഗ് റെയ്‌നയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 2024 സെപ്റ്റംബർ 27 ന് തിയേറ്ററുകളിലെത്തും. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നത്. മോണിക്ക ഓ മൈ ഡാർലിങ്, പെഡ്‌ലേഴ്‌സ്, മര്‍ദ് കോ ദർദ് നഹി ഹോത്ത തുടങ്ങിയ സിനിമകളുടെ സംവിധായകൻ വാസൻ ബാല കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിഗ്ര എന്ന സിനിമ പ്രഖ്യാപിച്ചത്. ഒരു സഹോദരിക്ക് തൻ്റെ സഹോദരനോടുള്ള അചഞ്ചലമായ സ്നേഹത്തെയും എന്ത് വിലകൊടുത്തും അവനെ സംരക്ഷിക്കാനുള്ള അവളുടെ നിശ്ചയദാർഢ്യവുമാണ് ചിത്രത്തിന്‍റെ പ്രമേയം.
  • ലവ് & വാർ: സഞ്ജയ് ലീല ബൻസാലിയുടെ വരാനിരിക്കുന്ന ചിത്രമാണ് ലവ് & വാർ. ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2025 ക്രിസ്‌മസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. 2022-ൽ ഗംഗുഭായ് കത്യവാഡി എന്ന വിജയകരമായ ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലിയും ആലിയ ഭട്ടും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലവ് & വാർ.
  • ജീ ലെ സരാ: ഫർഹാൻ അക്തറിൻ്റെ ജീ ലെ സരായില്‍ പ്രിയങ്ക ചോപ്രയ്ക്കും കത്രീന കൈഫിനുമൊപ്പം ആലിയ ഭട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. സോയ അക്തർ, ഫർഹാൻ അക്തർ, റീമ കഗ്‌തി എന്നിവർ ചേർന്ന് എഴുതിയ ചിത്രം റീമ കഗ്‌തി, സോയ അക്തർ, റിതേഷ് സിദ്ധ്വാനി, ഫർഹാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദിൽ ചാഹ്താ ഹേ, സിന്ദഗി നാ മിലേഗി ദൊബാര എന്നിവയ്ക്ക് സമാനമായി സൗഹൃദത്തിൻ്റെ ഹൃദയസ്‌പർശിയായ മറ്റൊരു കഥയായിരിക്കുമെന്നാണ് സൂചന.
  • ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം - ദേവ്: ആലിയ ഭട്ടും, ഭർത്താവ് രൺബീർ കപൂറും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയാണ് ബ്രഹ്മാസ്ത്ര. ഇപ്പോഴിതാ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തില്‍ ഇഷയുടെ വേഷം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആലിയ. അയാൻ മുഖർജി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2026 ഡിസംബറിൽ പുറത്തിറങ്ങും.

ABOUT THE AUTHOR

...view details