കേരളം

kerala

പണം കിട്ടിയില്ല ; എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തി കെൽട്രോൺ

By ETV Bharat Kerala Team

Published : Jan 3, 2024, 12:27 PM IST

Keltron Fine AI Camera : സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുന്നത് കെൽട്രോൺ അവസാനിപ്പിച്ചു

Ai camera  kerala government  കെൽട്രോൺ  Keltron
Keltron terminated the contract

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുന്നത് കെൽട്രോൺ അവസാനിപ്പിച്ചു. കരാർ സംബന്ധിച്ച തുക ഇതുവരെയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. മൂന്ന് മാസം കൂടുമ്പോൾ പതിനൊന്നര കോടി രൂപയാണ് കെൽട്രോണിന് സർക്കാർ നൽകേണ്ടത്. എന്നാൽ 6 മാസം പിന്നിട്ടിട്ടും കരാർ പ്രകാരം ഒരു രൂപ പോലും കെൽട്രോണിന് നൽകിയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഇത് തീർപ്പാക്കിയിട്ട് തുക നൽകിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. 146 ജീവനക്കാരെയായിരുന്നു എ ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി കെൽട്രോൺ നിയോഗിച്ചത്. എന്നാൽ ഇതിൽ 44 ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. പ്രതിദിന പിഴ നോട്ടീസുകളുടെ എണ്ണം 40,000ൽ നിന്ന് 14,000 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 26 കോടിയോളം രൂപയാണ് ആകെ സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. ഈ തുക നൽകാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് കെൽട്രോൺ(Keltron to end imposing fines).

കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് വിവിധ റോഡ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്. ഇതിനായി 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. എ ഐ ക്യാമറകളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഇടക്കുന്നതിൽ തുടക്കം മുതലേ പൊതുജനങ്ങൾക്ക് ഭിന്നാഭിപ്രായമായിരുന്നു. എ ഐ ക്യാമറ വഴി നിയമലംഘകരെ കണ്ടെത്തുന്നതിലൂടെ ഒരു പരിധി വരെ റോഡപകടങ്ങൾ കുറയ്ക്കു‌ന്നതിനായാണ് ഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിനായി മൊത്തം 232.25 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തു.

എ ഐ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾക്ക് പിഴ ഈടാക്കുന്നത് മോട്ടോർ വാഹന വകുപ്പ് ആണെങ്കിലും ഇതിന്‍റെ സർവീസ് ചുമതല കെൽട്രോണിനാണ്. എ ഐ ക്യാമറ സ്ഥാപിക്കുന്നത്തിനായി കെൽട്രോണിന് കരാർ കൊടുത്തതുമായി ബന്ധപ്പെട്ട് സർക്കാർ നിരവധി വിവാദങ്ങൾ നേരിട്ടിരുന്നു. അഴിമതി ഉണ്ടെന്ന് ആദ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു.

Also read : പിഴയിനത്തിൽ ഇതുവരെ ലഭിച്ചത് 14.88 കോടി രൂപ, പ്രതിപക്ഷം ഏതുനേരവും സർക്കാരിനെ വിമർശിക്കുന്നു : ആന്‍റണി രാജു

പിന്നീട് പ്രതിപക്ഷത്തെ തന്നെ നിരവധി നേതാക്കൾ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും കെൽട്രോണിനെതിരെയും ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച്‌ മാസങ്ങൾ പിന്നിടുമ്പോഴേക്കും പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തില്‍ കെൽട്രോൺ തന്നെ സർക്കാരിന് എതിരെ നിലപാട് കടുപ്പിക്കുകയാണ്.

ABOUT THE AUTHOR

...view details