കേരളം

kerala

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

By

Published : Jun 5, 2023, 7:42 PM IST

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മെയ്‌ മാസത്തിൽ മാത്രം 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്‌തുവെന്നാണ് കണക്ക്

thiruvananthapuram international airport  airport  record increase number of passengers  passengers  തിരുവനന്തപുരം  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം  യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന  കൊവിഡ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. മെയ്‌ മാസത്തിൽ മാത്രം 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്‌തുവെന്നാണ് കണക്ക്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

2022 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11,879 ആയിരിക്കുകയാണ്. മെയ് 25ന് വിമാനത്താവളത്തിൽ നിന്നും 12,939 പേരായിരുന്നു യാത്ര ചെയ്‌തത്.

പ്രതിദിന സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധന: ഇതും സമീപകാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. പ്രതിദിന സർവീസുകളുടെ എണ്ണം ശരാശരി 80ന് അടുത്തെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 2337 എയർ ട്രാഫിക് മൂവ്മെന്‍റുകളാണ് വിമാനത്താവളത്തിൽ നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴി യാത്ര ചെയ്‌തിരുന്നതായാണ് കണക്ക്.

വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 151 ആയും വർധിച്ചു. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിച്ചിരുന്നു. ഇതിനെ തുടർന്ന് നിരക്ക് കുറഞ്ഞു.

ഇതോടെ വിദേശരാജ്യങ്ങളിലേക്കുള്ള സഞ്ചാരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എളുപ്പമാകുകയും ചെയ്‌തു. നിലവിൽ വിമാനത്താവളത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമനത്തിലാണ്. തിരക്ക് വർധന കണക്കിലെടുത്താണിത്.

ആദ്യമായി ഇ- ഗേറ്റ് സംവിധാനം: യാത്രക്കാർക്ക് സുരക്ഷ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകാനുള്ള ബി ആർ കോഡ് സ്‌കാനറുകള്‍ ടെർമിനലുകളുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എയർപോർട്ടുകളിൽ ആദ്യമായി ഇ-ഗേറ്റ് സംവിധാനവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്. നിലവിൽ അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം.

2021 ഒക്‌ടോബറിലാണ് കേരള സർക്കാരിന്‍റെ എതിർപ്പിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. വിമാനത്താവളത്തിന്‍റെ 650 ഏക്കറിലേറെ വരുന്ന ഭൂമിയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും ഉൾപെടെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അദാനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട്:കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ, അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു. അദാനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ലേല നടപടികൾ സുതാര്യമല്ലെന്നുമായിരുന്നു സംസ്ഥാനത്തിന്‍റെ വാദം.

എന്നാൽ, ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിർത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. സംസ്ഥാന സർക്കാരിന് ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവ് നൽകിയിരുന്നുവെന്നും അപ്പീലിനെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഓരോ യാത്രക്കാരനും സംസ്ഥാന സർക്കാർ 135 രൂപയാണ് ലേലത്തിൽ വാഗ്‌ദാനം ചെയ്‌തതെന്നും എന്നാൽ അദാനി ഗ്രൂപ്പ് വാഗ്‌ദാനം ചെയ്‌തത് 168 രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തി വരുകയാണെന്ന് സംസ്ഥാനം പരാമർശിച്ചെങ്കിലും സുപ്രീം കോടതി അത് പരിഗണിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details