കേരളം

kerala

അധ്യാപകൻ്റെ കൈ വെട്ടിമാറ്റിയ കേസ്; ഒന്നാം പ്രതി സവാദ് എൻ.ഐ.എ കസ്റ്റഡിയിൽ

By ETV Bharat Kerala Team

Published : Jan 19, 2024, 3:16 PM IST

Updated : Jan 19, 2024, 4:39 PM IST

The National Investigation Agency has nabbed Savad from Kannur after 13 years: പ്രതി സവാദിനെ വിശദമായി എൻ.ഐ.എ ചോദ്യം ചെയ്യുകയും, സംഭവ സ്ഥലത്തുൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.

Savad Nabbed From Kannur  അധ്യാപകൻ്റെ കൈ വെട്ടിമാറ്റിയ കേസ്  NIA has nabbed Savad  സവാദ് എൻഐഎ കസ്റ്റഡിയിൽ
NIA has nabbed Savad from Kannur after 13 years

എറണാകുളം: അധ്യാപകൻ്റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ച് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പത്തുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടുവെങ്കിലും എട്ടു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്.

ജനുവരി 27ന് പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ജനുവരി പത്തിന് അറസ്റ്റിലായ പ്രതി റിമാന്‍റില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായത്. എറണാകുളം സബ്ബ് ജയിലിൽ വച്ച് നടത്തിയ തിരിച്ചറിയൽ പരേഡിൽ ഇരയായ അധ്യാപകന്‍ ടി.ജെ.ജോസഫ് പ്രതി സവാദിനെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതി സവാദിനെ വിശദമായി എൻ.ഐ.എ ചോദ്യം ചെയ്യുകയും, സംഭവ സ്ഥലത്തുൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.

എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. അധ്യാപകന്‍റെ കൈ വെട്ടി മാറ്റിയ സവാദിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. 13 വർഷത്തിന് ശേഷം ജനുവരി പത്തിന് പുലർച്ചെയാണ് മട്ടന്നൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി സവാദിനെ പിടികൂടിയത്.

എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന സവാദ് പിടിയിലായത്. മട്ടന്നൂർ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു.

ഇത് വിവാദമായതോടെ കോളേജ് അധികൃതർ ടി.ജെ.ജോസഫിനെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടിജെ ജോസഫിനെ പ്രതികൾ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

2015 ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്‌തു. പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു.

മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് രണ്ടാം ഘട്ടത്തിൽ വിധിച്ചത്. അതേസമയം
അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ഒന്നാം പ്രതിക്കെതിരായ അന്വേഷണം പൂർത്തിയാക്കി മൂന്നാം ഘട്ടത്തിലുള്ള കുറ്റപത്രം എൻ.ഐ.എ സമർപ്പിക്കും. മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ ശ്രമിച്ച കൂടുതൽ പേർ ഈ കേസിൽ പ്രതികളാകാനും സാധ്യതയുണ്ട്.

ALSO READ: കൈവെട്ട് കേസ്; ഒന്നാം പ്രതി സവാദിനെ പ്രൊഫസര്‍ ടിജെ ജോസഫ് തിരിച്ചറിഞ്ഞു

Last Updated : Jan 19, 2024, 4:39 PM IST

ABOUT THE AUTHOR

...view details