കേരളം

kerala

വെംബ്ലി മൈതാനത്ത് സിറ്റി-യുണൈറ്റഡ് ഫൈനല്‍, ഗാലറിയില്‍ കളി കാണാന്‍ വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്‌ക്കും ഒപ്പം ശുഭ്‌മാന്‍ ഗില്ലും

By

Published : Jun 4, 2023, 8:47 AM IST

മാഞ്ചസ്റ്റര്‍ സിറ്റിയുടെയും പ്യൂമയുടെയും പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം എഫ്‌എ കപ്പ് ഫൈനല്‍ മത്സരം കാണാനെത്തിയത്.

virat kohli  anushka sharma  FA Cup Final  Virat Kohli And Anushka Sharma FA Cup Final  MCFC vs MUFC  FA Cup 2023 Final  FA Cup Champions  വിരാട് കോലി  അനുഷ്‌ക ശര്‍മ്മ  മാഞ്ചസ്റ്റര്‍ സിറ്റി  പ്യൂമ  എഫ്എ കപ്പ് ഫൈനല്‍  ശുഭ്‌മാന്‍ ഗില്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
FA CUP FINAL

ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഇരു ടീമും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയായി തന്നെ നടത്തുന്നുണ്ട്.

ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ മുറയ്‌ക്ക് പല സംഘങ്ങളായിട്ടായിരുന്നു ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കെത്തിയത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു ആദ്യം ഇംഗ്ലണ്ടിലെത്തിയത്. പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ ഉള്‍പ്പടെയുള്ളവര്‍ ടീമിനൊപ്പം ചേര്‍ന്നത്.

ഇതിനിടെ, ഇന്നലെ നടന്ന എഫ്‌എ കപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം എത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലും ഉണ്ടായിരുന്നു. പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ എഫ്‌എ കപ്പ് ഫൈനല്‍ മത്സരം കാണാനെത്തിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലായിരുന്നു ഇക്കുറി എഫ്‌എ കപ്പ് ഫൈനല്‍ മത്സരം നടന്നത്. വെംബ്ലി സ്റ്റേഡിയം ആയിരുന്നു കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിക്ക് വേദിയായത്. ആവേശകരമായ മത്സരത്തില്‍ യുണൈറ്റഡിനെ വീഴ്‌ത്തി സിറ്റി കിരീടം ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

എഫ്‌എ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും പ്യൂമയുടെയും പ്രത്യേക ക്ഷണമാണ് വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്‌ക്കും ലഭിച്ചത്. ആഗോള സ്‌പോര്‍സ് ബ്രാന്‍ഡായ പ്യൂമയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. ഇവര്‍ക്കൊപ്പം ഗില്ലും വെംബ്ലിയിലെ ആവേശപ്പോരാട്ടം കാണാനെത്തുകയായിരുന്നു.

ഇവരെ കൂടാതെ മറ്റ് നിരവധി പ്രമുഖരും സിറ്റി-യുണൈറ്റഡ് കലാശപ്പോരാട്ടം കാണാന്‍ വെംബ്ലിയിലെത്തിയിരുന്നു. ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് ബെക്കാം, ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് എന്നിവരായിരുന്നു ഇതിലെ പ്രധാനികള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ യുവരാജ് സിങ് എഫ്‌എ കപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്‌ത സോണി നെറ്റ്‌വര്‍ക്കിന്‍റെ മത്സരത്തിന് മുന്‍പുള്ള പരിപാടിയിലെ അവതാരകരില്‍ ഒരാളായിട്ടായിരുന്നു എത്തിയത്.

അതേസമയം, വെംബ്ലിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്താന്‍ പെപ്‌ ഗാര്‍ഡിയോളയ്‌ക്കും സംഘത്തിനുമായി. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കായി ഇകായ് ഗുണ്ടോഗന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ വകയായിരുന്നു യുണൈറ്റഡിന്‍റെ ഏക ഗോള്‍.

എഫ്‌എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം കിരീട നേട്ടമാണിത്. ഈ സീസണില്‍ ടീമിന്‍റെ രണ്ടാം കിരീടവും. നേരത്തെ 2022-23 സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനും സിറ്റിക്കായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്‌എ കപ്പിലും ടീം മുത്തമിട്ടത്. വരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ജയിക്കാനായാല്‍ ഈ സീസണില്‍ ഹാട്രിക് കിരീടം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാകും. ജൂണ്‍ 11ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്‍റര്‍മിലാനാണ് സിറ്റിയുടെ എതിരാളികള്‍.

Also Read :ഇത് 'രാജകീയം'; മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ യുണൈറ്റഡിനെ തകര്‍ത്ത്, ഏഴാം തവണയും എഫ്‌എ കപ്പില്‍ മുത്തമിട്ട് സിറ്റി

ABOUT THE AUTHOR

...view details