ETV Bharat / state

'സിപിഎം ജനങ്ങളോട് മാപ്പുപറയണം'; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്‌ത് വിഡി സതീശന്‍

author img

By

Published : Mar 20, 2023, 4:00 PM IST

ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്‌തുകൊണ്ട് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

VD Sateesan on cancels Devikulam Election  High court cancels Devikulam Election  VD Sateesan  High court  Opposition Leader VD Sateesan  Opposition Leader  സിപിഎം ജനങ്ങളോട് മാപ്പുപറയണം  ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി  ദേവികുളം തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് റദ്ദാക്കി  സ്വാഗതം ചെയ്‌ത് വിഡി സതീശന്‍  ദേവികുളം  ഹൈക്കോടതി നടപടി  പ്രതിപക്ഷ നേതാവ്
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്‌ത് വി.ഡി സതീശന്‍

വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നു

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടിക ജാതി സംവരണ സീറ്റില്‍ കള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് രാജ അവിടെ മത്സരിച്ചത്. ഇതു സംബന്ധിച്ച് സിപിഎം ജനങ്ങളോടു മാപ്പു പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലെ ക്രമക്കേട് പരിഗണിച്ച് ഹൈക്കോടതി ഇന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി എ.രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥി ഡി.കുമാറിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നടപടി. എ.രാജ ക്രിസ്‌തുമത വിശ്വാസിയാണെന്നും പട്ടിക ജാതിക്കാരനല്ലെന്നും ഡി.കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല ഇയാള്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്നും ഡി.കുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇതുപരിഗണിച്ച കോടതി രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറയാനാകില്ലെന്നും പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും അറിയിക്കുകയായിരുന്നു. രാജയുടെ നാമനിര്‍ദേശം റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ രജിസ്‌റ്ററിലുള്ള രാജയുടെ വിവാഹ ഫോട്ടോ അടക്കം പരിശോധിച്ചായിരുന്നു കോടതി ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ട അന്തോണി-എസ്‌തര്‍ ദമ്പതികളുടെ മകനാണ് രാജ. ക്രിസ്‌തുമത വിശ്വാസിയായ ഷൈനി പ്രിയയാണ് അദ്ദേഹത്തിന്‍റെ ഭാര്യയെന്നും ക്രിസ്‌തു മതാചാര പ്രകാരമാണ് ഇവര്‍ വിവാഹിതരായതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.

എ.രാജയോട് അപ്പീൽ നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദേശം നൽകിയതായാണ് വിവരം. സമാന കേസുകളിലെ മുമ്പുണ്ടായ വിധി കണക്കിലെടുത്ത് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷ. മാത്രമല്ല ഇത് സംബന്ധിച്ച് മുഴുവൻ രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനും സിപിഎം ഒരുങ്ങുകയാണ്. ഇതിനായി സംവരണം സംബന്ധിച്ച കിർത്താഡ്‌സ് രേഖകളും പരിശോധിക്കും.

മുമ്പ് കൊടിക്കുന്നിൽ സുരേഷ് നേരിട്ടതിന് സമാനമായ കേസാണ് രാജയ്‌ക്കെതിരെയുള്ളത് എന്നാണ് സിപിഎം വിലയിരുത്തൽ. അന്ന് കൊടിക്കുന്നിലിൻ്റെ സംവരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നതിനാല്‍ ഈ കേസടക്കം പരിശോധിച്ച് ഉടൻ തന്നെ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. കൂടാതെ സംവരണം സംബന്ധിച്ച് നിയമ പ്രശ്‌നങ്ങളുണ്ടെങ്കിൽ നാമനിർദേശ പട്ടിക തളളുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അതുണ്ടാകാത്തതിനാൽ നിയമപരമായ നടപടിയിലൂടെ ഹൈക്കോടതി വിധി മറികടക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍.

എന്നാല്‍ വിവിധ അയോഗ്യതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഇതിന് മുമ്പും ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ദേവികുളം മണ്ഡലത്തിലെ നിയമസഭാംഗത്വം റദ്ദാക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.