ശ്രീനഗര്‍ : മാര്‍ച്ച് 7 ന് കാശ്‌മീരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തില്‍ 7000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളില്‍ നിയോഗിച്ച് ഭരണകൂടം. പരിപാടിയുടെ വേദി ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ (എസ്‌കെഐസിസി) നിന്ന് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലേക്ക് മാറ്റി. റാലിയില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ എസ്‌കെഐസിസിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വേദി മാറ്റിയത്. സീറ്റിംഗ് കപ്പാസിറ്റിക്ക് പേരുകേട്ട സ്റ്റേഡിയമാണ് ബക്ഷി സ്റ്റേഡിയം. 2019 ഓഗസ്റ്റിൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി കാശ്‌മീർ സന്ദർശിക്കാനെത്തുന്നത്.
ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് 221 നോഡൽ ഓഫീസര്‍മാരെയും ബസുകളും ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.ഉദ്യോസ്ഥരില്‍ വലിയൊരു പങ്കും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളവരാണ്. 1825 ജീവനക്കാരാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളത്. 1518 പേർ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുമുണ്ട്.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും ബക്ഷി സ്റ്റേഡിയത്തില്‍ മുപ്പത്തിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ, റാലിയിൽ പങ്കെടുക്കുന്നവരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും വെരിഫിക്കേഷൻ നടപടികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) ആരംഭിച്ചു. വെരിഫിക്കേഷൻ നടപടികൾ സാധാരണമാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം പോലുള്ള പരിപാടികളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെയും വിശിഷ്‌ട വ്യക്തികളുടെയും സുരക്ഷയ്ക്കായി ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.