കേരളം

kerala

അവസാന വേദിയിലും ആസ്വാദകരെ ത്രസിപ്പിച്ച കെകെ ; വിങ്ങലായി നസ്റുല്‍ മഞ്ചില്‍ നിന്നുള്ള ദൃശ്യം

By

Published : Jun 1, 2022, 9:36 AM IST

പാതിയില്‍ നിലച്ച പാട്ടുപോലെ സംഗീത സാന്ദ്രമായ ജീവിതത്തിന് വിരാമമിട്ട് കെകെ മടങ്ങുമ്പോള്‍ ബാക്കിയാകുന്നത് നിരവധി ഗാനങ്ങള്‍. പാടിയതിലേറെയും ഹിറ്റുകള്‍. കെകെയുടെ പാട്ടുകള്‍ക്ക് ആരാധക ഹൃദയങ്ങള്‍ കീഴടക്കാന്‍ ഭാഷ തെല്ലും തടസമായില്ല. ശബ്‌ദം കൊണ്ട് ജാലവിദ്യ കാണിച്ച് കെകെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ കൂടുകൂട്ടുകയായിരുന്നു. തന്‍റെ അവസാന വേദിയില്‍, മരണമെത്തുന്നതിന് തൊട്ടുമുന്‍പും പതിവുപോലെ ആസ്വാദകരെ ത്രസിപ്പിക്കുകയായിരുന്നു അദ്ദേഹം. ആംഗോ മേ തേരിയും, ഖുദാ ജാനേയുമെല്ലാം ലവലേശം താളം പിഴക്കാതെ പാടിത്തീര്‍ത്ത് ആസ്വാദകര്‍ക്ക് വിസ്‌മയകരമായ സംഗീത രാവ് സമ്മാനിച്ച് മടങ്ങി. എന്നാല്‍ അത് നിത്യയാത്രയാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച് ഓഡിറ്റോറിയമായിരുന്നു കെകെയുടെ അവസാന വേദി. കാണികള്‍ പകര്‍ന്ന ആവേശത്തില്‍ കെകെ എന്നത്തേതും പോലെ മനോഹരമായി പാടി. പാട്ടിന്‍റെ ഇടയില്‍ ആരാധകര്‍ക്കായി ശബ്‌ദം കൊണ്ട് ചെറിയ ജാലവിദ്യകള്‍. അവസാനമായി പ്രിയ ഗായകന്‍ തന്‍റെ കരിയറിലെ തന്നെ മികച്ച പാട്ടുകളിലൊന്നായ ആംഗോ മേ തേരി പാടി, സദസും കെകെയും ഒരുപോലെ ആവേശത്തിലായിരുന്നു. ചില അസ്വസ്ഥതകള്‍ വേട്ടയാടി തുടങ്ങിയപ്പോഴാണ് വിശ്രമിക്കാനായി താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയത്. അത് അവസാനവേദിയാകുമെന്നറിയാതെ കെ കെ ഇറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരനെ ഇനിയൊരിക്കലും നേരില്‍ കേള്‍ക്കാന്‍ കഴിയില്ലെന്നറിയാതെ ആരാധകരും ഓഡിറ്റോറിയം വിട്ടു. ഹോട്ടലിലെത്തിയ കെകെ കോണിപ്പടിയില്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ അടുത്തുള്ള സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details