ETV Bharat / bharat

സനാതന ധർമ്മ പരാമർശം; മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതിയുടെ സമൻസ്, ഹാജരാകാന്‍ നിര്‍ദേശം

author img

By ETV Bharat Kerala Team

Published : Mar 5, 2024, 12:45 PM IST

ബെംഗളൂരുവിലെ പരമേഷ് എന്നയാളാണ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കോടതിയിൽ പരാതി നൽകിയത്.

Bengaluru Court Summons  Udayanidhi Stalin  Sanatana Dharma  സനാതന ധര്‍മ പരാമര്‍ശം  ഉദയനിധി സ്റ്റാലിന്‍
Bengaluru Court Summons Tamil Nadu Minister Udayanidhi Stalin Over Sanatana Dharma Remarks

ബെംഗളൂരു: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാലുപേർക്കെതിരെ രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസ് പരിഗണിച്ച ബാംഗ്ലൂരിലെ ജനപ്രതിനിധികളുടെ പ്രത്യേക (മജിസ്‌ട്രേറ്റ്) കോടതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. ഏപ്രില്‍ 26നാണ് കേസില്‍ വാദം കേള്‍ക്കുന്നത് (Bengaluru Court Summons to Udayanidhi Stalin).

ഉദയനിധി സ്റ്റാലിനെ കൂടാതെ കേസിലെ രണ്ടാം പ്രതി തമിഴ്‌നാട്ടിലെ എഴുത്തുകാരനായ എസ് വെങ്കിടേഷ്, മൂന്നാം പ്രതി റൈറ്റേഴ്‌സ് സംസ്ഥാന പ്രസിഡൻ്റ് മധുകർ രാമലിംഗം, നാലാം പ്രതി ആദവൻ ദിച്ചന്യ (ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി) എന്നിവർക്കും നേരിട്ട് ഹാജരാകാൻ കോടതി സമൻസ് അയച്ചിട്ടുണ്ട്.

സനാതന ധര്‍മ്മത്തിനെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനോട് മാർച്ച് നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ, കേസിലെ പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥൻ മുഖേന സമൻസ് അയക്കേണ്ടതായിരുന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇതനുസരിച്ച് അധികാരപരിധിയിലുള്ള പൊലീസ് ഓഫീസർ മുഖേന കേസിലെ പ്രതികൾക്ക് കോടതി പുതിയ സമൻസ് അയച്ചത്.

സനാതന ധർമ്മത്തിനെതിരായ പരാമർശങ്ങളുടെ പേരിൽ ഉദയനിധി സ്റ്റാലിനെ സുപ്രീം കോടതി ശാസിച്ച ദിവസം തന്നെയാണ് കോടതി സമൻസും. മന്ത്രിയുടെ വിവാദ പ്രസ്‌താവനയില്‍ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം ഉദയനിധി സ്റ്റാലിൻ ലംഘിച്ചെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേത് ആണ് പരാമർശം.

കേസിന്‍റെ പശ്ചാത്തലം: 2023 സെപ്റ്റംബറിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ, സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് എന്നിവയോട് ഉപമിച്ച മന്ത്രി ഇത് പൂർണമായും ഇല്ലാതാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

സനാതന ധർമം കേവലം എതിർക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധിയുടെ വിവാദമായ പ്രസ്‌താവന. ഇതിനെതിരെ ആറ് സംസ്ഥാനങ്ങളിൽ ഉദയനിധിക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട് (Bengaluru Court Summons to Udayanidhi Stalin).

Also Read : സനാതന ധർമം; വിവാദ പ്രസ്‌താവനയിൽ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമര്‍ശനം

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ പരമേഷ് എന്നയാളാണ് മന്ത്രിക്കെതിരെ കോടതിയിൽ പരാതി നൽകിയത്. ജാതിവ്യവസ്ഥയെ ആണ് താൻ എതിര്‍ക്കുന്നതെന്ന് പിന്നീട് ഉദയനിധി സ്റ്റാലിൻ വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയം ബിജെപി ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.