ETV Bharat / sports

Novak Djokovic| ലേശം അതിരുകടന്നു, ജോക്കോയുടെ ചെവിക്ക് പിടിച്ച് വിംബിൾഡൺ അധികൃതര്‍: കനത്ത പിഴ

author img

By

Published : Jul 18, 2023, 2:56 PM IST

Novak Djokovic  Novak Djokovic Fined For Shattering Racquet  Wimbledon  Wimbledon 2023  വിംബിൾഡൺ  വിംബിൾഡൺ 2023  നൊവാക് ജോക്കോവിച്ച്  Carlos Alcaraz  കാർലോസ് അൽകാരസ്
നൊവാക് ജോക്കോവിച്ച്

വിംബിൾഡൺ ഫൈനലില്‍ സ്‌പെയ്‌നിന്‍റെ കാർലോസ് അൽകാരസിനോടേറ്റ തോല്‍വിക്ക് പിന്നാലെ നൊവാക് ജോക്കോവിച്ചിന് കനത്ത തിരിച്ചടി. റാക്കറ്റ് നെറ്റ് പോസ്റ്റിലിടിച്ച് തകര്‍ത്തതിന് കനത്ത പിഴ.

ലണ്ടന്‍: വിംബിൾഡൺ ഫൈനലില്‍ കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് നിരാശയായിരുന്നു ഫലം. വാശിയേറിയ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ സ്‌പെയ്‌നിന്‍റെ കാർലോസ് അൽകാരസായിരുന്നു നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ അഞ്ച് സെറ്റ് ത്രില്ലറില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് 20-കാരനായ കാർലോസ് അൽകാരസ് 36-കാരനായ ജോക്കോയെ വീഴ്‌ത്തിയത്.

അല്‍കാരസിനെ നിഷ്‌പ്രഭനാക്കി ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ജോക്കോയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച് അല്‍കാരസ് തിരികെ വന്നു. തുടര്‍ന്ന് നാലാം സെറ്റ് ജോക്കോ നേടിയതോടെയാണ് മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടത്. അഞ്ചാം സെറ്റ് പുരോഗമിക്കുന്നതിനിടെ ജോക്കോവിച്ചിന് പലതവണ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

ഇതിന്‍റെ പാരമ്യത്തില്‍ തന്‍റെ റാക്കറ്റ് നെറ്റ് പോസ്റ്റിലിടിച്ച് തകര്‍ത്തതിന് അമ്പയറുടെ കനത്ത താക്കീതും താരം ഏറ്റുവാങ്ങി. സെന്‍റര്‍ കോര്‍ട്ടിലെ ഈ അതിരുകടന്ന പ്രവര്‍ത്തിക്ക് കനത്ത നൊവാക് ജോക്കോവിച്ചിന് കനത്ത പിഴ ചുമത്തിയിരിക്കുകയാണ് സംഘാടകര്‍. 8000 യുഎസ്‌ ഡോളറാണ് സെര്‍ബിയന്‍ താരത്തിന് സംഘാടകര്‍ പിഴയിട്ടിരിക്കുന്നത്. ഈ തുക 2023-ലെ 'റെക്കോഡ്' ആണെന്നാണ് റിപ്പോർട്ട്.

അതേസമയം അല്‍കാരസ് വിജയം അര്‍ഹിച്ചിരുന്നതായാണ് മത്സരത്തിന് ശേഷം ജോക്കോവിച്ച് പ്രതികരിച്ചത്. മികച്ച രീതിയില്‍ പോരാടിയതിനും അവിശ്വസനീയമായ പ്രതിരോധത്തിനും മികച്ച ഷോട്ടുകള്‍ കളിച്ചതിനും സ്‌പാനിഷ് താരം അഭിനന്ദനം അര്‍ഹിക്കുന്നതായും ജോക്കോ പറഞ്ഞു. റാഫേൽ നദാലിന്‍റെയും റോജർ ഫെഡററുടെയും തന്‍റേയും ചില ഘടകങ്ങൾ അല്‍കാരസില്‍ ഉള്‍ക്കൊള്ളുന്നതായും ജോക്കോ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു.

"റോജറിന്‍റെയും റാഫയുടെയും എന്‍റെയും ചില ഘടകങ്ങൾ ഉൾക്കൊള്ളുന്ന അവന്‍റെ ഗെയിമിനെക്കുറിച്ച് ആളുകൾ കഴിഞ്ഞ 12 മാസത്തോളമായി സംസാരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ അതിനോട് യോജിക്കും. അടിസ്ഥാനപരമായി മൂന്ന് പേരില്‍ നിന്നും ഏറ്റവും മികച്ചത് അവന് ലഭിച്ചുവെന്നാണ് ഞാൻ കരുതുന്നത്"- നൊവാക് ജോക്കോവിച്ച് പറഞ്ഞു.

അതേസമയം വിംബിള്‍ഡണില്‍ 10 വര്‍ഷത്തിന് ശേഷമാണ് നൊവാക് ജോക്കോവിച്ച് തോല്‍വി വഴങ്ങുന്നത്. 2013-ലെ ഫൈനലിലായിരുന്നു ജോക്കോ ഇതിന് മുന്നെ സെന്‍റര്‍ കോര്‍ട്ടില്‍ പാരാജയപ്പെടുന്നത്. അന്ന് ആൻഡി മുറെയായിരുന്നു ജോക്കോയെ തോല്‍പ്പിച്ചത്. പിന്നീട് 2017-ല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്‍റെ രണ്ടാം സെറ്റില്‍ നിന്നും പിന്മാറേണ്ടി വന്നതാണ് അന്നത്തെ കിരീട പ്രതീക്ഷ അവസാനിപ്പിച്ചത്.

നിലവില്‍ ഏഴ്‌ വിംബിള്‍ഡണ്‍ കിരീടങ്ങളാണ് ജോക്കോവിച്ചിന്‍റെ അക്കൗണ്ടിലുള്ളത്. ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന പുരുഷ താരമെന്ന റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്താന്‍ 36-കാരനായ ജോക്കോയ്‌ക്ക് കഴിയുമായിരുന്നു.

കൂടാതെ ഓപ്പണ്‍ യുഗത്തിൽ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം നേടിയ താരമായും ജോക്കോവിച്ചിന് മാറാന്‍ സാധിക്കുമായിരുന്നു. 23- കിരീടങ്ങളുള്ള അമേരിക്കയുടെ സെറിന വില്യംസിനെയായിരുന്നു ജോക്കോ പിന്നിലാക്കേണ്ടിയിരുന്നത്. അതേസമയം അല്‍കാരസിന്‍റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം വിജയമാണിത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണാണ് താരത്തിന്‍റെ കന്നി ഗ്രാൻഡ് സ്ലാം.

ALSO READ: WTA Rankings | പുല്‍ക്കോര്‍ട്ടിലെ സ്വപ്‌ന നേട്ടം, റാങ്കിങ്ങിലും മര്‍ക്കേറ്റ വോണ്‍ഡ്രോസോവയുടെ കുതിപ്പ്


ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.