കേരളം

kerala

ദേവികുളം തെരഞ്ഞെടുപ്പ് വിധി: രണ്ട് ദിവസത്തിനകം സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ

By

Published : Mar 24, 2023, 3:00 PM IST

സമർപ്പിച്ച രേഖകളൊന്നും ഹൈക്കോടതി പരിഗണിച്ചില്ല. കോടതി വിധി ഏകപക്ഷീയമെന്ന് എ രാജ എംഎൽഎ. സത്യം സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും എംഎൽഎ.

devikulam  എ രാജ എംഎൽഎ  ദേവികുളം മണ്ഡലം  ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ഹൈക്കോടതി വിധി  ദേവികുളം  ദേവികുളം മണ്ഡലം ഡി രാജ  ഡി രാജ എംഎൽഎ ദേവികുളം മണ്ഡലം  ഡി കുമാർ യുഡിഎഫ്  A Raja MLA  devikulam election  High Court verdict canceling Devikulam election  A Raja MLA devikulam election
എ രാജ എംഎൽഎ

എ രാജ എംഎൽഎയുടെ പ്രതികരണം

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പിൽ നൽകുമെന്ന് എ രാജ എംഎൽഎ. ഹൈക്കോടതി വിധിയെ മാനിക്കുന്നു. എങ്കിലും തന്‍റെ വാദം കേൾക്കാൻ കോടതി തയ്യാറായില്ല. തികച്ചും ഏകപക്ഷീയമായാണ് വിധി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യം സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും അവസാന വിജയം തനിക്കായിരിക്കുമെന്നും രാജ പറഞ്ഞു. പ്രസിഡൻഷ്യൽ ഉത്തരവ് അനുസരിച്ച് 1950 ന് മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവർക്ക് അതത് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന സംവരണം നൽകണമെന്നാണ് ചട്ടം. തന്‍റെ മുത്തശ്ശി 1949ൽ തന്നെ കമ്പനി തോട്ടം തൊഴിലാളിയാണ്.

1940 മുതൽ തന്‍റെ പൂർവികർ മൂന്നാറിൽ സ്ഥിരതാമസക്കാരാണ്‌. കമ്പനിയിൽ നിന്നുള്ള ഈ രേഖകൾ കോടതി പരിഗണിച്ചില്ല. തന്‍റെ വിവാഹം നടത്തിയത് വീട്ടിൽ വച്ചാണ്‌. പള്ളിയുമായി ബന്ധമില്ല. കോടതി പരിശോധിച്ച പള്ളി രേഖകളെപ്പറ്റി അറിയില്ല. വിവാഹ സമയത്തെ തന്‍റെ വസ്ത്ര ധാരണം കണ്ടാണ് കോടതി തീരുമാനമെടുത്തത്.

അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പള്ളി സെമിത്തേരിയിൽ അല്ല, പൊതുശ്‌മശാനത്തിലാണ്. സിഎസ്ഐ പള്ളിക്ക് അവിടെ സെമിത്തേരി ഇല്ല. അച്ഛന്‍റെ ജനന സർട്ടിഫിക്കറ്റ്, തൻ്റെ സ്‌കൂൾ രേഖകൾ, എസ്എസ്എൽസി, ജാതി സർട്ടിഫിക്കറ്റ്, സ്പെഷ്യൽ മാരേജ് ആക്‌ട് നിയമപ്രകാരമുള്ള രേഖ തുടങ്ങി 19 രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയിൽ നിന്ന് തനിക്ക് അനുകൂലമായ വിധി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും രാജ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് പരിഗണിച്ച് ഹൈക്കോടതി മാർച്ച് 20നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഡി കുമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി നടപടി. മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായ എ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നായിരുന്നു ഡി കുമാറിന്‍റെ ആരോപണം.

എ രാജ ക്രിസ്‌തുമത വിശ്വാസി ആണെന്നും പട്ടികജാതിക്കാരൻ അല്ലെന്നും കുമാർ കോടതിയെ അറിയിച്ചു. ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട അന്തോണി- എസ്‌തർ ദമ്പതികളുടെ മകനാണ് എ രാജ. ക്രിസ്‌തുമത വിശ്വാസിയായ ഷൈനി പ്രിയയാണ് രാജയുടെ ഭാര്യ എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച ഹൈക്കോടതി പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്‌ക്ക് യോഗ്യതയില്ലെന്ന് നിരീക്ഷിച്ചു. രാജയുടെ നാമനിർദേശം റിട്ടേണിങ് ഓഫിസർ തള്ളേണ്ടതായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു. സമാന കേസുകളിൽ മുമ്പുണ്ടായ വിധി കണക്കിലെടുത്ത് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് തന്നെയാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. മുൻപ് കൊടിക്കുന്നിൽ സുരേഷ് സമാനമായ കേസ് നേരിട്ടിരുന്നു. അന്ന് കൊടിക്കുന്നിലിന്‍റെ സംവരണം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു.

സംവരണം സംബന്ധിച്ച് നിയമപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നാമനിർദേശ പട്ടിക തള്ളുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അത് ഉണ്ടാകാത്തതിനാൽ നിയമപരമായ നടപടിയിലൂടെ ഹൈക്കോടതി വിധി മറികടക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

ദേവികുളം മണ്ഡലത്തിലെ നിയമസഭാംഗത്വം റദ്ദാക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. 1957ൽ ദേവികുളം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്ന റോസമ്മ പുന്നൂസിന്‍റെ അംഗത്വമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് വിജയിച്ചു.

അതേസമയം, ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Also read:'സിപിഎം ജനങ്ങളോട് മാപ്പുപറയണം'; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്‌ത് വിഡി സതീശന്‍

ABOUT THE AUTHOR

...view details