ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജാതി പരാമര്‍ശത്തില്‍ മറുപടിയുമായി ബിജെപി സര്‍ക്കാര്‍ (Rahul Gandhi Claims PM Modi Not OBC By Birth). ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി തന്‍റെ ജാതിയെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിയുടെ വാദം പച്ചക്കള്ളമാണെന്ന് ബിജെപി.
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് രണ്ട് വർഷം മുമ്പ് 1999 ഒക്‌ടോബർ 27 ന് പ്രധാനമന്ത്രിയുടെ ജാതി ഒബിസിയായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളതായി ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ എക്‌സിൽ പോസ്റ്റ് ചെയ്‌തു. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള മുഴുവൻ നെഹ്‌റു, ഗാന്ധി കുടുംബവും ഒബിസികൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംസാരിക്കവെ, മോദി ഒബിസി കുടുംബത്തിലല്ല ജനിച്ചതെന്നും ഒബിസിയായി സ്വയം വിശേഷിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാർലമെന്‍റിൽ സബ്സെ ബഡാ ഒബിസിയെന്ന് പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഗാന്ധിയുടെ പരാമർശം.
മോദിജി താങ്കള്‍ ഒബിസി ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, തെലി ജാതിയിലെ കുടുംബത്തിലാണ് മോദി ജനിച്ചതെന്നും ഗുജറാത്തില്‍ ബിജെപി ഭരിക്കുന്ന കാലത്താണ് തെലിയെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ ഗാന്ധിയുടെ പരാമര്‍ശം. ഇത് എല്ലാ ബിജെപി പ്രവര്‍ത്തകരും അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി മോദിയുടെ പ്രസംഗത്തില്‍ കോൺഗ്രസും യുപിഎ സർക്കാരും ഒബിസിക്കാർക്ക് നീതി നൽകിയില്ലെന്നും ആരോപിച്ചു. ഒബിസിക്കാരെ കോൺഗ്രസിന് സഹിക്കാനാകില്ലെന്നും സർക്കാരിൽ എത്ര ഒബിസിക്കാരുണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നതെന്നുമായിരുന്നു മോദി ആരോപിച്ചിരുന്നു.
ഒഡിഷയിലെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് വ്യാഴാഴ്‌ച സമാപനമായി. ഫെബ്രുവരി 11 ന് ഛത്തീസ്‌ഗഢിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. മണിപ്പൂരിലെ തൗബാലിൽ നിന്ന് ജനുവരി 14 ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങളിലായി 6,700 കിലോമീറ്റർ ദൂരത്തിൽ 110 ജില്ലകളാണ് താണ്ടുന്നത്. മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.