കേരളം

kerala

Defamation Case | രാഹുൽ ഗാന്ധി രാജ്യവിരുദ്ധമായി പ്രസംഗിച്ചിട്ടില്ല, ഇത് രാഷ്‌ട്രീയ വൈരം : എളമരം കരീം

By

Published : Jul 7, 2023, 3:14 PM IST

സിപിഎം നേതാവ് എളമരം കരീം

തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാഷ്‌ട്രീയ  വൈരാഗ്യം കൊണ്ട് വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് എളമരം കരീം. കര്‍ണാടകയിലെ കോലാറില്‍ നടത്തിയെന്ന് പറയുന്ന പ്രസംഗത്തില്‍ അദ്ദേഹം രാജ്യ വിരുദ്ധമായെന്തെങ്കിലും പറഞ്ഞതായി ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിട്ടില്ല. മോദി പരാമര്‍ശ കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം രാഷ്‌ട്രീയം മാത്രമാണ് പറഞ്ഞത്. എന്നാല്‍ അതിന്‍റെ പേരില്‍ അദ്ദേഹം വേട്ടയാടപ്പെടുകയാണിപ്പോള്‍. ഇത് ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി ശരിയല്ലെന്നും എളമരം കരീം പറഞ്ഞു. സ്വാഭാവികമായ നീതി അക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചിട്ടില്ല. 

also read:Defamation case | 'മോദി' പരാമർശത്തിലെ അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ ഹർജിയിൽ വിധി ഇന്ന്

ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയതിന് പിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഇത് ജനാധിപത്യ സമൂഹത്തിന് ചേർന്ന പ്രവർത്തനമല്ല. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്നതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി :  മോദി പരാമര്‍ശ കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് കോടതി തള്ളിയത്. ഈ സാഹചര്യത്തില്‍ എംപി സ്ഥാനത്തെ അദ്ദേഹത്തിന്‍റെ അയോഗ്യത തുടരും. കേസില്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

ABOUT THE AUTHOR

...view details