കേരളം

kerala

ETV Bharat / bharat

കോൺഗ്രസിന്‍റെ അജണ്ട അധിക്ഷേപിക്കൽ മാത്രം; ജാതി പരാമർശത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

കോൺഗ്രസ് തനിക്കെതിരെ നടത്തിയ ജാതീയ പരാമർശങ്ങളിൽ തിരിച്ചടിച്ച് പ്രധാനമന്ത്രി. കോൺഗ്രസിന് തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയും ഇല്ലെന്ന് മോദി.

Modi Attacked the Congress Over Comments About His Cast
Modi Attacked the Congress Over Comments About His Cast

By ETV Bharat Kerala Team

Published : Feb 22, 2024, 10:10 PM IST

നവസാരി:തൻ്റെ ജാതിയെപ്പറ്റി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയും ഇല്ലെന്ന് മോദി തുറന്നടിച്ചു. അവരുടെ ഈ മനോഭാവം ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ നേടാനുള്ള നിശ്ചയദാർഢ്യത്തെ ഊട്ടിയുറപ്പിക്കുമെന്നും ദക്ഷിണ ഗുജറാത്തിലെ നവസാരിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ മോദി പറഞ്ഞു.

"കോൺഗ്രസിന്‍റെ ആളുകൾ മോദിയുടെ ജാതിയെ എങ്ങനെയൊക്കെ അധിക്ഷേപിച്ചെന്ന് നിങ്ങൾ കണ്ടു. എന്നാൽ നിങ്ങൾ എത്രയധികം അധിക്ഷേപങ്ങൾ ചൊരിയുന്നോ, അത്രതന്നെ ഞങ്ങൾക്ക് 400 സീറ്റ് കടക്കാനുള്ള നിശ്ചയദാർഢ്യവും ശക്‌തമാകും."മോദി പറഞ്ഞു.

കോൺഗ്രസിന് രാജ്യത്തിന് വേണ്ടി ഒരു അജണ്ടയും ഇല്ലെന്നും തന്നെ അധിക്ഷേപിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

"അവർ എത്ര ചെളി വാരി എറിയുന്നുവോ അത്രയും മഹത്വത്തോടെ തന്നെ 370 താമരകൾ പൂക്കും. മോദിയെ ആക്ഷേപിക്കുക എന്നതൊഴിച്ചാൽ കോൺഗ്രസിന് ഭാവിയിൽ മറ്റൊരു അജണ്ടയുമില്ല.”പ്രധാനമന്ത്രി പറഞ്ഞു.

ഒരു പാർട്ടി സ്വജനപക്ഷപാതത്തിൻ്റെ പിടിയിലാകുമ്പോൾ ആരും ആ കുടുംബത്തിന് അതീതരല്ലെന്നും മോദി ചൂണ്ടിക്കാട്ടി. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയ ലക്ഷ്യമായി മാറുമ്പോൾ അവർ രാജ്യത്തിൻ്റെ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

തൻ്റെ സർക്കാർ ദരിദ്രർക്കായി 4 കോടിയോളം കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചു നൽകിയതായും പ്രധാനമന്ത്രി നവസാരിയിലെ പരിപാടിയിൽ അവകാശപ്പെട്ടു. ചടങ്ങിൽ നിരവധി വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചു. പിഎം മെഗാ ഇൻ്റഗ്രേറ്റഡ് ടെകക്‌സ്‌റ്റൈല്‍ റീജിയണിൻ്റെയും അപ്പാരൽ പാർക്കിൻ്റെയും (പിഎം മിത്ര) നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

മോദി ഒബിസി അല്ലെന്ന് രാഹുൽ: ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പറഞ്ഞിരുന്നു. മോദി ഒബിസി വിഭാഗത്തിൽ ജനിച്ചയാളല്ല, ജനറൽ വിഭാഗത്തിലാണ് മോദി ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യായ് യാത്ര ഒഡിഷയിലെത്തിയപ്പോൾ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഈ പരാമർശം നടത്തിയത്.

"ബിജെപി പ്രവർത്തകർ നിങ്ങളുടെ അടുക്കലെത്തുമ്പോൾ നിങ്ങൾ അവരോട് ഒരു കാര്യം പറയണം. നമ്മുടെ പ്രധാനമന്ത്രി താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവനാണെന്ന് രാജ്യത്തോട് മുഴുവൻ കള്ളം പറയുകയായിരുന്നു. പിന്നാക്ക വിഭാഗത്തിലല്ല മോദി ജനിച്ചത്, മറിച്ച് ജനറൽ വിഭാഗത്തിലാണ്. നിങ്ങൾ ഇത് എല്ലാ ബിജെപി പ്രവർത്തകരോടും പറയൂ."-രാഹുൽ ഗാന്ധി പറഞ്ഞു.

മോദി 'തെലി' ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. 2000ത്തിൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Also Read: മോദി ആളുകളെ കബളിപ്പിക്കുകയാണെന്ന്‌ രാഹുല്‍ ഗാന്ധി; മറുപടിയുമായി ബിജെപി സര്‍ക്കാര്‍

പ്രധാനമന്ത്രി അടുത്തിടെ പാർലമെൻ്റിൽ 'സബ്‌സേ ബഡാ ഒബിസി' (ഏറ്റവും വലിയ ഒബിസി) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. പിന്നാക്ക സമുദായ നേതാക്കളുമായി ഇടപഴകുമ്പോൾ കോൺഗ്രസ് കാപട്യം കാണിക്കുകയും ഇരട്ടത്താപ്പ് സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന.

ABOUT THE AUTHOR

...view details