കേരളം

kerala

'ഓറഞ്ചിന് ഇരട്ടിമധുരം';ഖത്തര്‍ ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

By

Published : Nov 22, 2022, 7:32 AM IST

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ ഡച്ച് പടയോട് തോല്‍വി വഴങ്ങിയത്. ഗ്യാപ്‌കോയും ക്ലാസനുമാണ് ഓറഞ്ച് പടയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

qatar world cup  qatar world cup 2022  netherlands vs senagal  നെതര്‍ലന്‍ഡ്‌സ്  സെനഗല്‍  ഡച്ച് പട  ലോകകപ്പ് ഫുട്‌ബോള്‍  ഖത്തര്‍ ലോകകപ്പ്
'ഓറഞ്ചിന് ഇരട്ടിമധുരം';ഖത്തര്‍ ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

ദോഹ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരെ തകര്‍ത്ത് തേരോട്ടം തുടങ്ങി ഡച്ച് പട. അവസാന മിനിട്ടുകളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ വീഴ്‌ത്തിയത്. ഗ്യാപ്‌കോയും ക്ലാസനുമാണ് ഓറഞ്ച് പടയ്‌ക്കായി വല കുലുക്കിയത്.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. സെനഗല്‍ യൂറോപ്യന്‍ കരുത്തന്മാര്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പോരാട്ടവീര്യമാണ് കാഴ്‌ചവെച്ചത്. പന്തടക്കത്തില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിട്ട് നിന്നെങ്കിലും മികച്ച ആക്രമണങ്ങള്‍ പിറന്നത് സെനഗലിന്‍റെ ഭാഗത്ത് നിന്നായിരുന്നു.

വിങ്ങുകളിലൂടെയും മൈതാനത്തിന് മധ്യത്തിലൂടെയും മുന്നേറ്റങ്ങള്‍ പിറന്നു. അരമണിക്കൂര്‍ പിന്നിട്ടതിന് ശേഷം ഡച്ച് പടയും സെനഗല്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. എന്നാലും ലഭിച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങള്‍ പിറന്നു. ഇസ്‌മാലിയ സാര്‍നെ കേന്ദ്രീകരിച്ചായിരുന്നു സെനഗലിന്‍റെ മുന്നേറ്റങ്ങള്‍. ഡച്ച് പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ചെങ്കിലും ആഫ്രിക്കന്‍ ചാമ്പ്യന്മാരുടെ മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടിരുന്നില്ല.

മത്സരത്തിന്‍റെ 84ാം മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് ആദ്യ ഗോള്‍ നേടി. സെനഗല്‍ ബോക്‌സിലേക്ക് ഡി ജോങ് ഉയര്‍ത്തി നല്‍കിയ പന്ത് കോടി ഗ്യാപ്‌കോ ഹെഡര്‍ ചെയ്‌ത് വലയിലെത്തിച്ചു. സമനില ഗോളിനായി സെനഗല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇഞ്ചുറി ടൈമിന്‍റെ 9ാം മിനിട്ടിലായിരുന്നു ഓറഞ്ച് പടയുടെ രാണ്ടാം ഗോള്‍. പകരക്കാരനായിറങ്ങിയ ക്ലാസനായിരുന്നു ഗോള്‍ സ്‌കോറര്‍. മെന്‍ഡി തടുത്തിട്ട ഡീപെയുടെ ഷോട്ട് റീബൗണ്ട് ലഭിച്ച ക്ലാസന്‍ അനായാസം വലയിലേക്ക് എത്തിക്കുകയായിരുന്നു.

Also Read:ഖത്തറില്‍ 'ആറാടി' ഇംഗ്ലീഷ്‌ പട; ഇറാനെതിരെ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് ഇംഗ്ലണ്ട്

ABOUT THE AUTHOR

...view details