കേരളം

kerala

കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി ; യാത്ര കര്‍ശന നിയന്ത്രണങ്ങളോടെ

By

Published : Jul 1, 2021, 11:20 AM IST

യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാണ് ഇരിക്കാൻ അനുമതി.

Kochi Metro  Kochi Metro service resumes  KMRL  kochi metro rail limited  കൊച്ചി മെട്രോ  covid restrictions  കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി  കൊച്ചി മെട്രോ സർവ്വീസ് പുനരാരംഭിച്ചു  മെട്രോ സർവ്വീസ് പുനരാരംഭിച്ചു
കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി ; യാത്ര കര്‍ശന നിയന്ത്രണങ്ങളോടെ

എറണാകുളം: കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ കൊച്ചി മെട്രോ സർവ്വീസ് പുനരാരംഭിച്ചു. ആദ്യ മണിക്കൂറിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. കൊച്ചി മെട്രോയുടെ സ്ഥിരം യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കൂടിയാണ് സർവീസ് ഇപ്പോൾ തന്നെ പുനരാരംഭിച്ചതെന്ന് കെ.എം.ആർ.എൽ അറിയിച്ചു.

53 ദിവസത്തെ ഇടവേളക്ക് ശേഷം

കൊച്ചി മെട്രോയുടെ ആവശ്യം പരിഗണിച്ച് സർവീസ് തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് നിർത്തി വെച്ച മെട്രോ 53 ദിവസത്തിന് ശേഷമാണ് വീണ്ടും ഓടി തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ടുമണിവരെയാണ് യാത്ര സമയം നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ രാവിലെ ആറ് മുതല്‍ രാത്രി 10 വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ പത്ത് മിനിറ്റ് ഇടവേളയിലും, തിരക്ക് കുറവുള്ള സമയങ്ങളിൽ പതിനഞ്ച് മിനിറ്റ് ഇടവേളയിലുമാണ് മെട്രോ സർവീസ് നടത്തുക.

ശരീര താപനില പരിശോധിക്കാൻ തെര്‍മല്‍ ക്യാമറയും

ശരീര താപനില പരിശോധിച്ചതിന് ശേഷം മാത്രമാണ് യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നത്. പ്രധാന സ്റ്റേഷനുകളിൽ തെര്‍മല്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് ട്രെയിനുകളിലും സ്റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ടാക്ട്‌ലെസ് ടിക്കറ്റ് കൗണ്ടറുകള്‍

ഓരോ തവണയും യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മെട്രോ വൃത്തിയാക്കുകയും, അണുനശീകരണം നടത്തുകയും ചെയ്യുന്നു. ട്രെയിനിന് ഉള്ളിൽ 26 ഡിഗ്രിയായി താപനില ക്രമീകരിക്കും. കേന്ദ്രീകൃത സിസിടിവി സംവിധാനത്തിലൂടെ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറുകളിൽ കോൺടാക്ട് ഇല്ലാതെയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത്.

മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തുമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. യാത്രക്കാരുടെ എണ്ണം കൂടിയാൽ കൂടുതൽ ട്രെയിനുകള്‍ സർവീസ് നടത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ കൊച്ചി നഗരത്തിൽ വലിയ തോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. മെട്രോ സർവ്വീസ് ഇല്ലാത്തതും ഇതിന് കാരണമായിരുന്നു.

Also Read: അടുക്കള ബജറ്റും താളം തെറ്റും; പാചകവാതക വിലയിലും വര്‍ധനവ്

ABOUT THE AUTHOR

...view details