ETV Bharat / bharat

പശ്ചിമബംഗാളിലെ മുഴുവന്‍ സീറ്റുകളും പിടിക്കണമെന്ന ആഹ്വാനവുമായി മോദി

author img

By ETV Bharat Kerala Team

Published : Mar 2, 2024, 5:38 PM IST

തൃണമൂല്‍കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളില്‍, സര്‍ക്കാര്‍ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നെന്നും മോദി.

Modi target  Election2024  Bengal BJP  Citizenship Amendment Act  പശ്ചിമബംഗാള്‍ സന്ദര്‍ശനം
Modi's target for Bengal BJP 42 out of 42 LS seats

കൃഷ്‌ണനഗര്‍(പശ്ചിമബംഗാള്‍):തൃണമൂല്‍ സര്‍ക്കാര്‍ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമാണ് മോദി മമതാ ബാനര്‍ജിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയത്(Election2024).

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42ല്‍ 42 സീറ്റും ബിജെപി നേടണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. നേരത്തെ അമിത് ഷാ 35 സീറ്റ് ലക്ഷ്യം വയ്ക്കണമെന്നാണ് പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്( Bengal BJP).

അതേസമയം നാദിയ ജില്ലയിലെ കൃഷ്‌ണനഗറില്‍ വന്‍ ജനസാഗരത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിനെക്കുറിച്ച് മോദി ഒരക്ഷരം പോലും ഉരിയാടില്ലെന്നതും ശ്രദ്ധേയമാണ്. ഇവിടെ മാത്വ വോട്ടുകളുടെ കേന്ദ്രമാണ്. പശ്ചിമബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പിന്നാക്ക വിഭാഗമാണ് മാത്വ. നോര്‍ത്ത്24 പര്‍ഗാന, നാദിയ ജില്ലകളിലായി കിടക്കുന്ന അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണിത്. മാത്വ ജനവിഭാഗം മൊത്തം ജനസംഖ്യയുടെ നാല്‍പ്പത് ശതമാനമുള്ള ബോനഗാവ്, രണഘട്ട് ലോക്‌സഭാ സീറ്റുകള്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയിരുന്നു. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ജില്ലകളിലുമായുള്ള പതിനഞ്ച് സീറ്റില്‍ പതിനാലും ബിജെപി നേടി(Citizenship Amendment Act).

കൃഷ്ണമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ബംഗാള്‍ സാമൂഹ്യപരിഷ്ക്കര്‍ത്താവ് ആയിരുന്ന ചൈതന്യ മഹാപ്രഭുവിന്‍റെ ജന്മസ്ഥലം കൂടിയാണിത്. പെട്ടെന്ന് തന്‍റെ പ്രസംഗത്തിന്‍റെ ദിശ അദ്ദേഹം തൃണമൂല്‍ സര്‍ക്കാരിലേക്ക് തിരിക്കുകയും ചെയ്‌തു. തൃണമൂല്‍ കോണ്‍ഗ്രസ് എന്നാല്‍ തൂ-നിങ്ങള്‍ മേം-ഞാന്‍, അഴിമതി എന്നാണെന്നും മോദി ചൂണ്ടിക്കാട്ടി. ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അവര്‍ക്ക് കമ്മീഷനാണ് വേണ്ടതെന്നും മോദി ആരോപിച്ചു.

ബംഗാളിലെ ആദ്യ അഖിലേന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താന്‍ കല്യാണിയില്‍ ഉദ്ഘാടനം ചെയ്‌തു. എന്നാല്‍ മലിനീകരണവും പരിസ്ഥിതി ആഘാതവും ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാന്‍ ഇവര്‍ അനുമതി നല്‍കിയില്ല. കമ്മീഷന്‍ നല്‍കിയില്ലെങ്കില്‍ ഇവര്‍ അനുമതി നല്‍കില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിയെ ബംഗാള്‍ സര്‍ക്കാര്‍ എങ്ങനെയാണ് സ്ഥാപനവത്ക്കരിച്ചതെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും അറിയണം. ഉജ്വല ഭാരത്, ആയൂഷ്മാന്‍ ഭാരത്, എല്ലാ വീടുകളിലു കുടിവെള്ളം പോലുള്ള കേന്ദ്രപദ്ധതികല്‍ ഇവിടെ നടപ്പാക്കാന്‍ തൃണമൂല്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. അവര്‍ പദ്ധതികളുടെ പേര് മാറ്റുകയും ലളിതമായി അതില്‍ ഓരോ സ്റ്റിക്കറുകള്‍ പതിപ്പിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് 25 ലക്ഷം വ്യാജ തൊഴിലുറപ്പ് കാര്‍ഡുകള്‍ കണ്ടെത്തിയത് മറ്റൊരു വലിയ അഴിമതിയാണെന്നും മോദി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ ഓരോ പദ്ധതികളെയും തൃണമൂല്‍ സര്‍ക്കാര്‍ അഴിമതികളാക്കി മാറ്റുകയാണ്. കേന്ദ്രത്തിന്‍റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് കൊല്ലം കൂടി തുടരുമെന്നും മോദി പറഞ്ഞു.

സന്ദേശ്ഖാലിയിലെ മുഴുവന്‍ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തവും തൃണമൂല്‍ സര്‍ക്കാരിന്‍റെ മേല്‍ രണ്ടാം ദിവസവും മോദി കെട്ടി വച്ചു. ബംഗാളില്‍ പൊലീസല്ല കുറ്റവാളികളാണ് എപ്പോള്‍ കീഴടങ്ങണമെന്നും അറസ്റ്റ് ചെയ്യപ്പെടണമെന്നും തീരുമാനിക്കുന്നതെന്നും മോദി ആരോപിച്ചു. സന്ദേശഖാലി വിഷയത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല. സന്ദേശ്ഖാലിയിലെ സ്‌ത്രീകളുടെ കരച്ചില്‍ കേള്‍ക്കാന്‍ ഇവിടെയാര്‍ക്കും സമയമില്ല. ബിജെപിയുടെ പ്രക്ഷോഭവും പ്രതിഷേധവും മൂലമാണ് ചില നടപടികളെങ്കിലും കൈക്കൊണ്ടതെന്നും മോദി അവകാശപ്പെട്ടു. മാ-അമ്മ, മതി-ഭൂമി, മനുഷ്യര്‍ എന്നതാണ് തൃണമൂലിന്‍റെ മുദ്രാവാക്യം. എന്നാല്‍ ഇവരുടെ ഭരണത്തില്‍ ഇവരെല്ലാം കരയുകയാണ്.

ഭക്ഷ്യവസ്‌തുക്കളും പഞ്ചസാരയും നിര്‍ബന്ധമായും ചണച്ചാക്കുകളില്‍ തന്നെ സംഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി മോദി പറഞ്ഞു. നാദിയ ജില്ലയില്‍ ധാരാളം ചണക്കര്‍ഷകരുള്ള സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ പ്രസ്‌താവന. എന്നാല്‍ തൃണമൂല്‍ സര്‍ക്കാര്‍ ഈ മേഖലയെയും തകര്‍ത്തിരിക്കുകയാണെന്നും മോദി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ വന്‍ ആഹ്ലാദപ്രകടനങ്ങളോടെയാണ് തുറന്ന എസ്‌യുപിയില്‍ മോദി റാലിയുടെ വേദിയിലേക്ക് എത്തിയത്. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി.

മൂന്ന് മെട്രോ റെയില്‍ ഇടനാഴികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ആറാം തീയതിയും സംസ്ഥാനത്ത് എത്തുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമെ ഹൗറയ്ക്കും എസ്പ്ലനാടിനുമിടയില്‍ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ ജലമെട്രോ ട്രെയിനും ഉദ്ഘാടനം ചെയ്യും. അതേ ദിവസം തന്നെ ബറാസത്തില്‍ ഒരു റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Also Read: പശ്ചിമ ബംഗാളിലും ബിഹാറിലും കോടികളുടെ പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.