ETV Bharat / sports

ഇത് 'രാജകീയം'; മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ യുണൈറ്റഡിനെ തകര്‍ത്ത്, ഏഴാം തവണയും എഫ്‌എ കപ്പില്‍ മുത്തമിട്ട് സിറ്റി

author img

By

Published : Jun 4, 2023, 7:27 AM IST

ഇകായ് ഗുണ്ടോഗന്‍ നേടിയ രണ്ട് ഗോളുകളാണ് എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം സമ്മാനിച്ചത്.

fa cup  manchester city  manchester united  IIkay Gundogan  Bruno Fernandez  FA Cup Champions 2023  Manchester Derby  മാഞ്ചസ്റ്റര്‍ സിറ്റി  എഫ്എ കപ്പ്  എഫ്എ കപ്പ് 2023  കെവിന്‍ ഡി ബ്രൂയിന്‍  ബ്രൂണോ ഫെര്‍ണാണ്ടസ്
FA CUP

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടത്തിന് പിന്നാലെ എഫ്‌എ കപ്പും സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സിറ്റി ചാമ്പ്യന്‍മാരായയത്. ഇത് ഏഴാം തവണയാണ് സിറ്റി എഫ്‌എ കപ്പില്‍ മുത്തമിടുന്നത്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ ജയം. നായകന്‍ ഇകായ് ഗുണ്ടോഗന്‍റെ ഇരട്ടഗോളുകളാണ് പെപ് ഗാര്‍ഡിയോളയ്‌ക്കും സംഘത്തിനും ജയമൊരുക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ വകയായിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാം കിരീടമാണിത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്‍റര്‍മിലാനെ വീഴ്‌ത്തിയാല്‍ സിറ്റിക്ക് ഹാട്രിക്ക് കിരീടം നേടാം. കിരീട നേട്ടം ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമ്മാനിക്കുന്ന ആത്മവിശ്വാസം തെല്ലും ചെറുതായിരിക്കില്ല.

യുണൈറ്റഡ് ഞെട്ടിയ തുടക്കം: മത്സരത്തിന്‍റെ ആദ്യ വിസില്‍ മുഴങ്ങി 13 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡ് വലയില്‍ പന്തെത്തിക്കാന്‍ സിറ്റിക്കായി. ബോക്‌സിന് പുറത്ത് നിന്നുമുള്ള ഗുണ്ടോഗന്‍റെ ഹാള്‍ഫ് വോളി വലയ്‌ക്കുള്ളിലേക്ക് കയറുന്നത് ഡേവിഡ് ഡി ഗിയയ്‌ക്ക് നോക്കി നില്‍ക്കേണ്ടി വന്നു. ഇതോടെ എഫ്‌എ കപ്പ് ഫൈനല്‍ ചരിത്രത്തിലെ അതിവേഗ ഗോളായും ഇതുമാറി.

നാലാം മിനിറ്റിലും 17-ാം മിനിറ്റിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സിറ്റിക്കായില്ല. എന്നാല്‍ 33-ാം മിനിറ്റില്‍ യുണൈറ്റഡ് സിറ്റിക്കൊപ്പമെത്തി. പെനാല്‍റ്റിയിലൂടെയാണ് ബ്രൂണോ ഫെര്‍ണാണ്ടസ് ചുവന്ന ചെകുത്താന്മാര്‍ക്കായി സമനില ഗോള്‍ കണ്ടെത്തിയത്.

ജാക്ക് ഗ്രീലിഷിന്‍റെ കൈവിരലില്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തില്‍ കോര്‍ണറിലൂടെ ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. ഇതോടെ ഇരു ടീമും സമനില പാലിച്ചാണ് ആദ്യ പകുതിയിലെ കളി അവസാനിപ്പിച്ചത്.

ഗുണ്ടോഗന്‍റെ വിജയഗോള്‍: ഇടവേള കഴിഞ്ഞെത്തിയ രണ്ടാം പകുതിയുടെ തുടക്കത്തിലും ഗുണ്ടോഗന്‍ യുണൈറ്റഡിനെ ഞെട്ടിച്ചു. 51-ാം മിനിറ്റിലാണ് സിറ്റിയുടെ രണ്ടാം ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്‍റെ വലതുവശത്ത് നിന്നും കെവിന്‍ ഡി ബ്രൂയിനെയെടുത്ത ഫ്രീ കിക്കാണ് ഗോള്‍ ആയി മാറിയത്.

ഡി ബ്രൂയിന്‍റെ കിക്ക് ചെന്നത് ബോക്‌സിന് പുറത്തായി ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗുണ്ടോഗന്‍റെ കാലിലേക്കാണ്. ഇടത് കാലുകൊണ്ട് ചെറുതായൊന്ന് പാളിപ്പോയ ഒരു വോളിയിലൂടെ വീണ്ടും ഗുണ്ടോഗന്‍ യുണൈറ്റഡ് വലയില്‍ പന്തെത്തിക്കുകയായിരുന്നു.

പിന്നാലെ, തന്ത്രങ്ങള്‍ മെനഞ്ഞ് സമനലി പിടിക്കാന്‍ യുണൈറ്റഡ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മറുവശത്ത് ലീഡുയര്‍ത്താന്‍ സിറ്റിയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. അവസാന മിനിട്ടുകളില്‍ സിറ്റി ബോക്‌സിലേക്ക് തുടരെ തുടരെ യുണൈറ്റഡ് താരങ്ങള്‍ ഇരച്ചെത്തി ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

പാസിങ്ങിലെയും ഫിനിഷിങ്ങിലെയും പോരായ്‌മകളായിരുന്നു യുണൈറ്റഡിന് തിരിച്ചടിയായത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഉള്‍പ്പടെയുള്ള മുന്നേറ്റ നിര നിറംമങ്ങിയ പ്രകടനമാണ് കാഴ്‌ചവച്ചത്. നേരത്തെ കറബാവോ കപ്പ് നേടിയ യുണൈറ്റഡിന്‍റെ ഈ സീസണിലെ രണ്ടാമത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്.

Also Read : ലീഗ് ഏതുമാകട്ടെ, എതിരാളികൾ ആരുമാകട്ടെ...കിരീടം പെപ് തന്ത്രത്തിന് തന്നെ...ഇത് ആധുനിക ഫുട്‌ബോളിലെ സൂപ്പർ പരിശീലകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.