കേരളം

kerala

സനാതന ധര്‍മ്മ വിവാദം; ഉദയ നിധി സ്റ്റാലിനും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

By ETV Bharat Kerala Team

Published : Mar 6, 2024, 4:32 PM IST

സനാതനധര്‍മ്മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനടക്കമുള്ളവര്‍ക്കെതിരെയുള്ള ക്വവാറന്‍റോ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തോടെ പ്രസ്‌താവനകള്‍ നടത്തണമെന്നും കോടതി.

Udhayanidhi Stalin  Sanatana Dharma Row  Madras Highcourt  സനാതന ധര്‍മ്മം  ഉദയ നിധി സ്റ്റാലിന്‍
Sanatana Dharma Row: Madras HC Dismisses Petitions Against Udhayanidhi Stalin, Other TN Ministers

ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിനും ശേകര്‍ ബാബുവിനും ലോക്‌സഭാംഗം എ രാജയ്ക്കുമെതിരെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍റെ മകനാണ് ഉദയനിധി സ്റ്റാലിന്‍(Udhayanidhi Stalin).

സനാതന ധര്‍മ്മം ഇല്ലായ്മ ചെയ്യണമെന്ന് 2023 സെപ്റ്റംബറില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ആഹ്വാനം ചെയ്‌തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഇത് തുടച്ച് നീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശങ്ങള്‍(Sanatana Dharma Row).

രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരും മറ്റൊരാളും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനിത സുമന്ത് തള്ളിയത്. ഡിഎംകെ നേതാക്കള്‍ അവരുടെ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സനാതന ധര്‍മ്മ വിരുദ്ധയോഗത്തില്‍ പങ്കെടുക്കുകയും മതപരമായ ആചാരങ്ങള്‍ക്കെതിരെ പ്രസംഗം നടത്തുകയും ചെയ്‌ത ഡിഎംകെ നേതാക്കള്‍ക്ക് ജനപ്രതിനിധികളായി തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹിന്ദുമുന്നണിയുടെ ഭാരവാഹിയായ ടി മനോഹറും മറ്റ് രണ്ട് പേരും ക്വവാറന്‍റോ ഹര്‍ജികളാണ് നല്‍കിയിരുന്നത്(Madras Highcourt).

ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള പ്രസ്‌താവനകള്‍ നടത്തണമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചു. പ്രസ്‌താവനകള്‍ നടത്തും മുമ്പ് ചരിത്ര വസ്‌തുതകള്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിനടക്കമുള്ളവരെ അവരുടെ പദവികളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ടി മനോഹറിന്‍റെ ഹര്‍ജി കോടതി തള്ളിയെന്ന് അഭിഭാഷകന്‍ പി വില്‍സണ്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ യുവജനക്ഷേമ-കായികമന്ത്രിയായ ഉദയനിധിക്കെതിരെ കടുത്ത ഭാഷയിലാണ് ബിജെപി രംഗത്ത് എത്തിയത്. എന്നാല്‍ താന്‍ തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സനാതന ധര്‍മ്മത്തെ താന്‍ എക്കാലവും എതിര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിങ്കളാഴ്‌ച സുപ്രീം കോടതി ഉദയനിധിയുടെ പരാമര്‍ശങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഭരണഘടനയുടെ 19(1)ന്‍റെ (അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം)ദുരുപയോഗമാണ് നടത്തിയത് എന്ന് അറിയാമോ എന്നും സുപ്രീം കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിങ്വി ഉദയനിധിക്ക് വേണ്ടി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹാജരായി.

ഉദയനിധിക്കെതിരെ കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു, മഹാരാഷ്‌ട്ര കോടതികളിലും കേസുകള്‍ നിലവിലുണ്ടെന്ന് സിങ്വി വ്യക്തമാക്കി. സനാതന ധര്‍മ്മ വിവാദത്തില്‍ വിവിധ കോടതികളിലെ ഹര്‍ജികള്‍ ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉദയനിധി സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ കേസുകളെക്കുറിച്ചും സിങ്വി കോടതിയെ ബോധിപ്പിച്ചു.

Also Read: സനാതന ധർമ്മ പരാമർശം; മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതിയുടെ സമൻസ്, ഹാജരാകാന്‍ നിര്‍ദേശം

ABOUT THE AUTHOR

...view details