കേരളം

kerala

മാവോയിസ്റ്റ് ബന്ധം; ജിഎൻ സായിബാബയെയടക്കം 6 പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

By ETV Bharat Kerala Team

Published : Mar 5, 2024, 1:04 PM IST

ബോംബെ ഹൈക്കോടതിയില്‍ ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

Maoist Links Case  GN Saibaba  Delhi University professor  മാവോയിസ്റ്റ് കേസ്  ജി എൻ സായിബാബ
Mumbai High court Nagpur Bench acquits former Delhi University professor G N Saibaba and 5 others in Maoist Links Case

മുംബൈ:മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ കേസ് ചുമത്തിയ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. കേസില്‍ സായി ബാബയെ കൂടാതെ മറ്റ് അഞ്ചു പേരെ കൂടി ഹൈക്കോടതി വെറുതെ വിട്ടു.

ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് (Mumbai High court acquits former Delhi University professor GN Saibaba in Maoist Links Case). 2014ലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സായിബാബ അറസ്റ്റ് ചെയ്യപ്പെടുന്നത്. റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്.

ആർഡിഎഫ് പോലുള്ള സംഘടനകളുടെ മറവിൽ സിപിഐ മാവോയിസ്റ്റിനു വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു സായി ബാബയ്‌ക്കെതിരെ ഉണ്ടായിരുന്ന ആരോപണം. ലഘുലേഖകളും, ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബയ്‌ക്കെതിരെ പൊലീസ് ഹാജരാക്കിയത്. സായിബാബയോടൊപ്പം കേസിൽ കുറ്റാരോപിതനായ പണ്ഡ് നെറോത്തെ 2022 ഓഗസ്റ്റിൽ മരണപ്പെട്ടിരുന്നു.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. 2017-ൽ, മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ല സെഷൻസ് കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന കാരണത്താല്‍ സായിബാബയെ കൂടാതെ ഒരു പത്രപ്രവർത്തകനെയും, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥിയുൾപ്പെടെ ആറ് പേരെ കുറ്റക്കാരായി വിധിക്കുകയായിരുന്നു. യുഎപിഎ ഉള്‍പ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് വിചാരണ കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2022 ഒക്ടോബർ 14-ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് സായിബാബയെ കുറ്റവിമുക്തനാക്കി. എന്നാല്‍, ഈ തീരുമാനത്തെ ചോദ്യം ചെയ്‌ത് മഹാരാഷ്ട്ര സർക്കാർ അന്നുതന്നെ സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ, ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു (Mumbai High court acquits former Delhi University professor GN Saibaba in Maoist Links Case)

ഗഡ്‌ചിറോളി സെഷൻസ് കോടതിയിൽ കേസിന്‍റെ വാദം നടക്കുന്ന സാഹചര്യത്തിലാണ് സായിബാബയുൾപ്പെടെ ആറ് പേർ അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാൽ എല്ലാ പ്രതികളെയും വെറുതെ വിടുന്നതായി ബെഞ്ച് വിധി പറഞ്ഞു.

മാവോയിസ്റ്റ് ബന്ധത്തെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നതിനാല്‍ തന്നെ 2021 മാർച്ചിൽ ഡൽഹി യൂണിവേഴ്‌സിറ്റി കോളജ് സർവീസിൽ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. ശാരീരിക അവശതകൾ മൂലം വീൽചെയറിൽ കഴിയുന്ന സായിബാബ 2014-ൽ കേസിൽ അറസ്റ്റിലായത് മുതൽ നാഗ്‌പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

ABOUT THE AUTHOR

...view details