കേരളം

kerala

'പൗരത്വ ഭേദഗതി നിയമം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും' ; പ്രഖ്യാപനവുമായി അമിത് ഷാ

By ETV Bharat Kerala Team

Published : Feb 10, 2024, 5:33 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംശയമില്ലെന്നും അമിത് ഷാ

Citizenship Amendment Act  Amit Shah on Lok Sabha Polls  CAA To Be Implemented  പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അമിത് ഷാ
Citizenship Amendment Act

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം (സിറ്റിസെന്‍ഷിപ്പ്‌ അമെന്‍മെന്‍ഡ്‌ ആക്‌ട്‌ - സിഎഎ) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ഡിസംബറിൽ പാർലമെന്‍റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമം വൈകാതെ വിജ്ഞാപനം ചെയ്‌ത്‌ പ്രാബല്യത്തിലാക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ അറിയിച്ചത്.

സിഎഎ രാജ്യത്തിന്‍റെ നിയമമാണ്, തെരഞ്ഞെടുപ്പിന് മുമ്പ് അത് തീർച്ചയായും നടപ്പാക്കും. പൗരത്വ ഭേദഗതി നിയമം കോൺഗ്രസ് സർക്കാരിന്‍റെ വാഗ്‌ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും സമീപ രാജ്യങ്ങളിൽ അവിടുത്തെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്‌തപ്പോൾ, അഭയാർഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കോൺഗ്രസ് പിന്നോട്ടുപോവുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സമുദായം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഈ നിയമത്തിന്‌ ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്ന നടപടിയാണിത്. പൗരത്വം നൽകാനാണിത്‌ കൊണ്ടുവന്നത്. ആരുടേയും പൗരത്വം എടുത്തുകളയാനല്ലെന്നും അദ്ദേഹം പറഞ്ഞു.

2019ൽ മോദി സർക്കാർ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്‌ത്യാനികൾ എന്നിവരുൾപ്പടെ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്.

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഷാ പ്രതികരിച്ചു. ബിജെപിക്ക് 370 സീറ്റുകളെങ്കിലും ലഭിക്കും. എൻഡിഎയ്ക്ക് ആകെ 400 ലധികം സീറ്റുകള്‍ കിട്ടും. അത്തരത്തില്‍ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റ് പാർട്ടികളും പ്രതിപക്ഷ ബെഞ്ചുകളിൽ തന്നെ ഇരിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.

ABOUT THE AUTHOR

...view details