കേരളം

kerala

വാണി ജയറാം ശ്രോതാക്കളെ പിടിച്ചിരുത്തിയ ഗായികയെന്ന് ഗവര്‍ണര്‍, ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് മുഖ്യമന്ത്രി ; അനുസ്‌മരിച്ച് പ്രമുഖര്‍

By

Published : Feb 4, 2023, 10:44 PM IST

Updated : Feb 4, 2023, 10:56 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ വാണി ജയറാമിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

Vani Jayaram demise  വാണി ജയറാമിനെ അനുസ്‌മരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍  വാണിജയറാമിനെ അനുസ്‌മരിച്ച് പിണറായിവിജയന്‍  വാണിജയറാമിനെ അനുസ്‌മരിച്ച് ഗവര്‍ണര്‍  Vani Jayaram remembered  Arif Mohammad Khan condoles Vani Jayaram demise  Pinarayi Vijayan condoles Vani Jayaram
വാണി ജയറാമിനെ അനുസ്‌മരിച്ച്

തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ഗായിക കെ എസ് ചിത്ര തുടങ്ങിയ പ്രമുഖര്‍ പിന്നണി ഗായിക വാണി ജയറാമിന്‍റെ(77) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

19 ഭാഷകളിലായി 10,000ത്തിലധികം പാട്ടുകള്‍ വാണി ജയറാം പാടിയിട്ടുണ്ട്. ഇതില്‍ ഒരു പിടി മലയാളം സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുന്നു. 'പദ്‌മ ഭൂഷന്‍ വാണി ജയറാമിന്‍റെ വിയോഗത്തില്‍ ഹൃദയഭേദകമായ അനുശോചനം രേഖപ്പെടുത്തുന്നു. വാണി ജയറാമിന്‍റെ മെലഡികള്‍ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു. അവരുടെ ആത്‌മാവിന് മുക്തി ലഭിക്കട്ടെ' - ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്‌തു.

ജന ഹൃദയത്തില്‍ വാണി ജീവിക്കുമെന്ന് മുഖ്യമന്ത്രി:അസാമാന്യമായ കഴിവുകളുള്ള ഗായികയായിരുന്നു വാണി ജയറാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാവാത്‌മകമായ ശബ്‌ദത്തിലൂടെ സംഗീത ആസ്വാദകരുടെ മനസില്‍ വലിയ സ്‌ഥാനമാണ് വാണി ജയറാം നേടിയത്. പിന്നണി ഗായിക എന്ന നിലയിലുള്ള ഏഴ് പതിറ്റാണ്ട് ജീവിതത്തില്‍ മുഹമ്മദ് റാഫി മുതല്‍ പുതിയ തലമുറയില്‍പ്പെട്ട ഗായകന്‍മാരോടൊപ്പം വരെ വാണി ജയറാം പാടി. മരണത്തിന് ശേഷവും പാട്ടുകളിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ വാണി ജീവിക്കും.

കൃത്യമായ മലയാള ഉച്ചാരണം ഉള്ളതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള ആളല്ല എന്ന തോന്നല്‍ ഉണ്ടാക്കാനുള്ള അവസരം അവര്‍ നല്‍കിയില്ല. ഇന്ത്യന്‍ സംഗീത ലോകത്തിന് വാണി ജയറാമിന്‍റെ നിര്യാണം നഷ്‌ടമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിഹാസമെന്ന് കെ എസ് ചിത്ര : വാണി ജയറാമിന്‍റെ മരണ വാര്‍ത്ത തന്നില്‍ നടുക്കവും അവിശ്വസനീയതയുമാണ് ഉണ്ടാക്കിയതെന്ന് ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്ര പറഞ്ഞു. ശക്തമായ ക്ലാസിക്കല്‍ അടിത്തറയുള്ള ശരിയായ അര്‍ഥത്തില്‍ ഒരു ഇതിഹാസമായിരുന്നു വാണി ജയറാം എന്നും കെഎസ് ചിത്ര അനുസ്‌മരിച്ചു.

വ്യത്യസ്‌തമായ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് : ശബ്‌ദത്തിലൂടെ യുവത്വത്തിന്‍റെ ഊര്‍ജം പ്രസരിപ്പിക്കുന്ന വ്യത്യസ്‌തമായ ശൈലിയുള്ള ഗായികയായിരുന്നു വാണി ജയറാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വാണി ജയറാമിന്‍റെ സംഗീത യാത്ര നിരവധി തലമുറകളെ കീഴടക്കി. മാധുര്യമുള്ള അവരുടെ ശബ്‌ദം സംഗീത ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സുവര്‍ണകാലം തീര്‍ത്ത ഗായികമാരില്‍ ഒരാള്‍ :അപ്രതീക്ഷിതമായിരുന്നു വാണി ജയറാമിന്‍റെ വിയോഗമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. രാജ്യത്ത് സംഗീതത്തിന്‍റെ സുവര്‍ണകാലം തീര്‍ത്ത ഗായികമാരില്‍ ഒരാളായിരുന്നു വാണി ജയറാം.

കര്‍ണാടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഒരു പോലെ പ്രാവീണ്യം അവര്‍ തെളിയിച്ചു. ഏത് താളത്തിലും വ്യക്തതയോടെ പാടാനുള്ള അവരുടെ കഴിവ് പല സംഗീത സംവിധായകരുടേയും പ്രശംസ പിടിച്ചുപറ്റിയതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രി വി എന്‍ വാസവന്‍, സ്‌പീക്കര്‍ എ എന്‍ ഷംസീര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും അനുശോചനം രേഖപ്പെടുത്തിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. വാണിജയറാമിന്‍റെ ഭര്‍ത്താവ് നേരത്തേ അന്തരിച്ചതാണ്. അവര്‍ക്ക് മക്കളില്ല.

Last Updated : Feb 4, 2023, 10:56 PM IST

ABOUT THE AUTHOR

...view details