കേരളം

kerala

AI Camera Issue: 'അഴിമതി പുറത്തുകൊണ്ട് വന്നപ്പോൾ പലരും പുച്ഛിച്ച് തള്ളി'; ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രമേശ് ചെന്നിത്തല

By

Published : Jun 20, 2023, 3:28 PM IST

സര്‍വകലാശാലകളില്‍ നടക്കുന്ന ക്രമക്കേടുകളിലും കെപിസിസി പ്രസിഡന്‍റിനെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തിലും ചെന്നിത്തലയുടെ പ്രതികരണം.

Ramesh Chennithala on AI Camera issue  Ramesh Chennithala  AI Camera issue  High Court verdict  Former opposition leader  AI Camera Issue  അഴിമതി പുറത്തുകൊണ്ട് വന്നപ്പോൾ  പലരും പുച്ചിച്ച് തള്ളി  ഹൈക്കോടതി വിധിക്ക് പിന്നാലെ  രമേശ് ചെന്നിത്തല  ചെന്നിത്തല  സര്‍വകലാശാല  കെപിസിസി പ്രസിഡന്‍റിനെതിരെ  കെപിസിസി  സംസ്ഥാന സെക്രട്ടറി  എഐ ക്യാമറ
'അഴിമതി പുറത്തുകൊണ്ട് വന്നപ്പോൾ പലരും പുച്ചിച്ച് തള്ളി'; ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആദ്യമായി പുറത്തുകൊണ്ട് വന്നപ്പോൾ പലരും പുച്‌ഛിച്ച് തള്ളിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. എന്നാല്‍ എഐ ക്യാമറയുമായി ബന്ധപ്പെട്ട പദ്ധതിയുമായി സർക്കാർ മുമ്പോട്ട് പോവുകയായിരുന്നു. പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നും പിഴിഞ്ഞ് നേടുന്ന പണം അഴിമതിക്കാർക്ക് കൊടുക്കരുതെന്ന് വെളിവാക്കുന്ന വിധിയാണ് ഇപ്പോൾ പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്: പ്രെസാഡിയോയ്‌ക്ക് കരാർ കൊടുക്കാനുള്ള നടപടിയുമായി മുൻപോട്ട് പോവുകയാണ്. ഈ അഴിമതി തടയാനുള്ള നമ്മുടെ ശ്രമങ്ങളെ പുച്‌ഛിക്കുകയാണ് സർക്കാർ ചെയ്‌തത്. ഈ പദ്ധതിയിലൂടെ ലാഭമുണ്ടാക്കാൻ പ്രെസാഡിയോയും എസ്ആർഐടിയുടെയും ശ്രമം കോടതി തടഞ്ഞുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അഴിമതി തടയാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ പോകാനാണ് ഇത്രയും നാൾ ഇവർ പറഞ്ഞത്. ഇതാ കോടതിക്ക് വസ്‌തുത മനസിലായിരിക്കുന്നു. അഴിമതിക്കെതിരെ സംസാരിച്ചാൽ കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതണ്ടെന്നും ഓരോ അഴിമതിയും പുറത്തുകൊണ്ട് വരുമ്പോൾ കേസും കൂടുന്നുവെന്നും ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാൻ വേണ്ടിയാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് തന്നെ ഇതു തള്ളികളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം എം.വി ഗോവിന്ദൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍വകലാശാല ക്രമക്കേടുകളില്‍ പ്രതികരിച്ച്: കോളജിൽ അഡ്‌മിഷൻ കിട്ടാൻ നിഖില്‍ തോമസിന് ശുപാർശ നൽകിയ സിൻഡിക്കേറ്റ് മെമ്പർ ആരാണെന്ന് പുറത്തുവരണം. കായംകുളത്ത് നിന്ന് എ.എച്ച് ബാബുജാന്‍ മാത്രമാണ് കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം. ബാബുജാനാണോ ഇതു ചെയ്‌തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും യോഗ്യത സർട്ടിഫിക്കറ്റ് നൽകി അഡ്‌മിഷൻ വാങ്ങാൻ സഹായിച്ചത് ഇദ്ദേഹമാണെങ്കിൽ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റികളിൽ നടക്കുന്ന അഴിമതികൾ ഇനിയും പുറത്തുവരും. കാട്ടാക്കടയിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും ഈ വിവാദങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും രമേശ്‌ ചെന്നിത്തല പരിഹസിച്ചു.

എസ്‌എഫ്‌ഐ പിരിച്ചുവിടണം: കേരളത്തിൽ എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പിഎസ്‌സി തട്ടിപ്പിലും മയക്കുമരുന്ന് കേസുകളിലും വ്യാജ സർട്ടിഫിക്കറ്റ് കേസിലുമെല്ലാം എസ്എഫ്ഐയുണ്ടെന്നും സർക്കാരും പാർട്ടിയും ഇത്തരം ആളുകളെ സംരക്ഷിച്ചതോടെ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി എസ്എഫ്ഐ മാറിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ എന്ന സംഘടന മാറിയെന്നും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ സർട്ടിഫിക്കറ്റ് ആർഷോ ആണോ പരിശോധിക്കേണ്ടതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു. നിഖിലിനെ കായംകുളം എംഎസ്എം കോളജിൽ പ്രവേശിപ്പിക്കാൻ ശുപാർശ ചെയ്‌ത ഉന്നതനായ സിപിഎം നേതാവ് ആരാണെന്നും ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദ്യമെറിഞ്ഞിരുന്നു.

എസ്എഫ്ഐക്ക് പ്രവർത്തിക്കാനുള്ള ധാർമിക അവകാശം നഷ്‌ടപ്പെട്ടുവെന്നും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച എസ്എഫ്ഐ നേതാവായിരുന്ന വിദ്യയെ 13 ദിവസമായിട്ടും പൊലീസ് പിടിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details