കേരളം

kerala

ഖത്തര്‍ ലോകകപ്പ്: മെസിപ്പട ഇന്നിറങ്ങുന്നു; എതിരാളികള്‍ സൗദി അറേബ്യ

By

Published : Nov 22, 2022, 11:32 AM IST

മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും ലൗട്ടാരോ മാര്‍ട്ടിനസും അണിനിരക്കുന്ന അര്‍ജന്‍റൈന്‍ ആക്രമണ നിരയ്‌ക്ക് പ്രതിരോധപ്പൂട്ടിടാനാവും ഗ്രീന്‍ ഫാല്‍ക്കണ്‍സിന്‍റെ ശ്രമം.

fifa world cup 2022  Qatar world cup  argentina vs saudi arabia prediction  where to watch argentina vs saudi arabia  ലയണല്‍ മെസി  lionel messi  അര്‍ജന്‍റീന vs സൗദി അറേബ്യ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  എയ്ഞ്ചൽ ഡി മരിയ  Angel de Maria
ഖത്തര്‍ ലോകകപ്പ്: ലോകകിരീടം തേടി മെസിപ്പട ഇന്നിറങ്ങുന്നു; എതിരാളികള്‍ സൗദി അറേബ്യ

ദോഹ: ഖത്തറില്‍ ലോകകിരീടം തേടി ലയണൽ മെസിയുടെ അര്‍ജന്‍റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഏഷ്യൻ കരുത്തരായ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്‌ക്ക് മൂന്നരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക.

ഫിഫ റാങ്കിങ്ങില്‍ അർജന്‍റീന മൂന്നാമതുള്ളപ്പോള്‍ 51ാം സ്ഥാനത്താണ് സൗദി. നേരത്തെ ഇരു സംഘവും നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം രണ്ട് തവണ അര്‍ജന്‍റീനയ്‌ക്കൊപ്പം നിന്നു. രണ്ട് കളികള്‍ സമനിലയിൽ അവസാനിക്കുകയായിരുന്നു.

36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തുന്ന മെസിപ്പടയ്‌ക്കെതിരെ അട്ടിമറി മാത്രമാവും സൗദി ലക്ഷ്യം വയ്‌ക്കുക. 2019ലെ കോപ്പ അമേരിക്കയുടെ സെമിയില്‍ ബ്രസീലിനോടായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി. തുടര്‍ന്ന് വമ്പന്മാരായ ബ്രസീല്‍, ഇറ്റലി, ഉറുഗ്വെ, ചിലി എന്നിങ്ങനെ പലരേയും തോല്‍പ്പിച്ചാണ് ലയണല്‍ സ്കലോണിയുടെ സംഘം ഖത്തറിലെത്തുന്നത്.

തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളും ജയിച്ച നീലപ്പട 16 ഗോളുകൾ നേടുകയും ചെയ്‌തിട്ടുണ്ട്. അതേസമയം പരിക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ തള്ളിയിരുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അറിയിച്ച താരം ഇതു തന്‍റെ അവസാന ലോകകപ്പ് ആയേക്കാമെന്നും സൂചന നല്‍കുകയും ചെയ്‌തു.

പതിവ് താരങ്ങളിലോ ഫോർമാറ്റിലോ മാറ്റം വരുത്തില്ലെന്ന് പരിശീലകൻ സ്‌കലോണിയും വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ ജിയോവനി ലോ സെൽസോയ്ക്ക് പകരം അലസാന്ദ്രോ ഗോമസോ, മെക് അലിസ്റ്ററോ ടീമിലെത്തുമെന്നും അര്‍ജന്‍റൈന്‍ കോച്ച് അറിയിച്ചു. മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും ലൗട്ടാരോ മാര്‍ട്ടിനസും അണിനിരക്കുന്ന അര്‍ജന്‍റൈന്‍ ആക്രമണ നിരയ്‌ക്ക് പ്രതിരോധപ്പൂട്ടിടാനാവും ഗ്രീന്‍ ഫാല്‍ക്കണ്‍സിന്‍റെ ശ്രമം.

അബ്ദുല്ല അൽ അമ്രിയെയും യാസർ അൽ ഷഹ്‌റാനിയെയും ആയിരിക്കും ഇതിനായി സൗദി കൂടുതല്‍ ആശ്രയിക്കുക. ഫിറാസ് അൽ ബുറൈകാന്‍റെ ബൂട്ടുകളിലാണ് ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ നിക്കോളസ് ഓട്ടമെന്‍ഡി, മാര്‍ക്കോസ് അക്യൂന, നെഹുവേല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ പ്രതിരോധക്കോട്ട മറികടക്കുക പ്രയാസമാവും.

ലോകകപ്പ് ഫേവറേറ്റുകളുടെ പട്ടികയില്‍ മിന്നുലുള്ള ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്കെതിരെ സമനില നേടാനായാല്‍ പോലും സൗദിയെ സംബന്ധിച്ച് ഓര്‍ത്തുവയ്‌ക്കാനാവുന്ന നേട്ടമാവുമത്. ആളാരാവങ്ങളാല്‍ ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞു കവിയുമെന്നുറപ്പ്.

എവിടെ കാണാം: അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം ഇന്ത്യയിലെ സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോ സിനിമ ആപ്പിലും തത്സമയ സ്‌ട്രീമിങ്ങുണ്ട്.

ഇന്ന് മൂന്ന് മത്സരങ്ങള്‍:അര്‍ജന്‍റീന vs സൗദി അറേബ്യ മത്സരത്തെക്കൂടാതെ ഡെന്മാര്‍ക്ക് vs ടൂണീഷ്യ (6.30 PM), മെക്‌സിക്കോ vs പോളണ്ട് (9.30) മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details