കേരളം

kerala

വീണ്ടും വിഷുവം, മഹാവിസ്‌മയ കാഴ്‌ചയൊരുക്കി ശ്രീപത്‌മനാഭ സ്വാമിക്ഷേത്രം, സാക്ഷികളായി ഭക്തര്‍

By

Published : Sep 23, 2022, 10:55 PM IST

Sree Padmanabhaswamy Temple  ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം  Equinox view near padmanabha swamy temple  Equinox view  ശ്രീപത്‌മനാഭ സ്വാമിക്ഷേത്രം  വിഷുവ കാഴ്‌ച  അനന്തപത്മനാഭ സ്വാമിയുടെ മഹാക്ഷേത്രം  വിഷുവം അഥവാ തുല്യദിനരാത്രങ്ങള്‍  പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മാത്രം

വര്‍ഷത്തില്‍ മാര്‍ച്ച് 21നും സെപ്‌റ്റംബര്‍ 21നുമാണ് വിഷുവ കാഴ്‌ച. രാത്രിയും പകലും ഏകദേശം തുല്യമായി വരുന്ന ദിവസമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിലൂടെ അസ്‌തമയ സൂര്യന്‍ മുകളില്‍ നിന്ന് താഴേക്ക് കടന്നുപോകുമ്പോൾ നിർമാണത്തിലെ മഹാവിസ്‌മയം ഭക്തർ കൺകുളിർക്കെ കണ്ട് തൊഴുതു.

തിരുവനന്തപുരം:ഭക്തി, കാഴ്‌ച, സമ്പത്ത്, നിർമാണ രീതി അങ്ങനെ ഒരായിരം വിസ്‌മയങ്ങൾ മിഴി തുറക്കുന്ന ശ്രീപത്‌മനാഭ സ്വാമിക്ഷേത്രം. അനന്തപുരിയുടെ തിലകക്കുറി. നൂറ്റാണ്ട് പിന്നിട്ടിട്ടും ഇനിയും കണ്ടും കേട്ടും ആരാധിച്ചും മതിവരാത്ത അനന്തപത്മനാഭ സ്വാമിയുടെ മഹാക്ഷേത്രം.

വിസ്‌മയ കാഴ്‌ചയൊരുക്കി ശ്രീപത്‌മനാഭ സ്വാമിക്ഷേത്രം

ശില്‍പചാരുതയുടെ അത്ഭുതവും നിര്‍മാണത്തിലെ ശാസ്‌ത്രീയതയും പത്മനാഭ സ്വാമിക്ഷേത്രത്തിലെത്തുന്ന ആരെയും വിസ്‌മയിപ്പിക്കും. അങ്ങനെയൊരു മഹാവിസ്‌മയത്തിനാണ് ഈ വിഷുവം ഒരിക്കല്‍ കൂടി സാക്ഷിയായത്. രാത്രിയും പകലും ഏകദേശം തുല്യമായി വരുന്ന ദിവസങ്ങളെയാണ് വിഷുവം അഥവാ തുല്യദിനരാത്രങ്ങള്‍ എന്നറിയപ്പെടുന്നത്.

വര്‍ഷത്തില്‍ മാര്‍ച്ച് 21നും സെപ്‌റ്റംബര്‍ 21നുമാണ് ഇന്ത്യയില്‍ തുല്യ ദിനരാത്രങ്ങളുള്ളത്. അതുകൊണ്ടു തന്നെ വര്‍ഷത്തില്‍ രണ്ടേ രണ്ടു ദിവസം മാത്രമുള്ള അത്യപൂര്‍വമായ ഈ കാഴ്‌ച പകര്‍ന്നു നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. 100 അടി ഉയരമുള്ള ക്ഷേത്ര ഗോപുരത്തിന്‍റെ ഏറ്റവും മധ്യത്തിലായി എതിര്‍ വശങ്ങളിലായി അഞ്ച് ഗോപുര വാതിലുകളാണുള്ളത്.

ദൃശ്യം പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മാത്രം: വിഷുവ ദിനത്തില്‍ അസ്‌തമയ സൂര്യന്‍ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്‍റെ ഒത്ത മധ്യത്തില്‍ പ്രവേശിക്കുന്നു. കിഴക്കേ ഗോപുരവാതിലിലാണ് ഈ ദൃശ്യം നമുക്ക് മുന്നിലെത്തുന്നത്. പതിയെ രണ്ടാമത്തെ ഗോപുരവാതിലിലേക്ക്. പിന്നെ മൂന്നാമത്തെ ഗോപുര വാതിലിലേക്ക്.

ഏറ്റവും മനോഹാരിത അസ്‌തമയ സൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ്. പിന്നെ പതിയെ നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളില്‍ പ്രവേശിച്ച് അപ്രത്യക്ഷമാകുന്നു. വിഷുവത്തില്‍ സൂര്യന്‍ കൃത്യം കിഴക്കും കൃത്യം പടിഞ്ഞാറുമാണ് ഉദിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മിച്ചിരിക്കുന്നത് കൊണ്ടാണ് അത്യപൂര്‍വ ദൃശ്യം പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മാത്രം ദൃശ്യമാകുന്നത്.

മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്നും മാറിയാണ് സൂര്യന്‍ അസ്‌തമിക്കുന്നത്. ക്ഷേത്ര ഗോപുരത്തിലൂടെ അസ്‌തമയ സൂര്യന്‍ മുകളില്‍ നിന്ന് താഴേക്ക് കടന്നുപോകുമ്പോൾ നിർമാണത്തിലെ മഹാവിസ്‌മയം ഭക്തർ കൺകുളിർക്കെ കണ്ട് തൊഴുതു.

തിരുവിതാംകൂര്‍ രാജാവായിരുന്ന ആദിത്യ വര്‍മന്‍റെ കാലത്ത് 16ാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പിയായി അറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പണി പൂര്‍ത്തിയാക്കിയത്. ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും പുലര്‍ത്തുന്ന അത്യപൂര്‍വതയും ഇത്തരം അത്ഭുതങ്ങളും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ വേറിട്ട നിര്‍മിതികളുടെ പട്ടികയില്‍ എന്നും നിലനിര്‍ത്തും.

ABOUT THE AUTHOR

...view details