കേരളം

kerala

'സംഘർഷം ഒഴിവാക്കണം, ധവളപത്രമിറക്കണം' ; കെ റെയില്‍ നാടിന്‍റെ ആവശ്യമാണെന്ന് ജനതയെ ബോധ്യപ്പെടുത്താനാവണമെന്ന് സമസ്‌ത മുഖപത്രം

By

Published : Jan 6, 2022, 10:51 AM IST

കെ-റെയിൽ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് സമസ്ത മുഖപത്രം 'സുപ്രഭാത'ത്തിൻ്റെ എഡിറ്റോറിയൽ

Suprabhatam editorial without opposing k rail project  samastha owned newspaper Suprabhatam editorial  samastha editorial about silverline project  കെ റെയിൽ പദ്ധതിയിൽ സമസ്ത ദിനപത്രം എഡിറ്റോറിയൽ  സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയൽ  സിൽവർ ലൈൻ പദ്ധതിയിൽ സുപ്രഭാതം എഡിറ്റോറിയൽ
കെ റെയില്‍ നാടിന്‍റെ ആവശ്യമാണെന്ന് ജനതയെ ബോധ്യപ്പെടുത്താനാവണമെന്ന് സമസ്‌ത മുഖപത്രം

കോഴിക്കോട് :എതിർപ്പുകള്‍ അവഗണിച്ച് കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ കേരളം കലാപ ഭൂമിയാകുമെന്ന് സമസ്ത മുഖപത്രം 'സുപ്രഭാത'ത്തിൻ്റെ എഡിറ്റോറിയൽ. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പദ്ധതിക്കെതിരായി നടത്തിയ യുദ്ധപ്രഖ്യാപനം കേരളത്തിന്‍റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കും.

കോൺഗ്രസ് പ്രവർത്തകരും, പദ്ധതിയെ എതിർക്കുന്നവരും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.

'സംഘർഷവും ആശങ്കയും ഒഴിവാക്കണം'; കെ-റെയിലിനെ തള്ളാതെ സമസ്ത മുഖപത്രം

ALSO READ:കല്ലുകള്‍ പിഴുതെറിയട്ടെ! പദ്ധതി മുന്നോട്ട് തന്നെ: സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണം. കെ-റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും.

സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ ഒരു വികസന പ്രവർത്തനവും സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാവില്ല. നാടിന്‍റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്നും അതവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എഡിറ്റോറിയൽ പറയുന്നു.

കെ റെയില്‍ നാടിന്‍റെ ആവശ്യമാണെന്ന് ജനതയെ ബോധ്യപ്പെടുത്താനാവണമെന്ന് സമസ്‌ത മുഖപത്രം

മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

"പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന നിലപാട് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. നഷ്ടപ്പെടുന്ന ഭൂമിയുടെ വിപണി വിലയേക്കാൾ ഗ്രാമങ്ങളിൽ നാല് മടങ്ങ് നൽകും. നഗര പ്രദേശത്താണെങ്കിൽ രണ്ട് മടങ്ങും നൽകും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയോ വന്യജീവി സങ്കേതത്തിലൂടെയോ പാത കടന്ന് പോകുന്നില്ല. നദികളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല.

88 കിലോമീറ്റർ ദൂരം തൂണുകളിലൂടെ കടന്നുപോകുന്നതിനാൽ നെൽപ്പാടങ്ങൾക്കോ തണ്ണീർത്തടങ്ങൾക്കോ ഒന്നും സംഭവിക്കില്ല. ഒരോ അഞ്ഞൂറ് മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ ഉണ്ടാകുമെന്നതിനാൽ കേരളം വിഭജിക്കപ്പെടുകയില്ല. ആകെ നിർമാണത്തിന്‍റെ 25 ശതമാനം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാൽ പൊതുജീവിതത്തേയും പ്രകൃതിയേയും കാര്യമായി ബാധിക്കില്ല. ഇതൊക്കെയാണ് പദ്ധതിക്കെതിരേ രംഗത്തുള്ളവരെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

പൗര പ്രമുഖർക്ക് മുമ്പാകെയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം കഴിഞ്ഞതിന്‍റെ തൊട്ടുപിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പദ്ധതിക്കെതിരേ എതിർപ്പുമായി വീണ്ടും രംഗത്ത് വരികയുണ്ടായി. ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ടുപോകാനാണ് സർക്കാർ ഭാവമെങ്കിൽ, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന സർവേ കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണദ്ദേഹം.

ഇത്തരമൊരവസ്ഥ സംജാതമായാൽ തീർച്ചയായും അത് കേരളത്തിന്‍റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കും. കോൺഗ്രസ് പ്രവർത്തകരും, പദ്ധതിയെ എതിർക്കുന്നവരും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുക.

ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണം. കെ-റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും. പദ്ധതി നാടിന്‍റെ ആവശ്യമാണെന്ന് ഇത്തരമൊരു പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ട്.

സർക്കാരിന്‍റെ സഹയാത്രികരായ സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച ആശങ്കയകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനസമക്ഷം പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ ഒരു വികസന പ്രവർത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ല. നാടിന്‍റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണല്ലൊ. അതവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്."

TAGGED:

ABOUT THE AUTHOR

...view details