ബാഡ്‌മിന്‍റണിൽ ഏറ്റവും വേഗമേറിയ ഷോട്ട് കളിച്ച പുരുഷ താരമെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി. അടുത്തിടെ സമാപിച്ച ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ പുരുഷ ഡബിള്‍സില്‍ പങ്കാളി സാത്വിക് സായ്‌രാജിനൊപ്പം കളിക്കാന്‍ ഇറങ്ങിയ താരം കളിച്ച ഒരു ഷോട്ടിന്‍റെ വേഗം മണിക്കൂറില്‍ 565 കിലോ മീറ്ററായിരുന്നു. ഇതോടെ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യന്‍ താരം ടാൻ ബൂൺ ഹിയോങ് സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്.
മണിക്കൂറില്‍ 493 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു മലേഷ്യന്‍ താരം ഷട്ടില്‍ കോക്ക് പായിച്ചത്. ഹൈ-സ്‌പീഡ് ക്യാമറയുടെ സഹായത്തോടെയാണ് ഷോട്ടിന്‍റെ വേഗം കണക്കാക്കിയിരിക്കുന്നത്. ഒരു ഫോർമുല വണ്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതേവരെയുള്ള ഏറ്റവും ഉയര്‍ന്ന വേഗം മണിക്കൂറില്‍ 372.6 കിലോമീറ്ററാണ്.
മലേഷ്യയുടെ ടാൻ പേളിയാണ് ബാഡ്‌മിന്‍റണില്‍ ഏറ്റവും വേഗമേറിയ ഹിറ്റുകൾ നടത്തിയ വനിത താരമെന്ന റെക്കോഡിട്ടിരിക്കുന്നത്. മണിക്കൂറിൽ 438 കിലോമീറ്റർ വേഗത്തില്‍ ഷോട്ട് കളിച്ചാണ് ടാൻ പേളി റെക്കോഡിട്ടത്. ഏപ്രില്‍ 14-ന് നടന്ന മത്സരത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി റെക്കോഡ് പ്രകടനം നടത്തിയത്. ഇതിന്‍റെ ആധികാരികത ഗിന്നസ് അധികൃതര്‍ ഉറപ്പ് വരുത്തിയതായി ജാപ്പനീസ് സ്‌പോർട്‌സ് ഉപകരണ നിർമ്മാണ കമ്പനിയായ യോനെക്‌സ് പ്രസ്‌താവനയില്‍ അറിയിച്ചു.
അതേസമയം ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ വിജയക്കൊടി പാറിച്ചാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജക്കാര്‍ത്തയില്‍ നിന്ന് മടങ്ങിയത്. ഫൈനലില്‍ മലേഷ്യയുടെ ആരോൺ ചിയ-സോ വോയി യിക സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഒരു ഡബിള്‍സ് ജോഡി ചരിത്രത്തില്‍ ഇതാദ്യമായാണ് ബിഡബ്ല്യുഎഫ് സൂപ്പര്‍ 1000 ടൈറ്റില്‍ വിജയിക്കുന്നത്.
ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡല്‍ ജേതാക്കള്‍ കൂടിയായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വിജയം പിടിച്ചത്. ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. രണ്ടാം സെറ്റില്‍ പൊരുതിക്കളിച്ച മലേഷ്യന്‍ താരങ്ങള്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ 21-18 എന്ന സ്‌കോറിന് സെറ്റ് പിടിച്ച സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മത്സരവും തൂക്കി.
ALSO READ: Novak Djokovic| ലേശം അതിരുകടന്നു, ജോക്കോയുടെ ചെവിക്ക് പിടിച്ച് വിംബിൾഡൺ അധികൃതര്‍: കനത്ത പിഴ
ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ കൊറിയയുടെ കാങ് മിൻ ഹ്യൂക്- സിയോ സ്യൂങ് ജേ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഏഴാം സീഡായിരുന്ന സാത്വിക്-ചിരാഗ് സഖ്യം മുന്നേറ്റം ഉറപ്പിച്ചത്. ഇതോടെ ബിഡബ്ല്യുഎഫ് സൂപ്പര്‍ 1000 ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡികളായും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മാറിയിരുന്നു. കനത്ത പോരാട്ടം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.